2025 മേയ് 30, വെള്ളിയാഴ്‌ച

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് 10000/- രൂപ കിട്ടും - Vidyadhan Scholarship 2025- How to Apply





കേരളത്തിലെ പത്താം ക്ലാസ് പാസായ സ്കൂൾ വിദ്യാർത്ഥികൾക്കായി സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നടത്തുന്ന ഒരു സംരംഭമാണ് വിദ്യാധൻ പ്ലസ് 1 സ്കോളർഷിപ്പ് പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം പരമാവധി 10,000 രൂപ ലഭിക്കും.

1999 ൽ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി. ഷിബുലാലും കുമാരി ഷിബുലാലും ചേർന്നാണ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സ്ഥാപിച്ചത്. സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സംഭാവന നൽകുന്നതിലൂടെ അവരുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. 

യോഗ്യത

  • കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കണം 
  • 11 അല്ലെങ്കിൽ 12 ക്ലാസുകളിൽ പഠിക്കുന്നവര്‍ 
  • 2025-ൽ കേരളത്തിൽ നിന്ന് SSLC/CBSE പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയിരിക്കണം 
  • അവസാന പരീക്ഷയിൽ ഫുൾ A+ അല്ലെങ്കിൽ A1 ഗ്രേഡ് നേടിയിരിക്കണം 
  • എല്ലാ സ്രോതസ്സുകളിൽ നിന്നും 2 ലക്ഷത്തിൽ കൂടാത്ത കുടുംബ വാർഷിക വരുമാനം ഉണ്ടായിരിക്കണം     

കുറിപ്പ്:- ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള കട്ട്-ഓഫ് മാർക്ക് ഫുൾ A ഗ്രേഡാണ്.


ആനുകൂല്യങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം പരമാവധി 10,000 രൂപ ലഭിക്കും.

ആവശ്യമുള്ള രേഖകൾ

  • വിദ്യാർത്ഥിയുടെ ഫോട്ടോ 
  • പത്താം ക്ലാസ് മാർക്ക് ഷീറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ് 
  • വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ് (റേഷൻ കാർഡുകൾ സ്വീകരിക്കില്ല) 

കുറിപ്പ്:- യഥാർത്ഥ മാർക്ക് ഷീറ്റ് ലഭ്യമല്ലെങ്കിൽ, SSLC/CBSE/ICSE വെബ്സൈറ്റിൽ നിന്ന് ഒരു താൽക്കാലിക/ഓൺലൈൻ മാർക്ക് ഷീറ്റ് അപ്‌ലോഡ് ചെയ്യാവുന്നതാണ്.

സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്ന രീതി 

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ (SDF) അക്കാദമിക് മെറിറ്റും അപേക്ഷാ വിശദാംശങ്ങളും അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ ഒരു ചെറിയ ഓൺലൈൻ പരീക്ഷ/അഭിമുഖത്തിനായി ക്ഷണിക്കും.

വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ് വഴി നേരിട്ട് സൗജന്യമായി അപേക്ഷിക്കാം.


For more details:-

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു:-





എങ്ങനെ അപേക്ഷിക്കാം? 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാം:- 

ഘട്ടം 1: മേൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദ്യാധനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.

ശേഷം വെബ്സൈറ്റിൽ 'Apply for Scholarships' എന്ന ബാനറിന് കീഴെ വിദ്യാധൻ സ്കോളർഷിപ്പിന് ചുവടെയുള്ള 'Apply' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഘട്ടം 2: അപേക്ഷ നിർദ്ദേശങ്ങൾ വായിച്ചതിനുശേഷം പേജിന്റെ താഴെയുള്ള 'Apply now' എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക. 







'രജിസ്റ്റർ' ചെയ്യുന്നതിനായി നിങ്ങളുടെ മുഴുവൻ പേര്, ഇമെയിൽ ഐഡി, ഇവ ആവശ്യമാണ്. പാസ്സ്‌വേർഡ് നിർമ്മിച്ച്
ആവശ്യമായ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകുക. (ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, Gmail/മൊബൈൽ നമ്പർ/ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക) 


ഘട്ടം 3: അപേക്ഷ ആരംഭിക്കാൻ 'രജിസ്റ്റർ' എന്നതിൽ ക്ലിക്ക് ചെയ്യുക. 





ഘട്ടം 4: വിദ്യാധൻ അയച്ച ഇമെയിൽ വഴി രജിസ്ട്രേഷൻ സ്ഥിരീകരിക്കുക. ഇമെയിൽ വഴി വന്നിരിക്കുന്ന ആക്ടിവേഷൻ ലിങ്ക് ക്ലിക്ക് ചെയ്തു വിദ്യാധൻ ലോഗിൻ പേജ് തുറക്കുക.

ഘട്ടം 5: രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 

ഘട്ടം 6: പൂർണ്ണമായ അപേക്ഷാ നിർദ്ദേശങ്ങൾക്കായി വിദ്യാധൻ അക്കൗണ്ടിൽ നിന്നുള്ള 'Help' ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 7: പുതിയ അപേക്ഷ സൃഷ്ടിക്കാൻ 'Apply now' ബട്ടണിൽ ക്ലിക്ക് ചെയ്യുക



ആപ്ലിക്കേഷനിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 'Edit application' എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്

ഘട്ടം 8: ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുക. 




നിരന്തര അപ്ഡേറ്റുകൾക്കും ആശയവിനിമയത്തിനുമായി നിങ്ങളുടെ ഇമെയിൽ പതിവായി സന്ദർശിക്കുക

കുറിപ്പ്:- അപേക്ഷകർ അവരുടെ അപേക്ഷ പൂർണ്ണമായി കണക്കാക്കുന്നതിന് എല്ലാ നിർബന്ധിത രേഖകളും ഒരു ഫോട്ടോയും അപ്‌ലോഡ് ചെയ്തിരിക്കണം.

പ്രധാന തീയതികൾ

അപേക്ഷിക്കേണ്ട അവസാന തീയതി: 22 ജൂൺ 2025

സ്ക്രീനിംഗ് ടെസ്റ്റ്: 20 ജൂലൈ 2025

അഭിമുഖം/പരീക്ഷ തീയതി: 9 ഓഗസ്റ്റ് - 14 സെപ്റ്റംബർ 2025 (താത്കാലിക ഡേറ്റ്)


ബന്ധപ്പെടാനുള്ള വിവരങ്ങൾ


സരോജിനി ദാമോദരൻ ഫൗണ്ടേഷൻ 
678, 11-ാം മെയിൻ റോഡ്, 4-ാം ടി ബ്ലോക്ക് ഈസ്റ്റ്, 4-ാം ബ്ലോക്ക്, ജയനഗർ, 
ബെംഗളൂരു, കർണാടക - 560041 

ഇമെയിൽ ഐഡി: vidyadhan.kerala@sdfoundationindia.com 

ഫോൺ നമ്പർ: (+91) 8068333500



2024 ജൂൺ 22, ശനിയാഴ്‌ച

നീറ്റ് വിവാദം: നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

 

                                             


           

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. 14 ഹർജികളാണ് വ്യാഴാഴ്ച്ച സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. ഇതിൽ വ്യക്തികത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.


കത്തിക്കരിഞ്ഞ ചോദ്യക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി 

നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്നയിലെ വസതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇദ്ദേഹം ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ചോദ്യപ്പേപ്പർ നൽകാമെന്നു വാഗ്ദാനംചെയ്ത് നാലു ഉദ്യോഗാർഥികളിൽ നിന്നായി 32 മുതൽ 35 ലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്താക്കി.


തലേദിവസം ചോദ്യപ്പേപ്പർ കിട്ടി -അറസ്റ്റിലായ വിദ്യാർഥി

മേയ് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിങ്ങിലായിരുന്ന തന്നോട് അമ്മയുടെ സഹോദരനായ സിക്കന്ദർ യാദവേന്ദു പട്നയിലേക്ക് വരാൻ പറയുകയും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്നും ഉത്തരം മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതണമെന്നും നിർദേശിക്കുകയായിരുന്നു. പിന്നീട് മേയ് നാലിന് ചോദ്യപ്പേപ്പർ തന്നു. അതിനുള്ള ഉത്തരങ്ങൾ മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതുകയും ചെയ്തു. അതേ ചോദ്യപ്പേപ്പർ തന്നെയായിരുന്നു പരീക്ഷാകേന്ദ്രത്തിലും തനിക്ക് ലഭിച്ചത്. ഇതിനായി 40 ലക്ഷം രൂപയാണ് നിതീഷ് കുമാറിനും അമിത് ആനന്ദിനും നൽകിയത്.


തേജസ്വി യാദവിന് പങ്കെന്ന് ബി.ജെ.പി.യും, കെട്ടുകഥയെന്ന് ആർ.ജെ.ഡി.യും 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാവിവാദത്തിൽ രാഷ്ട്രീയപ്പോര്. ബിഹാറിലെ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ബി.ജെ.പി.നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹ ആരോപികുന്നത്. ബിഹാറിലെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസസൗകര്യം ശരിയാക്കിയത് തേജസ്വിയുടെ പേഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന ആരോപണമാണ് ഉപമുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ബി.ജെ.പി.യും നിതീഷ് സർക്കാരും കുറ്റക്കാരെ രക്ഷിക്കാനായി കെട്ടുകഥകൾ മെനയുകയാണെന്ന് ആർ.ജെ.ഡി. തിരിച്ചടിച്ചു.

2024 ജൂൺ 21, വെള്ളിയാഴ്‌ച

നീറ്റ് പരീക്ഷ വിവാദം: നീറ്റ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിനും എൻ.ടി.എക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.

                                 


ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും കേന്ദ്ര സർക്കാറിനും നോട്ടീസയച്ച് സുപ്രീംകോടതി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിൽ ജൂലൈ എട്ടിനകം തന്നെ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം അംഗീകരിച്ചു. ജൂലൈ എട്ടിന് ഹരജികൾ വീണ്ടും പരിഗണിക്കും.

നിലവിൽനീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൂടാതെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നും, മാത്രമല്ല കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.

സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഹരജിയും നീറ്റ് കൗൺസലിങ് തടയണമെന്ന് ആവശ്യപെട്ടുള്ള ഒരുകൂട്ടം ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. അനുകൂല വിധിയുണ്ടായില്ലെങ്കിലും കോടതി എൻ.ടി.എയെ രൂക്ഷമായി തന്നെ വിമർശിച്ചു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി ഉന്നയിച്ചു. ഇപ്പൊൾ ഹരജികളെല്ലാം ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

ജൂൺ നാലിനാണ് മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും ചോദ്യപേപ്പർ ചോർന്നെന്നും വ്യാപക പരാതിയുയർന്നു. കൂടാതെ ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.


2024 മേയ് 6, തിങ്കളാഴ്‌ച

രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പി.ജി.

 


കേരള കേന്ദ്ര സർവകലാശാല-കാസർകോട്, വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി. കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.യില്‍ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്.

പ്രോഗ്രാമുകള്‍

  • എം.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്കല്‍ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു.
  • എം.എഡ്.
  • എം.എസ്സി. -സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയണ്‍മെന്റല്‍ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറാപ്പി
  • എല്‍എല്‍.എം.
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്
  • എം.ബി.എ.-ജനറല്‍ മാനേജ്മെന്റ്, ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ്
  • എം.കോം. എന്നിവയാണ് പ്രോഗ്രാമുകള്‍.
ഓണ്‍ലൈൻ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.cukerala.ac.in കാണുക. അപേക്ഷ മേയ് 10 വരെ. റാങ്ക് ലിസ്റ്റ് 15-ന്. കൂടുതൽ അറിയുന്നതിനായി സന്ദർശിക്കു : admissions@cukerala.ac.in

പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ

 


മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ. 20 ശതമാനം സീറ്റുകളാണ് മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ വർദ്ധിപ്പിക്കുക.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 30 ശതമാനം സീറ്റുകള്‍ സർക്കാർ സ്കൂളുകളില്‍ വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പ്ലസ് വൺ സീറ്റുകളുടെ എണ്ണം മലപ്പുറം ജില്ലയില്‍ കുറവാണെന്നും നിരവധി വിദ്യാർത്ഥികള്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും മുൻ വർഷങ്ങളില്‍ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്.

കഴിഞ്ഞ വർഷം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനല്‍ സീറ്റ് വർദ്ധനവ് മലപ്പുറം ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരുത്തിയതിന് പുറമേയാണ് ഇപ്പോഴത്തെ വർദ്ധനവ്. സീറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസകരമായ നിലപാടാണ് സർക്കാർ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

പി. ജി. അപേക്ഷ 10 വരെ

 


കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി.

50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2308328.

സംസ്‌ഥാനത്ത് ഹയർസെക്കൻഡറി സീറ്റ് വർധിപ്പിച്ചു


 

തിരുവനന്തപുരം: 2022-23 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 77 ഹയർസെക്കൻഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും 2023-24 അധ്യയനവർഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ധനകാര്യവകുപ്പിൻറെ അനുമതിക്ക് വിധേയമായി തുടരുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.

താല്‍ക്കാലികമായി 178 ബാച്ചുകള്‍ അനുവദിക്കുമ്ബോള്‍ ഒരു വർഷം മാത്രം ചുരുങ്ങിയത് 19,22,40,000 രൂപയുടെ അധിക സാമ്ബത്തിക ബാധ്യത സർക്കാരിന് ഉണ്ടാകും. 


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനല്‍ സീറ്റ് വർധനവ് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അനുവദിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്ളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ അനുവദിക്കും.

 ഇതിനുപുറമേ, ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10% കൂടി മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20% മാർജിനല്‍ സീറ്റ് വർധനവ് അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാർജിനല്‍ സീറ്റ് വർധനവിനുള്ള അനുവാദം ഉണ്ടാവില്ല .

2024 മേയ് 1, ബുധനാഴ്‌ച

'ക്യാറ്റ് 2024' 10 മുതൽ 12 വരെ

 

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 'ക്യാറ്റ് 2024' കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളില്‍ മേയ് 10,11,12 തീയതികളില്‍ നടത്തും.

അഡ്മിറ്റ് കാർഡ് അപേക്ഷകർക്ക്‌ അവരവരുടെ പ്രൊഫൈലില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി പ്രത്യേക അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക്: admissions.cusat.ac. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484-2577100.

പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട്‌ മുതല്‍ 16 വരെ


കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എട്ട്‌ മുതല്‍ 16 വരെ നടക്കുമെന്ന്‌ സര്‍വകലാശാല വ്യക്തമാക്കി.

എട്ടിന്‌ രാവിലെ സംസ്‌കൃതം സാഹിത്യം, ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍, ഡാന്‍സ്‌ - മോഹിനിയാട്ടം, മ്യൂസിക്‌ ഉച്ചകഴിഞ്ഞ്‌ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍, സൈക്കോളജി, സംസ്‌കൃതം വേദാന്തം എന്നീ പ്രോഗ്രാമുകളിലേയ്‌ക്കുളള പ്രവേശന പരീക്ഷകളാണ്‌ നടക്കുക. 

ഒന്‍പതിനു രാവിലെ മലയാളം, ഡാന്‍സ്‌-ഭരതനാട്യം, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ്‌ ഓഫീസ്‌ പ്രസീഡിംഗ്‌സ് ഇന്‍ ഹിന്ദി, ഉച്ചകഴിഞ്ഞ്‌ ഹിസ്‌റ്ററി, ഹിന്ദി, 15ന്‌ രാവിലെ സംസ്‌കൃതം ജനറല്‍, തീയറ്റര്‍, എം. എസ്‌. ഡബ്ല്യു., സംസ്‌കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ്‌ എം. പി. ഇ. എസ്‌, സോഷ്യോളജി, 16ന്‌ രാവിലെ എം.എഫ്‌.എ, സംസ്‌കൃതം ന്യായം, അറബിക്‌, ഫിലോസഫി, ജ്യോഗ്രഫി, ഉച്ചകഴിഞ്ഞു മ്യൂസിയോളജി, വേദിക്‌ സ്‌റ്റഡീസ്‌, ഉര്‍ദു എന്നീ പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷ നടക്കും. എം. എഫ്‌. എ., തിയറ്റര്‍, മ്യൂസിക്‌, ഡാന്‍സ്‌ (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഭിരുചി/ പ്രാക്‌ടിക്കല്‍/പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍/ ഇന്റര്‍വ്യൂ എന്നിവ പ്രവേശന പരീക്ഷ എഴുതുന്ന ദിവസം തന്നെ കാലടി മുഖ്യക്യാമ്ബസില്‍ നടക്കും. എം.എഫ്‌.എ. പ്രോഗ്രാമിന്‌ അപേക്ഷിച്ചിട്ടുളളവര്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പ്രസന്റേഷന്‍, പ്രവേശനപ്പരീക്ഷ കഴിഞ്ഞാലുടന്‍ പെയിന്റിങ്‌ വിഭാഗം തലവന്‌ സമര്‍പ്പിക്കണം. 

എം.പി.ഇ.എസ്‌. പ്രോഗ്രാമിന്‌ അപേക്ഷിച്ചിട്ടുളളവര്‍ ഫിസിക്കല്‍ ഫിറ്റ്‌നസ്‌ ടെസ്‌റ്റിനായി പ്രവേശന പരീക്ഷയുടെ അന്നേ ദിവസം രാവിലെ എട്ടിന്‌ കാലടി മുഖ്യ ക്യാമ്പസിലുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



2024 ഏപ്രിൽ 30, ചൊവ്വാഴ്ച

മേയ് അഞ്ചിനുള്ളില്‍ സി.യു.ഇ.ടി.-യു.ജി കേന്ദ്രങ്ങള്‍


 

ന്യൂഡല്‍ഹി : മേയ് അഞ്ചിനുള്ളില്‍ കേന്ദ്ര ബിരുദ പരീക്ഷ (സി.യു.ഇ.ടി.-യു.ജി-2024) കേന്ദ്രങ്ങള്‍ എൻ.ടി.എ. പ്രഖ്യാപിക്കുമെന്ന് യു.ജി.സി.

അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു.  മേയ് രണ്ടാം വാരത്തോടെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ മേയ് 15 മുതല്‍ 31 വരെ നടക്കും. ജൂണ്‍ 30-ന് ഫലം പ്രഖ്യാപിക്കും. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ ക്ലാസുകള്‍ ആരംഭിക്കും.

ഇത്തവണ ഓണ്‍ലൈനിന് പുറമേ, എഴുത്തുപരീക്ഷയും നടത്തും. ഒ.എം.ആർ. പരീക്ഷ പരിഗണിക്കുന്നത് എറ്റവുമധികം രജിസ്ട്രേഷനുള്ള വിഷയങ്ങളിലാണ് . ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തും. ഒരു വിഷയത്തില്‍ പല ദിവസങ്ങളില്‍ പരീക്ഷ നടത്തി മാർക്ക് ഏകീകരിക്കുന്ന സംവിധാനം ഈവർഷത്തോടെ നിർത്തലാക്കിയേക്കും. തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം ആറായി ചുരുക്കി. മൂന്നു പ്രധാന വിഷയങ്ങള്‍, രണ്ടു ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും ആറു വിഷയങ്ങള്‍ അനുവദിക്കുക.

വിദേശവിദ്യാർഥികള്‍ക്ക് ബിരുദാനന്തര കോഴ്സുകളില്‍ 25 ശതമാനം അധികസീറ്റ്

 


ന്യൂഡല്‍ഹി: വിദേശവിദ്യാർത്ഥികളുടെ ബിരുദ പ്രവേശന മാർഗരേഖ പുറത്തിറക്കി. വിദേശവിദ്യാർഥികള്‍ക്ക് ബിരുദ,ബിരുദാനന്തര കോഴ്സുകളില്‍  25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി.

നിലവില്‍ അനുവദിച്ച സീറ്റുകള്‍ക്കുപുറമേയാണ് ഈ അധികസീറ്റ്.

എന്നിരുന്നാലും അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള തീരുമാനം സ്ഥാപനങ്ങളില്‍ അധിഷ്ഠിതമാണെന്നും മാർഗരേഖയിലുണ്ട്. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശവിദ്യാർഥികള്‍ക്ക് പ്രവേശനമില്ലെന്നും മാർഗരേഖയിലുണ്ട്. വിശദവിവരങ്ങള്‍ക്ക് ugc.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു


 

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ യുപിഎസ് സി പരീക്ഷ നടക്കുന്നതിനാല്‍  മാറ്റിവച്ചതായി യുജിസി ചെയര്‍മാന്‍ ജഗദീഷ് റെഡ്ഢി അറിയിച്ചു.

 യുജിസി നെറ്റ് പരീക്ഷ ജൂൺ 18ലേക്കാണ്  മാറ്റിയത്. നേരത്തേ ജൂണ്‍ 16നായിരുന്നു തീരുമാനിച്ചിരുന്നത്. അതേദിവസം തന്നെ യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ചാണ് തിയ്യതി മാറ്റിയത്. ജൂണ്‍ 16ന് തന്നെ  യുപിഎസ് സി പരീക്ഷ നടക്കും.

    

2024 മാർച്ച് 1, വെള്ളിയാഴ്‌ച

സംസ്ഥാനത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴി: വീണാ ജോര്‍ജ്

 

2024-2025 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് ഇന്ത്യൻ നഴ്‌സിങ് കൗണ്‍സില്‍ നിർദേശം നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ അധ്യയന വർഷം പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും മുൻവർഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തേണ്ട പ്രവേശനപരീക്ഷ ഉപേക്ഷിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് ഇന്ത്യൻ നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളത്.

കഴിഞ്ഞ കൊല്ലം പ്രവേശനപരീക്ഷ നടത്തുന്നതിന് മതിയായ സമയം ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരീക്ഷ ഉപേക്ഷിച്ചതെങ്കിലും മാനേജ്‌മെന്റുകളുടെ സമ്മർദമാണ് അതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.ബി.എസ്‌സി. നഴ്‌സിങ്ങിന് 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുന്നത്. അവശേഷിക്കുന്ന 50 ശതമാനം സർക്കാർ സീറ്റുകളിലാണ് എല്‍.ബി.എസ്. വഴി പ്രവേശനം നടത്തുന്നത്. ഇങ്ങനെയായിരുന്നു കഴിഞ്ഞ കൊല്ലം തീരുമാനിച്ചിരുന്നത്.


2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

 


ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗം വിജ്ഞാപനമിറക്കി. ജില്ലയിൽ 22 ഹയർസെക്കൻഡറി സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളാകും. ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാം വർഷ പരീക്ഷകളാണ് മെയ് മാസത്തിൽ നടക്കുക. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാർച്ച് അഞ്ച് ആണ്.

ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിർണ്ണയം, പ്രായോഗിക മൂല്യനിർണ്ണയം, ആത്യന്തിക മൂല്യനിർണ്ണയം എന്നിവ ഉൾപ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയിൽ 29 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിർന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിനുമാണ്.പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220ല്‍ കുറയരുതെന്ന് ഹൈകോടതി

 

അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220ല്‍ കുറയരുതെന്ന് ഹൈകോടതി. കലണ്ടർ തയാറാക്കുമ്പോൾ  ഇത്രയും പ്രവൃത്തിദിനങ്ങള്‍ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിഗണിക്കണമെന്നും ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് നിർദേശിച്ചു. പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്കൂള്‍ മാനേജർ സി.കെ. ഷാജിയും പി.ടി.എയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെയും പാഠഭാഗങ്ങള്‍ പൂർത്തീകരിക്കുന്നതിനെയും ബാധിക്കുന്നതായി ഹരജിയില്‍ പറയുന്നു. 2023 -24 അധ്യയന വർഷത്തില്‍ പ്രവൃത്തിദിനം 205 ആയി നിജപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.

2024 ഫെബ്രുവരി 28, ബുധനാഴ്‌ച

നട്ടുച്ചയ്ക്ക് പരീക്ഷകളുമായി വിദ്യാഭ്യാസവകുപ്പ്

 

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുമ്പോൾ  നട്ടുച്ചയ്ക്ക് പരീക്ഷകള്‍ വച്ച്‌ വിദ്യാഭ്യാസ വകുപ്പ്. ഒമ്പത് , എട്ട് ക്ലാസുകളുടെ വാർഷിക പരീക്ഷകളാണു ചൂട് കൂടിയ സമയത്ത് ക്രമീകരിച്ചിരിക്കുന്നത്.നാളെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയും 2.15 മുതല്‍ നാലുവരെയും 1.30 മുതല്‍ 4.15 വരെയുമാണു പരീക്ഷാ സമയക്രമം.

ചൂട് കൂടുതലുള്ള ഉച്ചസമയത്താണു കുട്ടികള്‍ സ്കൂളില്‍ വരേണ്ടതും പരീക്ഷയെഴുതേണ്ടതും. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരീക്ഷാ സമയക്രമം നട്ടുച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. സമയം മാറ്റി ക്രമീകരിക്കണമെന്ന് അധ്യാപക സംഘടനകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും സമയക്രമീകരണം നടത്തിയില്ലെന്നും പരാതിയുണ്ട്.


അഞ്ചാം വയസ്സില്‍ത്തന്നെ ഒന്നാം ക്ലാസ് പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം- മന്ത്രി വി. ശിവൻകുട്ടി


സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസായി നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.


ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) സി.യു.ഇ.ടി-യുജി ഇത്തവണ ഓഫ് ലൈനായും

 

കേന്ദ്ര സർവകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യുജി ഇത്തവണ ഓണ്‍ലൈനിനു പുറമെ പേനയും കടലാസും ഉപയോഗിച്ചും നടത്തും.

ഈ വര്‍ഷത്തെ പരീക്ഷ മേയ് 15 മുതല്‍ 31 വരെ രാജ്യത്തെ 380ഉം പുറത്ത് 26ഉം പരീക്ഷ കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളായിട്ടായിരിക്കും പരീക്ഷ. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷത്തെ അപേക്ഷ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച്‌ 26 ആണ് അവസാന ദിവസം. ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും.

45 കേന്ദ്ര സര്‍വകലാശാലകള്‍, 37 സംസ്ഥാന സര്‍വകലാശാലകള്‍, 32 കല്‍പിത സര്‍വകലാശാലകള്‍, 133 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഈ പരീക്ഷയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍. ദേശീയ പ്രാധാന്യമുള്ള മറ്റ് മൂന്നു സ്ഥാപനങ്ങളും അവയുടെ ബിരുദ കോഴ്സുകള്‍ക്ക് ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ഒന്നില്‍ പരീക്ഷ എഴുതാം. വിദ്യാർഥികള്‍ക്ക് പരമാവധി ആറു വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. നേരത്തെ ഇത് പത്ത് വിഷയങ്ങളായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ https://exams.nta.ac.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

നാളെ മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി

 

നാളെ  മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കും;  .പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 427105 വിദ്യാര്‍ത്ഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങള്‍ ആണ്. 441213 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതും.2016 പരീക്ഷ കേന്ദ്രങ്ങള്‍ ആണ്. എസ്. എസ്. എല്‍. സി, റ്റി. എച്ച്‌. എസ്. എല്‍. സി, എ. എച്ച്‌. എസ്. എല്‍. സി പരീക്ഷകള്‍ മാര്‍ച്ച്‌ 4 മുതല്‍ ആരംഭിയ്ക്കും.ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത് 4,27,105 കുട്ടികളാണ്.സംസ്ഥാനത്ത് ഇതിനായി 2,971 കേന്ദ്രങ്ങള്‍ തയ്യാറാക്കിയട്ടുള്ളതായും അദ്ദേഹം പറഞ്ഞു.ഉത്തരക്കടലാസ് വിതരണം ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഗള്‍ഫില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും പരീക്ഷ എഴുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം

 

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2024 ജൂണ്‍ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്നിനു നടക്കും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളില്‍ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതല്‍ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജില്‍ അപേക്ഷ നല്‍കണം. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. അപേക്ഷാ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷാ ഫോം ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് "THE COMMANDANT, RIMC FUND," DRAWEE BRANCH, HDFC BANK OF BALLUPUR, CHOWK, DEHRADUN, (BANK CODE-1399) UTTARAKHAND എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ "THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARAKHAND, PIN - 248003" എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങള്‍ www.rimc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകള്‍ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിർദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച്‌ ഏപ്രില്‍ 15 നു മുൻപായി ലഭിക്കുന്ന തരത്തില്‍ "സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12" എന്ന വിലാസത്തില്‍ ഡെറാഡൂണ്‍ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുളള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉളളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകള്‍, സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Domicile Certificate), വിദ്യാർഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച്‌ ജനന തീയതിയും ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നുളളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റില്‍ ഉളളടക്കം ചെയ്തിരിക്കണം, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് ഉളളടക്കം ചെയ്തിരിക്കണം. ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും ഉള്‍പ്പെടുത്തിയത്) അല്ലാത്ത അപേക്ഷ നിരസിക്കുന്നതാണ്, 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ സഹിതം അയക്കണം.

Category