കേന്ദ്ര സർവകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യുജി ഇത്തവണ ഓണ്‍ലൈനിനു പുറമെ പേനയും കടലാസും ഉപയോഗിച്ചും നടത്തും.
ഈ വര്‍ഷത്തെ പരീക്ഷ മേയ് 15 മുതല്‍ 31 വരെ രാജ്യത്തെ 380ഉം പുറത്ത് 26ഉം പരീക്ഷ കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളായിട്ടായിരിക്കും പരീക്ഷ. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷത്തെ അപേക്ഷ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച് 26 ആണ് അവസാന ദിവസം. ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും.
45 കേന്ദ്ര സര്‍വകലാശാലകള്‍, 37 സംസ്ഥാന സര്‍വകലാശാലകള്‍, 32 കല്‍പിത സര്‍വകലാശാലകള്‍, 133 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഈ പരീക്ഷയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍. ദേശീയ പ്രാധാന്യമുള്ള മറ്റ് മൂന്നു സ്ഥാപനങ്ങളും അവയുടെ ബിരുദ കോഴ്സുകള്‍ക്ക് ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ ഒന്നില്‍ പരീക്ഷ എഴുതാം. വിദ്യാർഥികള്‍ക്ക് പരമാവധി ആറു വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. നേരത്തെ ഇത് പത്ത് വിഷയങ്ങളായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ https://exams.nta.ac.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
0 comments: