2021, ജൂൺ 17, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 28 മുതൽ; വിഎച്ച്എസ്ഇ 21 മുതൽ

രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ 28 നും വിഎച്ച്എസ്ഇ, എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21 നും തുടങ്ങും. ഇന്നു മുതൽ 25 വരെ സ്കൂളുകളിൽ പരിശീലനം നൽകും. പരീക്ഷാ സമയവും ചോദ്യങ്ങളുടെ എണ്ണവും കുറച്ചു. ഒരു സമയം 15 പേർക്കായിരിക്കും പരീക്ഷ. വിദ്യാർഥികളും അധ്യാപകരും ലാബ് ജീവനക്കാരും ഇരട്ട മാസ്കും ഗ്ലൗസും ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അടുത്തമാസം 20നകം പത്താംക്ലാസ് പരീക്ഷാഫലം

 അടുത്തമാസം 20നകം CBSE പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു.

പ്ലസ് ടു മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച്‌ സിബിഎസ്‌ഇ; നിര്‍ദേശം അംഗീകരിച്ച്‌ സുപ്രിംകോടതി

പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് പുതിയ ഫോര്‍മുലയുമായി സിബിഎസ്‌ഇ സുപ്രീംകോടതിയില്‍. മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി ഐസിഎസ്‌ഇയും സിബിഎസ്‌ഇയും കോടതിയില്‍ വ്യക്തമാക്കി. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് സിബിഎസ്‌ഇയുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്‌ഇ കോടതിയില്‍ വ്യക്തമാക്കി. 

സർവകലാശാല ഫൈനൽ സെമസ്റ്റർ പരീക്ഷ28 മുതൽ

വിവിധ സർവ്വകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ 21 മുതൽ സർവ്വകലാശാലകൾ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ നടത്തും. 

പരീക്ഷയ്ക്ക് ശേഷം ക്ലാസ് മുറികള്‍ അണുവിമുക്തമാക്കണം; സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം

അടഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് മുമ്പ് അണുവിമുക്തമാക്കണം. ഇതിന് ഫയര്‍ഫോഴ്സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം പരീക്ഷാകേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവി ഉറപ്പുവരുത്തണം. ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ലാസ് അണുവിമുക്തമാക്കണം. 

അധിക ഫീസ് ഈടാക്കരുത്; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകളോട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകളില്‍ അധിക ഫീസ് ഈടാക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. റഗുലര്‍ ക്ളാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്‍, പരീക്ഷ, യൂണിവേഴ്സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകള്‍ ആനുപാതികമായി കുറയ്ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. കൂടാതെ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ആരോഗ്യ സര്‍വകലാശാല പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോഴ്സുകളുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളെഴുതാനെത്തുന്ന എല്ലാ വിദ്യാർഥികളൾക്കും കോവി‍ഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ എന്നും സർവകലാശാല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ജെഎൻയുവിൽ എംബിഎ അഡ്മിഷൻ ആരംഭിച്ചു;ഉടൻ അപേക്ഷിക്കാം

ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ അടൽ ബിഹാരി വാജ്പേയ് സ്കൂൾ ഓഫ് മാനേജ്മെന്റ് ( ABVSME) ഈ വർഷത്തെ എംബിഎ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. താൽപര്യമുള്ളവർക്ക് jnuee.jnu.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകാവുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്.

അസാപ് കോഴ്സുകളില്‍ പ്രവേശനം

 ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സംസ്ഥാന സര്‍ക്കാര്‍ കമ്ബനിയായ അസാപ്, വിവിധ ഹ്രസ്വകാല കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. 2012 മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വളര്‍ത്താന്‍ വിവിധ കോഴ്സുകള്‍ അസാപ് നല്‍കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9497630550, 9496121512, 8606087207.

എംജി സർവകലാശാല പഠനവകുപ്പുകളിലെ പ്രവേശനം: അപേക്ഷ 29 വരെ

എംജി സർവകലാശാല ക്യാമ്പസിലെ വിവിധ വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന എംഎ, എംഎസ്‌സി, എംടിടിഎം, എൽഎൽഎം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ്‌ സ്പോർട്സ്, എംഎഡ്, എംടെക്, ബിബിഎ എൽഎൽബി, എന്നീ പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം.  പ്രവേശനത്തിനുള്ള അപേക്ഷ www.cat.mgu. ac.in എന്ന വെബ്സൈറ്റ് മുഖേന 29 വരെ സമർപ്പിക്കാം.

ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യു.ജി.സി.

ഓൺലൈൻ ബിരുദം നൽകാൻ രാജ്യത്തെ 38 സർവകലാശാലകൾക്ക് അനുമതി നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). 15 കൽപ്പിത സർവകലാശാലകളും 13 സംസ്ഥാന സർവകലാശാലകളും മൂന്ന് കേന്ദ്ര സർവകലാശാലകളും മൂന്ന് സ്വകാര്യ കോളേജുകളും ഈ പട്ടികയിൽപ്പെടും


0 comments: