2021, ഡിസംബർ 10, വെള്ളിയാഴ്‌ച

പഠിക്കുന്നതോടൊപ്പം വരുമാനവും; സഹൃദ കോളജും അമേരിക്കന്‍ കമ്പനിയും ധാരണാപത്രം ഒപ്പിട്ടു

 
പഠിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനവും നേടാവുന്ന തരത്തില്‍ കൊടകര സഹൃദയ കോളജും അമേരിക്കന്‍ കമ്പനിയും കൈകോര്‍ക്കുന്നു. അമേരിക്കയിലെ പ്രമുഖ ഡാറ്റാ ലേബലിംഗ് കമ്പനിയായ ഡാറ്റാ ലേബലറുമായി (DATA LABELER) കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് സഹകരിച്ച് പ്രവര്‍ത്തിക്കും. പഠിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വരുമാനവും ലഭിക്കുന്ന പ്രൊജക്ടാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മിത ബുദ്ധിയിലും മെഷീന്‍ ലേണിംഗിലും പ്രവര്‍ത്തിക്കുന്ന വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ട്രെയിനിംഗ് ഡാറ്റാ സെറ്റുകള്‍ തയ്യാറാക്കി നല്‍കുന്ന പദ്ധതിയാണിത്. ഇതിന്റെ മുന്നോടിയായി ഡാറ്റാ ലേബലര്‍ കമ്പനിയുടെ ഓഫ്‌ഷോര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ആയ സ്റ്റാര്‍ ഇന്നോവഷന്‍സും സഹൃദയയും ധാരണാ പത്രം ഒപ്പുവച്ചു. പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന വിധത്തിലുള്ള പരിശീലനവും പ്രവൃത്തി പരിചയവും വരുമാനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്ന മെച്ചവുമുണ്ട്.

മികച്ച ആശയങ്ങള്‍ വിവിധ അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച ചെയ്ത് പ്രൊജക്ടുകളാക്കി മാറ്റാനുള്ള സാങ്കേതിക സഹായങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനി നല്‍കും. മികച്ച രീതിയില്‍ പ്രൊജക്ടുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലെയ്‌സ്‌മെന്റും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍, പ്രിന്‍സിപ്പാള്‍ ഡോ. നിക്‌സന്‍ കുരുവിള, ഡാറ്റാ ലേബലര്‍ സഹ സ്ഥാപകന്‍ ജെറില്‍ കാലാ, സ്റ്റാര്‍ ഇന്നൊവേഷന്‍ സ്ഥാപകന്‍ പി വി പ്രകാശ്, സഹൃദയ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. വിഷ്ണു രാജന്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 comments: