2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

തുടക്കത്തിൽ പ്രതിഫലം 2300 യൂറോ, റജിസ്റ്റേഡ് നഴ്സായാൽ 2800 യൂറോ; മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി നേടാം

 

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി ലഭ്യമാക്കുന്ന നോർക്ക റൂട്സിന്റെ ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് 16 മുതൽ അപേക്ഷിക്കാം. 300 ഒഴിവുകളിലേക്കാണ് റിക്രൂട്മെന്റ്. നഴ്‌സിങ്ബിരുദമോ ഡിപ്ലോമയോ ഉള്ള, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.

ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടു നിയമനം ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാം.പ്രായപരിധിയില്ല. മൂന്നു വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ളവർക്കും ജർമൻ ഭാഷ അറിയുന്നവർക്കും  മുൻഗണന ലഭിക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്കോ സാധുവായ വീസ ഉള്ളവർക്കോ അപേക്ഷിക്കാനാകില്ല. റിക്രൂട്മെന്റ് സൗജന്യമാണ്. 

നവംബർ 1 മുതൽ 11 വരെ തിരുവനന്തപുരത്ത് ജർമൻ പ്രതിനിധികൾ അഭിമുഖം നടത്തിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു നേരിട്ടുള്ള ജർമൻ ഭാഷാ പരിശീലനമുണ്ടാകും.ഭാഷയിൽ എ2, ബി1  ലെവൽ ആദ്യ ശ്രമത്തിൽ നേടുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. 

അസിസ്റ്റന്റ് നഴ്‌സുമാരായിട്ടാകും നിയമനം. ജർമൻ ഭാഷാ ബി2 ലെവൽ നേടിയാൽ റജിസ്റ്റേഡ് നഴ്‌സായി ജോലി ചെയ്യാം. തുടക്കത്തിൽ ഏകദേശം 2300 യൂറോയും റജിസ്റ്റേഡ് നഴ്സായാൽ 2800 യൂറോയും പ്രതിഫലം ലഭിക്കും.മണിക്കൂറിന് 20– 35% വരെ ഓവർടൈം അലവൻസും ഉണ്ട്.  www.norkaroots.org വഴിയാണ്  അപേക്ഷിക്കേണ്ടത്. അവസാന തീയതി 25. ഫോൺ– 18004253939.

0 comments: