വാഹനങ്ങളില്‍ ശബ്ദ, രൂപം മാറ്റുന്നവരെയും അമിതവേഗക്കാരെയും കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പുതിയ ഓപ്പറേഷനായ ഓപ്പറേഷന്‍ സൈലന്‍സ് സംസ്ഥാനത്ത് നടത്തിയത് വ്യാപക പരിശോധന.നിരവധി പേര്‍ക്കെതിരെയാണ് ഇതിനകം പരിശോധനയില്‍ എംവിഡി നടപടിയെടുത്തത്. നിയമലംഘകരില്‍ നിന്നും ഒരാഴ്ച കൊണ്ട് ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതില്‍ 68 ലക്ഷം അനധികൃത രൂപമാറ്റത്തിനും 18 ലക്ഷം അമിത വേഗത്തിനുമാണ്. ജില്ലകളിലുടനീളം നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ യാത്രം ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന ലോറികള്‍ വരെ കുടുങ്ങി.
ഫെബ്രുവരി 14 മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക. ഹാന്‍ഡില്‍ ബാര്‍ മാറ്റുക. അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി നേരത്തെ വ്യക്തമാക്കിയിരുന്നു. അമിത വേഗക്കാരെയും അഭ്യാസ പ്രകടനക്കാരെയും കണ്ടുപിടിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് എംവിഡി.
റോഡുകളില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. അമിത വേഗമുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പർ ഏര്‍പ്പെടുത്തി. നിയമലംഘനം നടത്തുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും കണ്ടാല്‍ ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും ഈ നമ്പറിൽ അയക്കാം. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് നല്‍കുന്നു. ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നു.
0 comments: