2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഫോക്കസ് എരിയ ചോദ്യം ചെയ്ത അദ്ധ്യാപകരെ വിരട്ടി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും

 എസ്‌എസ്‌എല്‍സി പ്ലസ് ടു ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറച്ചതില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്.നോണ്‍ ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ക്ക് ചോയ്‌സ് കുറച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ വിഷയത്തിലെ തുറന്ന അഭിപ്രായ പ്രകടനത്തിന് പയ്യന്നൂരിലെ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകന്‍ പി. പ്രേമചന്ദ്രന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ സജീവപ്രവര്‍ത്തകനായ അദ്ധ്യാപകനാണ് പ്രേമചന്ദ്രന്‍ എന്നതൊന്നും നോട്ടീസ് അയയ്ക്കാതിരിക്കാന്‍ കാരണമായില്ല. വിദ്യാഭ്യാസ വകുപ്പും, വിദ്യാഭ്യാസ മന്ത്രിയും നല്ല കലിപ്പിലാണെന്ന് ചുരുക്കം.

1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്നാണ് പ്രേമചന്ദ്രന് ലഭിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. നോട്ടീസ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ നേരിട്ട് പ്രേമചന്ദ്രനെ ഏല്‍പ്പിച്ചു എന്ന് പറയുമ്ബോള്‍ കലിപ്പ് കുറച്ചൊന്നുമല്ല എന്ന് കാണാം.

ഇങ്ങോട്ട് ഒന്നും പറയേണ്ട...പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി...അല്ലെങ്കില്‍ അദ്ധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി, അഭിപ്രായം പറയേണ്ട എന്നൊരു ലൈനാണ് വിദ്യാഭ്യാസ വകുപ്പിന്. വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയുടെ ചൂടറിയാന്‍ അടുത്തിടെ നടത്തിയ വാര്‍ത്താ സമ്മേളനം മാത്രം നോക്കിയാല്‍ മതി. 'അദ്ധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വഹിക്കേണ്ട' മന്ത്രി വിമര്‍ശിച്ചു. എ പ്ലസ് നേടുക എന്നത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

ഫോക്കസ് ഏരിയെ മാത്രം പഠിച്ചാല്‍ എ പ്ലസ് കിട്ടില്ല

ഫോക്കസ് ഏരിയമാത്രം പഠിച്ചാല്‍ എ പ്ലസ് ലഭിക്കില്ല. ഹയര്‍സെക്കന്‍ഡറിക്കും സമാനചോദ്യഘടനയാണ് നിശ്ചയിച്ചിട്ടുള്ളത്. 80 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 56 മാര്‍ക്കാണ് ഫോക്കസ് ഏരിയയില്‍നിന്ന് വരുക. 24 മാര്‍ക്ക് പുറത്തുനിന്നായിരിക്കും. 40 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 28 മാര്‍ക്ക് ഫോക്കസ് ഏരിയയില്‍ നിന്നും 12 മാര്‍ക്ക് അതിനുപുറത്തുനിന്നുമായിരിക്കും. ശരിയായരീതിയില്‍ ഒരിടത്തും ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഫോക്കസ് ഏരിയയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആകെയുള്ള പാഠഭാഗത്തിന്റെ 60 ശതമാനമാണ് നേരത്തേ ഫോക്കസ് ഏരിയ. ഇതില്‍നിന്ന് എഴുപതുശതമാനം ചോദ്യങ്ങള്‍ മാത്രമേ ചോദിക്കുകയുള്ളു. ഇക്കുറി എ, എ പ്ലസ് ഗ്രേഡുകള്‍ ലഭിക്കണമെങ്കില്‍ 24 മാര്‍ക്ക് ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് നേടേണ്ടിവരും.

 2022 മാര്‍ച്ചില്‍ നടക്കേണ്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ ചോദ്യഘടനയെക്കുറിച്ച്‌ കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും ഉത്കണ്ഠ ഉളവാക്കുംവിധം എഴുതുകയും അവരെ സര്‍ക്കാരിനെതിരായി തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അത് തെളിയിക്കപ്പെട്ടിക്കുന്നും എന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇതിന്റെ പേരിലുള്ള അച്ചടക്ക നടപടിക്ക് അദ്ധ്യാപകന്‍ യോഗ്യനാണെന്നും പറയുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കായുള്ള ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും സംഭവിച്ചിട്ടുള്ള പാകപ്പിഴ, പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് വലിയതോതില്‍ ഗ്രേഡ് നഷ്ടപ്പെടുത്തുമെന്നും അത് സിബിഎസ്‌ഇയെ സഹായിക്കുന്ന നടപടിയാണെന്നുമുള്ള അഭിപ്രായപ്രകടനമാണ് പ്രേമചന്ദ്രനെതിരായ പ്രതികാര നടപടിക്കിടയാക്കിയത്.

കോവിഡ് പശ്ചാത്തലത്തില്‍ അദ്ധ്യയന ദിവസങ്ങള്‍ ചുരുങ്ങിയ പശ്ചാത്തലത്തില്‍ ഫോക്കസ് ഏരിയ എന്ന സങ്കല്‍പം തന്നെ അട്ടിമറിക്കുന്നതാണ് ചോദ്യഘടന എന്ന് പ്രേമചന്ദ്രന്‍ ആരോപിക്കുന്നു. പുതിയ ചോദ്യപേപ്പര്‍ പ്രകാരം നന്നായി പഠിച്ച ഒരു കുട്ടിക്കും പരമാവധി ലഭിക്കുക 80ല്‍ 56 മാര്‍ക്ക് മാത്രമാണെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ഫോക്കസ് ഏരിയയുടെ വ്യാപ്തി 40 ശതമാനത്തില്‍നിന്ന് 60 ശതമാനമാക്കി കൂട്ടിയും ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ എന്നിങ്ങനെ ചോദ്യങ്ങളെ തിരിച്ചുകൊണ്ടും ചോദ്യപേപ്പറില്‍ അട്ടിമറി നടത്തി. ഇതുപ്രകാരം എത്ര പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും പരമാവധി ലഭിക്കുക ബി ഗ്രേഡ് മാത്രമായിരിക്കും. കുട്ടികള്‍ക്ക് ഫോക്കസ് ഏരിയയില്‍ ഓപ്ഷന്‍ കൊടുക്കുകയും ലോ ഫോക്കസ് ഏരിയയില്‍ ഓപ്ഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.മുന്‍ വര്‍ഷങ്ങളില്‍ കേരള സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന ഗ്രേഡ് അട്ടിമറിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നാണ് പ്രേമചന്ദ്രന്‍ ഉന്നയിക്കുന്ന ആരോപണം. സി.ബി.എസ്.ഇയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന സ്‌കോറിന് തടയിടാനുള്ള സിബിഎസ്‌ഇ വിദ്യാഭ്യാസ ലോബിയുടെ നീക്കമായാണ് ഇതിനെ അദ്ദേഹം കാണുന്നത്.

പ്രേമചന്ദ്രന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

അദ്ധ്യാപകരുടെ വായ് മൂടി കെട്ടാനുള്ള നീക്കത്തിനെതിരെ അദ്ധ്യാപക സമൂഹത്തില്‍ വ്യാപക പ്രതിഷേധമുണ്ട്. അക്കാദമിക് കാര്യങ്ങളില്‍ അദ്ധ്യാപകര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് അഭിപ്രായം പറയുക എന്ന് അദ്ധ്യാപകര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇടതുസഹയാത്രികരുടെ പോസ്റ്റും ഇക്കാര്യത്തിലെ തുറന്ന അഭിപ്രായ പ്രകടനങ്ങളാണ്.

അദ്ധ്യാപികയും, എഴുത്തുകാരിയുമായ എസ്.ശാരദക്കുട്ടിയുടെ പോസ്റ്റ്:

''വിദ്യാര്‍ത്ഥികളുടെ പക്ഷത്തു നിന്നുകൊണ്ടു ചിന്തിച്ച ഒരധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസയച്ചിരിക്കുന്നു പൊതു വിദ്യാഭ്യാസവകുപ്പ് . അതും ഇടതുപക്ഷ സര്‍ക്കാര്‍ ഭരണനേതൃത്വം വഹിക്കുന്ന കാലയളവില്‍ . P. പ്രേമചന്ദ്രന്‍ എഴുതിയ ലേഖനം വായിച്ച ആര്‍ക്കും ആ അദ്ധ്യാപകനെ അതിലേക്കു നയിച്ച ഉത്കണ്ഠയെ ചോദ്യം ചെയ്യാനാവില്ല. രോഗകാലത്തെ പരിമിതമായിരുന്ന അദ്ധ്യാപന - അധ്യയന സാഹചര്യങ്ങളെ നേരിടാനും കുട്ടികളുടെ മാനസിക പിരിമുറുക്കം പരമാവധി കുറയ്ക്കാനുമായി രൂപകല്‍പന ചെയ്ത ഒരു സംവിധാനത്തെ തകിടം മറിച്ച്‌കൊണ്ട് വന്ന ചോദ്യമാതൃകകളെയാണ് , അതിന്റെ പിന്നിലെ സംശയങ്ങളെയാണ് അദ്ധ്യാപകന്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്. രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരുമുള്‍പ്പെടെ പരക്കെ സ്വാഗതം ചെയ്ത ഒരു ലേഖനമായിരുന്നു അത്.എന്നും ഇടതുപക്ഷ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഈ അദ്ധ്യാപകന്‍ എന്തായാലും സര്‍ക്കാരിന്റെയോ പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെയോ ഭദ്രത തകര്‍ക്കാനാവില്ല ഇത് ചെയ്തത്. തിരുത്തലുകള്‍ ഉണ്ടാകേണ്ടയിടങ്ങളില്‍ അതുണ്ടാകുവാന്‍ ഏതറ്റം വരെയും പൊരുതണമെന്ന് ഞങ്ങളെയൊക്കെ പരിശീലിപ്പിച്ചത് ഇടതുപക്ഷ അദ്ധ്യാപക പ്രസ്ഥാനങ്ങള്‍ തന്നെയാണ്. ' മിണ്ടരുത്, പണിയെടുത്താല്‍ മതി ' എന്ന് ഏതു മുഖത്തു നിന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക ? അതിനെ ചെറുക്കാനല്ലേ നിരന്തര സമരങ്ങള്‍ക്ക് നമ്മള്‍ ഇടതുപക്ഷത്തുറച്ചു നിന്ന് ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത് ?ഈ ഫാസിസം കൊള്ളാം , ആ ഫാസിസം മ്ലേച്ഛം എന്നെങ്ങനെ നിന്നനില്‍പ്പില്‍ തകിടംമറിയും ?ഒരു ഫാസിസത്തിനെതിരെയല്ല, എല്ലാത്തരം ഫാസിസങ്ങള്‍ക്കും എതിരെയാണ് ചിന്താശക്തിയുള്ളവര്‍ സമരം ചെയ്യുന്നത്. അന്നാ അഖ്മത്തോവയും മറിന സ്വെറ്റേവയും ഒരു സ്റ്റാലിന് എതിരെയാണ് കവിത എഴുതിയതെങ്കിലും അത് എല്ലാക്കാലത്തെയും എല്ലാ സ്റ്റാലിന്മാര്‍ക്കും എതിരെ ആകുന്നുണ്ട്.പ്രേമചന്ദ്രന്‍ മാഷിനെതിരെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലുണ്ടായിക്കൂടാ . ആ ലേഖനം വിദ്യാഭ്യാസമന്ത്രി മനസ്സിരുത്തി വായിക്കണം. അതിന്റെ കാതല്‍ എന്തെന്നുള്‍ക്കൊള്ളണം. പരിചയസമ്ബന്നരായ അദ്ധ്യാപകരെ വിശ്വസിക്കണം. അവരുടെ സദുദ്ദേശങ്ങളെ മാനിക്കണം. അതിനെ അംഗീകരിക്കണം.അതാണ് അന്തസ്സ്''.

ശ്രീചിത്രന്‍ എംജെയുടെ പോസ്റ്റ്:

"വാഴ്‌ത്തല്ല, വസ്തുനിഷ്ഠവിമര്‍ശനമാണ് ഇടതുപക്ഷത്തിന്റെ ബലം. പ്രേമചന്ദ്രന്‍ മാഷ് ട്രൂ കോപ്പിയിലെഴുതിയത് വായിച്ചവര്‍ക്കറിയാം, അത് വസ്തുനിഷ്ഠ വിമര്‍ശനമാണ്. വസ്തുനിഷ്ഠ വിമര്‍ശനത്തിനെതിരെ വസ്തുനിഷ്ഠമായി പ്രതികരിക്കാം. വ്യക്തിയെ നടപടിയെടുക്കുമെന്ന സമ്മര്‍ദ്ദത്തിലും ഭീഷണിയിലും വിമര്‍ശനത്തെ നേരിടുക എന്നത് ഇടതുപക്ഷ രീതിയല്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വിമര്‍ശനത്തെ വിദ്യാഭ്യാസവകുപ്പ് നടപടി ഭീഷണി കൊണ്ട് നേരിടുന്നതിനൊപ്പം നില്‍ക്കാനാവില്ല. ഇക്കാര്യത്തില്‍ നിരുപാധികം പ്രേമചന്ദ്രന്‍ മാഷിനൊപ്പമാണ്.കോവിഡ് കാലത്തിലെ ഗത്യന്തരമില്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത ഫോക്കസ് കേരളയുടെ ചോദ്യമാതൃകയിലെ പ്രശ്‌നങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് പ്രസ്തുതലേഖനം ചെയ്യുന്നത്. അത് നവ മാധ്യമങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത്? ആശയവ്യക്തത വരുത്തണം എന്ന ആവശ്യം ആശയക്കുഴപ്പമുണ്ടാക്കും എന്ന ആരോപണം ആശയപരമായി നേരിടാനാവില്ല എന്ന ഭീരുത്വമായി മാത്രമേ മനസ്സിലാക്കാനാവൂ.ഞാന്‍ മനസ്സിലാക്കിയിടത്തോളം ലേഖകന്‍ ഇടതു വിരുദ്ധനല്ല. നിര്‍മ്മാണാത്മകമായ വിമര്‍ശനങ്ങള്‍ നടത്തുന്നവരെല്ലാം ഇടതു വിരുദ്ധരും എന്തു കണ്ടാലും സ്തുതിഗീതമെഴുതി കൈകൊട്ടിക്കളി നടത്തുന്നവര്‍ ഇടതു ചിന്തകരുമായാല്‍ ഇടതുപക്ഷം വലതുപക്ഷമാവുന്നു എന്നാണര്‍ത്ഥം.നാവടക്കൂ പണിയെടുക്കൂ എന്ന് പറയാനല്ല, നാവു തോല്‍ക്കില്ല എന്നുറപ്പിക്കാനാണ് ഇടതുഭരണകൂടം ശ്രമിക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പ് പ്രേമചന്ദ്രന്‍ മാഷ് എഴുതിയ ലേഖനം വായിച്ചോ എന്നു തന്നെ എനിക്ക് സംശയമാണ്."

0 comments: