2021, ഡിസംബർ 28, ചൊവ്വാഴ്ച

കൗമാരക്കാർക്ക് കൊവാക്‌സിൻ മാത്രം; ആധാറോ സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം

 


രാജ്യത്തെ കൗമാരക്കാർക്ക് വാക്‌സിൻ നൽകുന്നതിന്റെ ഭാഗമായി പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ ആകും കൗമാരക്കാർക്ക് നൽകുക. 2007 ലോ അതിന് മുൻപോ ജനിച്ചവർ വാക്‌സിൻ സ്വീകരിക്കാൻ അർഹരാണെന്ന് പുതിയ നയത്തിൽ പറയുന്നു.

പതിനഞ്ച് മുതൽ 18 വയസുവരെയുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇതിനായി ജനുവരി 1 മുതൽ കോവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്‌കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ആണ് കുത്തിവെക്കുക. എന്നാൽ പ്രായത്തിനനുസരിച്ച് കുത്തിവെക്കുന്ന വാക്‌സിന്റെ അളവിൽ വ്യത്യാസമുണ്ടാകില്ല.

ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്‌സിൻ തന്നെ നൽകിയാൽ മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പെടെ വിദഗ്ദ സമിതി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസിന്റെ ഇടവേള ഒൻപത് മാസമായി നിശ്ചയിച്ചത്. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കായിരിക്കും കരുതൽ ഡോസ് നൽകുക. ഇതിന് അർഹരായവർക്കും കോവിൻ സൈറ്റിൽ വിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം.


0 comments: