2021, ഫെബ്രുവരി 17, ബുധനാഴ്‌ച

500 രൂപ മുടക്കിയാൽ ലക്ഷങ്ങൾ സമ്പാദിക്കാം, അറിഞ്ഞിരിക്കാം ഈ വഴികൾ



ചിട്ടയായ സമ്പാദ്യ  ശീലമുണ്ടെങ്കില്‍ കയ്യിലുള്ള 500 രൂപ പോലും ലക്ഷങ്ങളാക്കി മാറ്റാം. എങ്ങനെയെന്നല്ലേ? മ്യൂച്വല്‍ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, ദേശീയ സമ്ബാദ്യ സര്‍ട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികള്‍ വഴി നിസാരമായി കരുതുന്ന ചെറിയ തുക പോലും വലിയ ആദായം നല്‍കും. ഇതോടൊപ്പം ഭാവി സുരക്ഷിതമാക്കുകയും ചെയ്യാം.

ഉദ്ദാഹരണത്തിന് 15 വര്‍ഷം മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 500 രൂപ ഇടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോൾ 2 ലക്ഷം രൂപയായിരിക്കും നിക്ഷേപകന് തിരികെ ലഭിക്കുക. ഈ അവസരത്തില്‍ കേവലം 500 രൂപ പ്രതിമാസം അടച്ച്‌ മികച്ച ആദായം കണ്ടെത്താന്‍ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ നമുക്ക് പരിചയപ്പെടാം.


 മ്യൂച്ചൽ ഫണ്ട്

 മ്യൂച്ചൽ ഫണ്ടിൽ ആർക്കുവേണമെങ്കിലും നിക്ഷേപം നടത്താവുന്നതാണ്.15 വര്‍ഷത്തേക്ക് 500 രൂപ വീതം അടച്ചാല്‍ കാലാവധി തികയുമ്പോൾ 10 ശതമാനം പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി 2 ലക്ഷം രൂപയായിരിക്കും ഉപഭോക്താവിന് തിരികെ കിട്ടുക. ആവശ്യാനുസരണം നിക്ഷേപത്തുക ഉപഭോക്താവിന് ഉയർത്താവുന്നതാണ്.

പിപി എഫ്

 പബ്ലിക് പ്രൊവിഡൻസ് ഫണ്ട് എന്നാണ് ഇതിന്റെ പൂർണ്ണരൂപം.ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ചെറുകിട സമ്പാദ്യ  പദ്ധതികളില്‍ ഒന്നാണിത്. 15 വര്‍ഷമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതിയുടെ കാലാവധി. അതായത് പദ്ധതിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ 15 വര്‍ഷത്തേക്ക് പണം പിന്‍വലിക്കാനാകില്ല.
ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. കുട്ടികളുടെ പേരിലും പിപിഎഫ് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. 7.1%ആണ് പി പിഎഫിലെ പലിശ നിരക്ക്.


സുകന്യ സമൃദ്ധി യോജന

പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. കേവലം 250 രൂപ മതി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാന്‍. ഇവിടെയും ഒന്നരലക്ഷം രൂപ വരെയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും.
10 വയസുവരെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. പെണ്‍മക്കളുടെ വിദ്യാഭ്യാസ, വിവാഹ ചിലവുകള്‍ക്കായി പണം സമാഹരിക്കാന്‍ ഈ പദ്ധതി മാതാപിതാക്കളെ സഹായിക്കും. 7.6 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

ദേശീയ സമ്പാദ്യ  സര്‍ട്ടിഫിക്കറ്റ്

തപാല്‍ വകുപ്പ് നടത്തുന്ന പ്രമുഖ സമ്പാദ്യ പദ്ധതിയാണ് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ്. 100, 500, 1000, 5000 രൂപ എന്നീ ക്രമത്തില്‍ മാസതവണ തിരഞ്ഞെടുത്ത് പദ്ധതിയില്‍ പങ്കാളിയാവാം. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശ നിരക്ക് ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് ഉറപ്പു നല്‍കും. ഒപ്പം സെക്ഷന്‍ 80 സി പ്രകാരമുള്ള ആദായ നികുതി ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.


പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്

രാജ്യത്തെ ഏതൊരു പോസ്റ്റ് ഓഫീസില്‍ ചെന്നും പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുടങ്ങാം. 10,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതിയില്ലെന്നത് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിന്റെ പ്രചാരം കൂട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിലും അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ക്ക് 4 ശതമാനമായിരിക്കും പലിശ ലഭിക്കുക





0 comments: