2022, മാർച്ച് 19, ശനിയാഴ്‌ച

പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ 16 ലക്ഷം രൂപ തിരികെ നേടാം; പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതി

 

രാജ്യത്ത് ഇന്ന് ലഭ്യമായതില്‍ ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ നിക്ഷേപ മാര്‍​ഗങ്ങളില്‍ ഒന്നായാണ് പോസ്റ്റ് ഓഫീസ് സ്കീമുകളെ  നിക്ഷേപകര്‍ കാണക്കാക്കുന്നത്.വളരെ ജനപ്രിയമായ നിക്ഷേപമാര്‍​ഗമാണിത്. പ്രത്യേകിച്ചും, ഓഹരി വിപണിയിലോ  ക്രിപ്‌റ്റോകറന്‍സികളിലോ നിക്ഷേപിക്കാനും തങ്ങളുടെ ആസ്തികളുടെ നഷ്ട സാധ്യത ഉയര്‍ത്താനും താല്‍പര്യമില്ലാത്ത രാജ്യത്തെ ഇടത്തരക്കാരായ പൗരന്‍മാരില്‍ ഭൂരിഭാ​ഗവും പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ നിക്ഷേപിക്കുന്നതിനാണ് മുന്‍​ഗണന നല്‍കുന്നത്.

ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന നിരവധി സേവിംഗ്സ് സ്കീമുകള്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ, നഷ്ടസാധ്യത ഇല്ലാത്ത സേവിങ്സ് സ്കീമുകളാണ് (risk-free savings schemes). ഇന്ത്യയിലെ ശരാശരി മധ്യവര്‍​ഗ പൗരന്‍മാര്‍ സ്ഥിരതയും മികച്ച പലിശ നിരക്കും ലഭ്യമാക്കുന്ന സ്കീമുകളില്‍ നിക്ഷേപം നടത്തുന്നതിനാണ് പ്രഥമ പരി​ഗണന നല്‍കുന്നത്. ജനങ്ങളുടെ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസുകള്‍.

നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് ബാങ്കുകളിലെ സ്ഥിര നിക്ഷേപ അക്കൗണ്ടുകളോ സേവിങ്സ് അക്കൗണ്ടുകളോ തിരഞ്ഞെടുക്കാം. എന്നാല്‍, ഇതിന് ബദലായി പോസ്റ്റ് ഓഫീസ് വഴി പണം നിക്ഷേപിക്കുന്ന കാര്യവും പരി​ണിക്കാവുന്നതാണ്. ഇതിനായി പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് വഴി നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

ചെറിയ തുക നിക്ഷേപിച്ച്‌ ഉയര്‍ന്ന വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് വളരെ അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി. റെക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ ആവര്‍ത്തന നിക്ഷേപ പദ്ധതി സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാര്‍ഗമാണ്. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അനുസരിച്ച്‌ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയാകുമ്പോൾ ഈ തുകയും ഒപ്പം പലിശയും ബാങ്ക് നല്‍കുന്നു.

എന്താണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്?

പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അഥവാ പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിക്കുന്ന പണവും ഇതില്‍ നിന്നും നിങ്ങള്‍ നേടുന്ന പലിശയും സുരക്ഷിതവും ഉറപ്പുള്ളതുമാണ്. ആര്‍ഡി നിക്ഷേപം മികച്ച റിട്ടേണ്‍ നല്‍കുമ്ബോള്‍ തന്നെ അതിന്റെ നഷ്ടസാധ്യത താരതമ്യേന കുറവാണ് എന്നതും ശ്രദ്ധേയമാണ്. സ്ഥിരമായി ചെറിയ തുക നിക്ഷേപിച്ച്‌ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന എന്തെങ്കിലും നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്ന കാര്യം പരി​ഗണിക്കാം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന് കീഴില്‍ 5 വര്‍ഷം കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.

പോസ്റ്റ് ഓഫീസ് ആര്‍ഡി പലിശ നിരക്ക്

സര്‍ക്കാറിന്റെ പിന്തുണയോടെ എത്തുന്ന പദ്ധതിയായ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് ആര്‍ഡി നിങ്ങള്‍ക്ക് മികച്ച പലിശ നിരക്കാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഈ സ്കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക വെറും 100 രൂപയാണ് എന്നതാണ് പ്രധാന നേട്ടം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.

മറ്റ് പല നിക്ഷേപമാര്‍​​​​​ഗങ്ങളെയും അപേക്ഷിച്ച്‌ മികച്ച പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നതിനാല്‍ ഈ സ്കീം കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നു. നിലവില്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനം പലിശ നിരക്കാണ് ലഭ്യമാക്കുന്നത്. 2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ ഉള്ള പലിശ നിരക്കാണിത്. സര്‍ക്കാര്‍ ആണ് ഈ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ചെറു സമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് ത്രൈമസാടിസ്ഥാനത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്.

പോസ്റ്റ് ഓഫീസ് ആര്‍ഡി: 16 ലക്ഷം രൂപ എങ്ങനെ നേടാം?

റിക്കറിങ് ഡെപ്പോസിറ്റിലെ നിക്ഷേപത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതു പോലെ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയും. ഉദാഹരണത്തിന്, നിലവില്‍ 5.8 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിലെ ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ പലിശ നിരക്കില്‍ നിങ്ങള്‍ എല്ലാ മാസവും 10,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍, 10 വര്‍ഷത്തിനുള്ളില്‍ ആ തുക അതിന്റെ പലിശയും ചേര്‍ന്ന് നിങ്ങള്‍ക്ക് ഏകദേശം 16 ലക്ഷം രൂപയായി തിരികെ ലഭിക്കും. ഓരോ പാദത്തിലും കൂട്ടു പലിശയാണ് കണക്കാക്കുന്നത്. പതിവായി വരുമാനം നേടാന്‍ ഇത് നിക്ഷേപകരെ സഹായിക്കുകയും ചെയ്യും.

പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ സവിശേഷതകള്‍

ഈ പദ്ധതിയില്‍ എല്ലാ മാസവും പതിവായി പണം നിക്ഷേപിക്കേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ മാസ തവണ മുടങ്ങുകയാണെങ്കില്‍ നിങ്ങള്‍ എല്ലാ മാസവും ഒരു ശതമാനം പിഴ അടയ്‌ക്കേണ്ടി വരും. തുടര്‍ച്ചയായി നാല് മാസത്തെ തവണകള്‍ മുടങ്ങിയാല്‍, അക്കൗണ്ട് സ്വയമേവ അടയ്ക്കും. എന്നിരുന്നാലും, തവണ അടയ്ക്കാന്‍ വീഴ്ച വരുത്തിയ തീയതി മുതല്‍ 2 മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് വീണ്ടെടുക്കാനാകും. എന്നാല്‍ നിങ്ങള്‍ക്ക് ഈ അവസരവും നഷ്ടപ്പെടുകയാണെങ്കില്‍ അതോടെ അക്കൗണ്ട് എന്നേക്കുമായി അടയ്‌ക്കും. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷത്തിന് ശേഷം അപേക്ഷകര്‍ക്ക് അവരുടെ ഡെപ്പോസിറ്റ് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അനുവദിക്കും എന്നതാണ് മറ്റൊരു സവിശേഷത.

0 comments: