2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ബൈക്ക് മോഷണം കൂടുന്നു ; കൈയില്‍ കരുതണം 'എക്സ്ട്രാ പൂട്ട് '



താക്കോല്‍ പൂട്ടിന് പുറമേ, ഹാന്‍ഡില്‍ ലോക്കിട്ടിട്ടും കാര്യമില്ല !നിന്ന നില്‍പ്പില്‍ ബൈക്ക് കവരുന്ന മോഷ്ടാക്കള്‍ വിലസുകയാണ് .അറസ്റ്റും കൂടുന്നുണ്ട്. പിടിയിലാകുന്നത് അധികവും കുട്ടികളാണെന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ലഹരിയിടപാടുകള്‍ക്കായാണ് കുട്ടികള്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നതെന്നാണ് സംശയിക്കുന്നത്. പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. ബൈക്കുകളുടെ സുരക്ഷ ഉടമയുടേയും ഉത്തരവാദിത്വമാണെന്നും പകലും ബൈക്ക്-സ്കൂട്ടര്‍ ലോക്കുകള്‍ ഉപയോഗിക്കണമെന്നുമാണ് പൊലീസിന്റെ നി‌ര്‍ദ്ദേശം.

തിരക്ക് കുറഞ്ഞയിടം കണ്ടെത്തി ബൈക്കുമായി മുങ്ങുന്ന പഴഞ്ചന്‍ രീതിയൊന്നും മോഷ്ടക്കള്‍ ഇപ്പോള്‍ പിന്തുടരുന്നേയില്ല. സി.സി.ടിവി കാമാറ നിരീക്ഷണമുള്ള തിരക്കേറിയ ഇടത്തുനിന്നുപോലും ബൈക്കുകള്‍ മോഷ്ടിച്ച്‌ കടത്തുകയാണ്. മാസ്ക് നി‌ര്‍ബന്ധമാക്കിയത് മുതലെടുത്താണ് കവ‌ര്‍ച്ച. സി.സി.ടിവി കാമറകള്‍ പരിശോധിച്ചാലും മുഖം വ്യക്തമാകാത്തത് അന്വേഷണത്തേയും ബാധിക്കുന്നുണ്ട്.

പെട്രോള്‍ തീ‌ര്‍ന്നാല്‍ വാഹനം റോഡരികില്‍ ഉപേക്ഷിച്ച്‌ അടുത്തത് മോഷ്ടിക്കുന്നതാണ് യുവാക്കളുടെ രീതി.  നിരവധി ബൈക്കുകളാണ് ഇങ്ങനെ പാതയോരങ്ങളില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. വാഹനങ്ങള്‍ കസ്റ്റഡിയിലെത്ത് സ്റ്റേഷനിലെത്തിക്കുകയാണ് നടപടി.

പൊലീസ് നി‌ര്‍ദ്ദേശം

  • ബൈക്ക് ലോക്കുകള്‍ ഉപയോഗിക്കുക
  • ശ്രദ്ധയില്ലാതെ ബൈക്ക് പാ‌ര്‍ക്ക് ചെയ്യരുത്
  • വഴിയരികില്‍ പാ‌ര്‍ക്ക് ചെയ്യരുത്
  • താക്കോലെടുക്കാന്‍ മറക്കരുത്
  • മോഷണവിവരം ഉടന്‍ അറിയിക്കണം

ബൈക്ക്-സ്കൂട്ടര്‍ ലോക്കുകള്‍ 150 രൂപ മുതല്‍ വിപണയില്‍ ലഭ്യമാണ്. മികിച്ച ഗുണനിലവാരമുള്ളതിന് 1500 മുതല്‍ 2000 രൂപ വരെ നല്‍കണം. ബൈക്ക് അനുബന്ധ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളിലും ഓണ്‍ലൈനായും വാങ്ങാം. ഇവ ബൈക്കിന്റെ വീലുമായി ഘടിപ്പിച്ച്‌ പൂട്ടുന്നതിനാല്‍ ഇരട്ടി സുരക്ഷയാണ് ലഭിക്കുക.ബൈക്കുകളുടെ സുരക്ഷ ഉടമയുടേയും ഉത്തരവാദിത്തമാണ്. വീല്‍ ലോക്കുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ നല്‍കും.


0 comments: