2021, ഡിസംബർ 20, തിങ്കളാഴ്‌ച

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ

 പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ, ഇന്ത്യൻ റിസർവ് ബാങ്ക്  എല്ലാ മെർച്ചന്റുമാരോടുംപേയ്‌മെന്റ് ഗെയ്‌റ്റ്‌വേകളോടും അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെൻസിറ്റീവ് ആയ വിവരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 2022 ജനുവരി 1 മുതൽ നടപ്പാക്കുന്ന പുതിയ നിയമം പ്രകാരം പണമിടപാടുകൾ നടത്താൻ മെർച്ചന്റുമാർ എൻക്രിപ്റ്റ് ചെയ്ത ടോക്കണുകൾ ഉപയോഗിക്കണം. ആർബിഐ നിഷ്കർഷിച്ച മാർഗനിർദ്ദേശങ്ങളെക്കുറിച്ച് ബാങ്കുകൾ ഉപഭോക്താക്കളെ അറിയിക്കാൻ തുടങ്ങിയിട്ടുണ്ട്.
എന്താണ് റിസർവ് ബാങ്കിന്റെ പുതിയ നിയമം?

2022 ജനുവരി 1 മുതൽ കാർഡ് മുഖേനയുള്ള പണമിടപാടുകളിൽ മെർച്ചന്റുമാർക്ക് ഉപഭോക്താക്കളുടെ കാർഡിന്റെ വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ നോട്ടീസിൽ ആർബിഐ വ്യക്തമാക്കി. മുമ്പ് സൂക്ഷിച്ചുവെച്ച കാർഡ് വിവരങ്ങൾ നീക്കം ചെയ്യണമെന്നും റിസർവ് ബാങ്ക് മെർച്ചന്റുമാരോട് നിഷ്കർഷിക്കുന്നു. പണമിടപാടിന്റെ ട്രാക്കിങ്ങിനും മറ്റാവശ്യങ്ങൾക്കും കാർഡിന്റെ നമ്പറിലെ അവസാന നാലക്കങ്ങളും കാർഡ് ഇഷ്യു ചെയ്ത ബാങ്കിന്റെ/സ്ഥാപനത്തിന്റെ പേരും ഉൾപ്പെടെ പരിമിതമായ വിവരങ്ങൾ സൂക്ഷിക്കാമെന്നും ആർബിഐ നിർദ്ദേശത്തിൽ പറയുന്നു.

എന്താണ് ടോക്കണൈസേഷൻ?

കാർഡിലെ ശരിയായ വിവരങ്ങൾക്ക് പകരം 'ടോക്കൺ' എന്നറിയപ്പെടുന്ന ബദൽ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോക്കണൈസേഷൻ എന്ന് പറയുന്നത്. ടോക്കൺ റിക്വസ്റ്റർ നൽകുന്ന ആപ്പിൽഒരു അപേക്ഷ സമർപ്പിക്കുന്നതിലൂടെ കാർഡ് ഉടമയ്ക്ക് കാർഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ അപേക്ഷ ടോക്കൺ റിക്വസ്റ്റർ കാർഡ് ശൃംഖലയ്ക്ക് നൽകും. തുടർന്ന് കാർഡ് ഇഷ്യൂവറിന്റെ അനുമതിയോടെ ഉപഭോക്താവിന് ടോക്കൺ അനുവദിക്കും.

2022 ജനുവരി 1 മുതൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?

ഒരു മെർച്ചന്റിൽ നിന്ന് നിങ്ങൾ ഒരു സാധനം വാങ്ങുമ്പോൾ ആ മെർച്ചന്റ് ടോക്കണൈസേഷൻ ആരംഭിക്കും. കാർഡ് ടോക്കണൈസ് ചെയ്യാൻ നിങ്ങളുടെ സമ്മതം ലഭിച്ചാൽ കാർഡ് ശൃംഖലയ്ക്ക് മെർച്ചന്റ് ഒരു ടോക്കണൈസേഷൻ റിക്വസ്റ്റ് സമർപ്പിക്കും. തുടർന്ന് കാർഡ് ശൃംഖല ഒരു ടോക്കൺ സൃഷ്ടിക്കുകയും മെർച്ചന്റിന് അയയ്ക്കുകയും ചെയ്യും. നിങ്ങളുടെ പതിനാറക്ക കാർഡ് നമ്പറിന് പകരമായിരിക്കും ഈ ടോക്കൺ. ഭാവി പണമിടപാടുകൾക്കായി മെർച്ചന്റ് ഈ ടോക്കൺ സൂക്ഷിച്ചുവെയ്ക്കും. പണമിടപാട് പൂർത്തിയാക്കാൻ നിങ്ങൾ സിവിവി നമ്പറും ഒടിപിയും നൽകേണ്ടി വരും. മറ്റൊരു കാർഡ് ഉപയോഗിക്കണമെങ്കിൽ ഇതേ പ്രക്രിയ വീണ്ടും പിന്തുടരണം.

കാർഡ് ടോക്കണൈസേഷൻ സുരക്ഷിതമാണോ?

"ഓതറൈസ്‌ഡ്‌ കാർഡ് ശൃംഖലകൾ കാർഡിന്റെ ശരിയായ വിവരങ്ങളും ടോക്കണും പ്രസക്തമായ മറ്റു വിവരങ്ങളും സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കുന്നു. കാർഡ് നമ്പറോ കാർഡിന്റെ മറ്റു വിവരങ്ങളോ ടോക്കൺ റിക്വസ്റ്റർക്ക് സൂക്ഷിച്ചു വെയ്ക്കാൻ കഴിയില്ല", റിസർവ് ബാങ്ക് വെബ്‌സൈറ്റിൽ പറയുന്നു. എൻക്രിപ്റ്റ്‌ ചെയ്ത രൂപത്തിൽ കാർഡിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നത് സൈബർ തട്ടിപ്പ് തടയാനും സഹായിക്കും.


0 comments: