2022, ഫെബ്രുവരി 19, ശനിയാഴ്‌ച

യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല, യാത്രാ സൗകര്യം ഒരുക്കും: വിദ്യഭ്യാസമന്ത്രി

 

സംസ്ഥാനത്തെ സ്കൂളുകൾ  പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാനഘട്ടത്തിൽ. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ് എം വി സ്കൂളിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂർത്തമാണെന്ന് വി ശിവൻകുട്ടി  പറഞ്ഞു.

47 ലക്ഷം വിദ്യാർത്ഥികളും ഒരു ലക്ഷത്തിൽ പരം അധ്യാപകരും മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ എത്തും. ഉത്കണ്ഠ ആവശ്യമില്ല, എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമിൽ കടുംപിടുത്തമില്ല. ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാഠഭാഗങ്ങൾ പൂർത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ പൂർണ്ണതോതിൽ അധ്യയനം ഉണ്ടായിരിക്കും. എതിർത്ത അധ്യാപക സംഘടനകളെ അനുനയിപ്പിച്ചാണ്, സ്കൂളുകൾ പൂർണതോതിൽ തുറക്കലുമായി സർക്കാർ മുന്നോട്ട് പോവുന്നത്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പാഠഭാഗങ്ങൾ  മാർച്ചിൽ തന്നെ തീർക്കുക. ഒന്ന് മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ നടത്താനാണ് തീരുമാനം.

തിങ്കളാഴ്ച മുതൽ ക്ലാസുകൾ പൂർണതോതിലേക്ക് മാറുമ്പോൾ ഓൺലൈൻ ക്ലാസുകൾ നിർബന്ധമായി തുടരില്ല. പക്ഷെ ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകണം. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകൾ തുടരും.  വിക്ടേഴ്സ് വഴി ക്ലാസുകളുണ്ടാകും. അതേസമയം ഫോക്കസ് ഏരിയയിൽ പുറകോട്ട് പോകാനാകില്ലെന്നാണ് സർക്കാർ നിലപാടെടുത്തിരിക്കുന്നത്. എന്നാൽ വിമർശനങ്ങളോട് പ്രതികാര നടപടിയുണ്ടാവില്ല.

പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ് ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നൽ. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഈ മാസം 28 ന് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് കർശന നിർദേശം. പത്ത്, പ്ലസ് ടു അധ്യാപകർ പാഠഭാഗങ്ങൾ തീർത്തതിന്റെ റിപ്പോർട്ട് എല്ലാ ശനിയാഴ്ച്ചയും നൽകണം. 1 മുതൽ 9 ക്ലാസുകൾക്കും വാർഷിക പരീക്ഷയുണ്ടാകും.

0 comments: