2022, ജനുവരി 21, വെള്ളിയാഴ്‌ച

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ചോദ്യ പാറ്റേണ്‍: വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തിലാക്കരുത് -ഫ്രറ്റേണിറ്റി

 

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ കഴിഞ്ഞവര്‍ഷം സ്വീകരിച്ചിരുന്ന ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷ രീതി ഇത്തവണ അവസാന നിമിഷത്തില്‍ മാറ്റി വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പ് സമീപനം നീതീകരിക്കാവുന്നതല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

സമ്പൂർണ്ണമായി  ഓഫ് ലൈനാകുകയോ പാഠഭാഗങ്ങള്‍ വേണ്ടവിധം പൂര്‍ത്തിയാക്കാനാവശ്യമായ സമയം ലഭിക്കുകയോ ചെയ്ത അധ്യയന വര്‍ഷമല്ല ഇത്തവണത്തേതും. അതുകൊണ്ട് തന്നെ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി മാത്രമായിരിക്കും പരീക്ഷ എന്ന അടിസ്ഥാനത്തില്‍ അധ്യയനത്തെ സമീപിക്കുകയും പാഠഭാഗങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമൊക്കെയായി ധാരാളം വിദ്യാര്‍ത്ഥികളണ്ട്. ഇതേ വിഷയം വ്യത്യസ്ത അധ്യാപക സംഘടനകളും ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ നവംബറില്‍ മാത്രമാണ് പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അധ്യയനം പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ പരീക്ഷയെ നേരിടേണ്ട ദുരവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. അപ്പോഴും മുന്‍ വര്‍ഷത്തേതിന് സമാനമായി ഫോക്കസ്ഡ് ഏരിയകള്‍ അടിസ്ഥാനപ്പെടുത്തിയ പരീക്ഷയാകും എന്ന പ്രതീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍, പരീക്ഷയോട് അടുത്ത ഈ ഘട്ടത്തില്‍ അതിനെ അട്ടിമറിച്ച സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഭാരിച്ച സിലബസ് പൂര്‍ത്തീകരിക്കേണ്ട പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യം പൂര്‍ണമായി വിട്ടൊഴിയാത്ത സാഹചര്യത്തിലും മുഴുവന്‍ പാഠഭാഗങ്ങളില്‍നിന്നും പരീക്ഷ ചോദ്യങ്ങള്‍ സ്വീകരിക്കുന്ന സമീപനമാണ് നിലവിലുള്ളത്. 30 ശതമാനം ഫോക്കസ്ഡ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങള്‍ എന്നത് പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിക്കേണ്ട സാഹചര്യം ആയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം സ്വീകരിച്ച പരീക്ഷാ രീതി തുടരുകയും ഈ വര്‍ഷത്തെയും പരീക്ഷ പുനഃക്രമീകരിക്കുകയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയും ചെയ്യേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടര്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് പകരം ഇത്തരം കുറുക്കുവഴികളിലൂടെ വിജയശതമാനം കുറക്കാനുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ അങ്ങേയറ്റം ബാലിശമാണ്.

സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. എസ്. മുജീബുറഹ്മാന്‍, അര്‍ച്ചന പ്രജിത്ത്, കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്റിന്‍, ഫസ്ന മിയാന്‍, മഹേഷ് തോന്നക്കല്‍, സനല്‍ കുമാര്‍, ഫാത്തിമ നൗറിന്‍ എന്നിവര്‍ സംസാരിച്ചു.


0 comments: