2022, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

(FEBRUARY 4) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി

കോവിഡ്  മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി.  ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്.

അടിമുടി മാറ്റങ്ങളോടെ ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു

അടിമുടി മാറ്റങ്ങളോടെ  മാറ്റങ്ങളോടെ ഹയര്‍ സെക്കണ്ടറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. ഇനിമുതൽ റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ക്ക് ഇരട്ട മുല്യനിര്‍ണയമുണ്ടാകും. പ്രായോഗിക പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സ്ക്വാഡ് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 2005ല്‍ തയ്യാറാക്കിയ ഹയര്‍സെക്കണ്ടറി പരീക്ഷ മാനുവലാണ് കാലോചിതമായ മാറ്റങ്ങളോടെ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചത്

നീറ്റ് പിജി പരീക്ഷകൾ മാറ്റിവച്ചു

മാർച്ച് 12ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകൾ (NEET PG Exams) ആറാഴ്ചത്തേക്ക് മാറ്റിവച്ചു. പുതിയ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്റേൺഷിപ്പ് സമയപരിധി നീട്ടണമെന്നും ഉദ്യോഗാർത്ഥികൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 12ന് നടക്കാനിരുന്ന പരീക്ഷയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.  പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.ബി.എസ് (MBBS) വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന  യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായവരാകണം. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 0471 2325101. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. 

പരിശീലനത്തിന് അപേക്ഷിക്കാം

സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ‘എൻ.ടി.എസ്.ഇ’ കോച്ചിംഗ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 55 ശതമാനം  മാർക്ക് നേടിയ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്നവർക്കും, ഈ വർഷം എൻ.ടി.എസ്.ഇ പരീക്ഷയ്ക്ക് അപേക്ഷിച്ച 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കുമാണ് ഓൺലൈൻ കോച്ചിംഗ് .www.minoritywelfare.kerala.gov.in ൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ ‘കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് (സി.സി.എം.വൈ)’ എന്ന സ്ഥാപനത്തിൽ നൽകണം. അപേക്ഷ 19 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

സിഎ പരീക്ഷകളുടെ ഫലം ഫെബ്രുവരി 11നകം പ്രസിദ്ധീകരിക്കും

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) നടത്തുന്ന സിഎ (CA) ഫെെനൽ, ഫൗണ്ടേഷൻ പരീക്ഷാഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 11-നകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് നിലവിലുള്ള സൂചന. കൂടുതൽ വിശദാംശങ്ങളുള്ള ഒരു ഔദ്യോഗിക അറിയിപ്പ് ഔദ്യോഗിക വെബ്‌സൈറ്റായ icai.org- ലും ഉടൻ പ്രതീക്ഷിക്കാം.

സിബിഎസ്ഇ ഒന്നാം ടേം ഫലം ഫെബ്രുവരി ആദ്യവാരം എത്തിയേക്കുമെന്ന് സൂചന

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ ( CBSE) പത്താം ക്ലാസ് പ്ലസ്ടു ഒന്നാം ടേം റിസൾട്ട് ഉടൻ എത്തുമെന്ന് സൂചന.   ജനുവരി അവസാനത്തിലോ ഫെബ്രുവരി ഒന്നാം വാരത്തോടെയോ എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.  പ്രഖ്യാപനത്തിന് മുന്നോടിയായി, വിദ്യാർത്ഥികൾക്ക് എങ്ങനെ മാർക്ക് നൽകുമെന്നതിനെപ്പറ്റിയും മോഡറേഷൻ നയത്തെപ്പറ്റിയും  ഹാജരാകാത്ത വിദ്യാർത്ഥികൾക്കുള്ള നയം, ഈ വർഷത്തെ ബോർഡ് പരീക്ഷകൾക്കുള്ള സിബിഎസ്ഇയുടെ മോഡറേഷൻ നയം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

വിദ്യാർഥികളുടെ കരിയർ വച്ച് കളിക്കാൻ കഴിയില്ല; ‘ഗേറ്റ്’ മാറ്റില്ല, ഹർജി തള്ളി

കോവിഡ് സാഹചര്യം പരിഗണിച്ച് നാളെ നടക്കാനിരിക്കുന്ന ‘ഗേറ്റ്’(ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫോർ എൻജിനീയറിങ്) പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി.പരീക്ഷയ്ക്ക് 48 മണിക്കൂറിനു മുൻപ് മാറ്റിവച്ചാൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും കോടതി പറഞ്ഞു .

ഓൾ ഇന്ത്യ മെഡിക്കൽ യുജി ആദ്യറൗണ്ടിൽ ‘ഹൈബ്രിഡ്’ പ്രവേശനരീതി; വ്യവസ്ഥകളിങ്ങന

കോവിഡ്സാഹചര്യം പരിഗണിച്ച് ഓൾ ഇന്ത്യ മെഡിക്കൽ യുജി ആദ്യറൗണ്ടിൽ ‘ഹൈബ്രിഡ്’ പ്രവേശനരീതി അനുവദിച്ചു. നേരിട്ടുചെന്നോ, ചെല്ലാതെ ഓൺലൈനായോ ചേരാം. കോവിഡ് പ്രോട്ടക്കോൾ ആവശ്യം, വിദ്യാർഥിക്കു കോവിഡ് ബാധിച്ച സാഹചര്യം എന്നിവയുള്ളപ്പോൾ സ്വീകരിക്കാനുള്ള മാർഗമാണ് ഓൺലൈൻ റിപ്പോർട്ടിങ് (ഇ–ജോയിനിങ്).
കേരള എംബിബിഎസ്, ബിഡിഎസ് ആദ്യ അലോട്മെന്റ് സർക്കാർ മെറിറ്റിൽ 594–ാം റാങ്ക് വരെ
കേരളത്തിൽ 2021–22 ലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചു. 594–ാം റാങ്ക് വരെയുള്ളവർക്കാണ് സർക്കാർ മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം ലഭിച്ചിരിക്കുന്നത്.വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട് ചെയ്തിട്ടുള്ള കോഴ്സ്/കോളജ്, കാറ്റഗറി ,അടയ്ക്കേണ്ട ഫീസ് എന്നിവയടങ്ങിയ അലോട്മെന്റ് മെമ്മോയും വിദ്യാർഥിയെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഡേറ്റഷീറ്ഹോംപേജിലുണ്ട്. ഇവ ഡൗൺലോഡ് ചെയ്തെടുക്കാം: www.cee.kerala.gov.in

വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെറ്ററിനറി സയന്‍സ് ബാച്ചിലര്‍ പ്രോഗ്രാം

വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു.) രാജീവ്ഗാന്ധി സൗത്ത് കാമ്പസില്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി (ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ അഞ്ചരവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ 60 സീറ്റുണ്ട്.
അപേക്ഷകര്‍ നീറ്റ് യു.ജി. 2021 അഭിമുഖീകരിച്ചിരിക്കണം. അപേക്ഷ www.bhuonline.in വഴി ഫെബ്രുവരി ആറുവരെ നല്‍കാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പിഎച്ച്.ഡി. പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാലയുടെ മെഡിസിന്‍ ഫാക്കല്‍റ്റിയുടെ കീഴിലുളള വിഷയങ്ങളില്‍ നടത്തിയ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷ പാസായിട്ടുളളവര്‍ക്ക് ആരോഗ്യസര്‍വകലാശാലയില്‍ നേരിട്ട് പിഎച്ച്.ഡി.ക്ക് പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുളള അവസാന അവസരം ആരോഗ്യസര്‍വകലാശാല അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ആരോഗ്യസര്‍വകലാശാലയുടെ 2022 ജനുവരി 15 ലെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ നോട്ടിഫിക്കേഷന്‍ പരിശോധിക്കേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.ബി.എ. (1995 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വോക്കൽ പി.ജി.സി.എസ്.എസ്. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

കെ.എ.എസ്. പരീക്ഷാ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം ഓണ്‍ലൈനായി നല്‍കുന്നു. കെ.എ.എസ്. പ്രാഥമിക പരീക്ഷാ സിലബസിന് ഊന്നല്‍ നല്‍കുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം bureaukkd @gmail.com എന്ന ഇ-മെയിലില്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ നല്‍കുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍ 0494 2405540

ആഭരണ, കളിപ്പാട്ട നിര്‍മാണ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ആഭരണ, കളിപ്പാട്ട നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ക്ലാസ്സുകള്‍ 16-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഫീസടച്ച് 16-ന് മുമ്പായി നേരിട്ട് അപേക്ഷിക്കേണ്ടതാണ്. 170 രൂപ പിഴയോടെ 18 വരെ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടി മീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 കണ്ണൂർ സർവകലാശാല

പഠന സഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം ജി കോളേജ് ഇരിട്ടി, പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം എന്നീ കോളേജുകൾ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബിരുദ ബി കോം വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 08.02.2022 ചൊവ്വ, ബി എ/ ബി ബി എ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 10.02.2022 വ്യാഴം എന്നീ ദിവസങ്ങളിൽ എം ജി കോളേജ് ഇരിട്ടി പഠന കേന്ദ്രത്തിൽ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.

.പ്രൊജക്റ്റ് റിപ്പോർട്ട്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 2022 മാർച്ച് 02 മുതൽ 31 വരെ രാവിലെ 10.30 മണിമുതൽ 3.30 വരെ സർവകലാശാല താവക്കര ആസ്ഥാനത്ത്, വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ് . വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ .0 comments: