2022, മേയ് 20, വെള്ളിയാഴ്‌ച

പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി യോജന പുതിയ അറിയിപ്പ് : കൃഷി സ്ഥലം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

 

 കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകി വരുന്ന സാമ്പത്തിക സഹായമാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി യോജന (Pradhan Mantri Kisan Samman Nidhi Yojana). 2019ൽ മോദി സർക്കാർ തുടക്കമിട്ട ഈ പദ്ധതിയിലൂടെ രാജ്യത്തെ ഏകദേശം 14 കോടി കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു. അതായത് മൂന്ന് ഗഡുക്കളായി പ്രതിവർഷം 6000 രൂപയുടെ ആനുകൂല്യമാണ് കർഷകർക്ക് ലഭിക്കുന്നത്. 2000 രൂപ വീതമാണ് ഓരോ ഗഡുവിലായി നൽകുന്നത്.

ഇപ്പോഴിതാ, പിഎം കിസാന്‍ സമ്മാൻ നിധി യോജനയിൽ അംഗമായിട്ടുള്ള കർഷകർ അവരുടെ ആനുകൂല്യം നേടുന്നതിനായി പൂർത്തിയാക്കേണ്ട ചില നടപടികളെ കുറിച്ചുള്ള നിർദേശമാണ് കൃഷി ഭവനിൽ നിന്ന് വരുന്നത്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കര്‍ഷകരും അവരവരുടെ കൃഷി സ്ഥലത്തെ സംബന്ധിച്ച വിവരം എഐഎംഎസ് പോര്‍ട്ടലില്‍- AIMS Portal (Agriculture Information Management System) രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടപടികള്‍ മെയ് 24നകം കര്‍ഷകര്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും കാസർഗോഡ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ അതാത് പഞ്ചായത്തിലെ കൃഷി ഭവനുമായി കര്‍ഷകര്‍ ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു.

പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകന്റെ പേരിൽ തന്നെയാണ് എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്.അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, 2022- 23 സ്ഥലം നികുതി പകർപ്പ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവ കരുതണം.

2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് പദ്ധതി തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു എന്നതാണ് പിഎം കിസാൻ പദ്ധതിയുടെ പ്രത്യേകത. ഇപ്പോഴിതാ, പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ പതിനൊന്നാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ.

അതിനാൽ തന്നെ പുതിയ ഗഡു തടസ്സമില്ലാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നതിന് e KYC പൂര്‍ത്തിയാക്കണമെന്നും സർക്കാർ നിബന്ധന വച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം പിഎം കിസാൻ പദ്ധതിയുടെ 11-ാം ഗഡു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.



0 comments: