2024, ജനുവരി 22, തിങ്കളാഴ്‌ച

ഹൈസ്‌കൂള്‍വിഭാഗം ഇനിയില്ല, എട്ടുമുതല്‍ 12 വരെ സെക്കൻഡറിക്ക് കീഴില്‍; കരടുചട്ടം തയ്യാറാക്കി സര്‍ക്കാര്‍

സ്കൂള്‍അധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി.ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തില്‍ 'ഹൈസ്കൂള്‍വിഭാഗം' ഇനി ഉണ്ടാവില്ല. ഹൈസ്കൂള്‍-ഹയർസെക്കൻഡറി സ്കൂളുകള്‍ ലയിപ്പിച്ച്‌ 'സെക്കൻഡറി' എന്നാക്കി. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ അക്കാദമികമേല്‍നോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും.

ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയില്‍ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. 'സെക്കൻഡറി'യില്‍ നിയമിക്കുന്നവർ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണല്‍ യോഗ്യതയും നിർബന്ധമാക്കി.

സെക്കൻഡറിക്കു താഴെയുള്ള സ്കൂളുകളില്‍ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും വേണം. അഞ്ചുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകനിയമനവും വിഷയാധിഷ്ഠതമാക്കി. പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അധ്യാപകരെ ബാധിക്കാതിരിക്കാൻ, നിയമനപരിഷ്കാരങ്ങള്‍ 2030 ജൂണ്‍ ഒന്നുമുതലേ പൂർണമായി നടപ്പാക്കൂ.

സ്കൂള്‍മേധാവികളെല്ലാം പ്രിൻസിപ്പല്‍

12 വരെയുളള വിദ്യാലയങ്ങള്‍ സെക്കൻഡറിസ്കൂള്‍, പത്തുവരെയുള്ളവ ലോവർ സെക്കൻഡറി, ഏഴുവരെയുള്ളവ പ്രൈമറി, നാലുവരെയുള്ളവ എല്‍.പി. സ്കൂള്‍ എന്നിങ്ങനെയായിരിക്കും. പ്രധാനാധ്യാപകൻ, പ്രധാനാധ്യാപിക എന്നീ പേരുകള്‍ മാറ്റി സ്കൂള്‍മേധാവികളെല്ലാം പ്രിൻസിപ്പല്‍ എന്നറിയപ്പെടും.

വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനയില്‍ അഴിച്ചുപണി

സ്കൂള്‍ ഏകീകരണം നടപ്പാക്കാനുള്ള സർക്കാരിന്റെ കരടുചട്ടത്തില്‍ വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനയിലും അഴിച്ചുപണി. ഡി.പി.ഐ. ഹയർസെക്കൻഡറി, വി.എച്ച്‌.എസ്.ഇ. വിഭാഗങ്ങളിലെ അധ്യാപകരെയും ഉദ്യോഗസ്ഥരെയും കേരള ജനറല്‍ എജുക്കേഷൻ സബോർഡിനേറ്റ് സർവീസ്, കേരള ജനറല്‍ എജുക്കേഷൻ സ്റ്റേറ്റ് സർവീസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കും. ഈ മാറ്റം എയ്ഡഡ് മേഖലയില്‍ നടപ്പാക്കാൻ കെ.ഇ.ആർ. ഭേദഗതിചെയ്യും.

സ്കൂളുകള്‍ക്കുള്ള എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസുകളും ഹയർസെക്കൻഡറിക്കുള്ള ആർ.ഡി.ഡി. ഓഫീസും വി.എച്ച്‌.എസ്.ഇ.യ്ക്കുള്ള എ.ഡി. ഓഫീസുകളും ഇനി ഉണ്ടാവില്ല. പകരം റവന്യുജില്ലകളില്‍ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്ന ഓഫീസാവും. ബ്ലോക്ക് തലങ്ങളില്‍ സ്കൂള്‍ എജുക്കേഷൻ ഓഫീസുകളും വരും. ജില്ലാപഞ്ചായത്ത് പരിധിയിലുള്ള സെക്കൻഡറി സ്കൂളിലേതടക്കം പ്രീ-പ്രൈമറിമുതല്‍ ഏഴുവരെയുള്ള ക്ലാസുകളുടെ അക്കാദമിക മേല്‍നോട്ടം പഞ്ചായത്ത് എജുക്കേഷൻ ഓഫീസറുടെ കീഴിലാക്കും. ഈ ഓഫീസർ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി മാത്രമല്ല, കഴിവും കാര്യനിർവഹണശേഷിയും മാനദണ്ഡമാക്കാനാണ് ശുപാർശ.

0 comments: