റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനും ലൈഫ് സര്‍ട്ടിഫിക്കറ്റിനുമായി ഇനി ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട.റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് പകരം, സമാന സ്വഭാവത്തോടെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാല്‍ മതിയാകും. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്ന് സാക്ഷ്യപ്പെടുത്തി വാങ്ങാം. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ നല്‍കുന്ന ലോക്കേഷന്‍ മാപ്പിനൊപ്പം ചേര്‍ത്ത് നല്‍കാനും സര്‍ക്കാര്‍ ഉത്തരവായി.
റവന്യു വകുപ്പിലെ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ഒരേ ഉപയോഗത്തിന് ഒന്നിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ടിവരുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും കൂടിയാണിത്.ഇപ്പോള്‍ 23 തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്നത്. അതേസമയം, ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇവ വില്ലേജ് ഓഫീസില്‍ നിന്നുതന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്.
ഒരു സ്ഥലത്ത് അപേക്ഷകന്‍ സ്ഥിരതാമസമാണെന്ന് തെളിയിക്കാന്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് സമാന സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇത് മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നതിനുള്ള സാക്ഷ്യപത്രമായ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ അനുവാദമുള്ളതിനാലാണ് വില്ലേജ് ഓഫീസില്‍ നിന്ന് ഒഴിവാക്കുന്നത്.
വസ്തു ഈടില്‍ ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാനാണ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടത്. കൈവശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ മാപ്പ് എന്നിവയ്ക്കൊപ്പമാണ് ഇതും നല്‍കുന്നത്. ഭൂമി സംബന്ധമായ വിശദാംശങ്ങളും അതിര്‍ത്തിയും കൈവശ സര്‍ട്ടിഫിക്കറ്റിലുണ്ട്. പ്രധാന പാതയില്‍ നിന്നുള്ള ദൂരം ലൊക്കേഷന്‍ മാപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്. ദൂര അളവുകളും വസ്തുവിന്റെ അതിര്‍ത്തിയും ടോപ്പോഗ്രാഫിക് ചിഹ്നങ്ങളും (വസ്തുവിന് സമീപമുള്ള ദേവാലയങ്ങളോ മറ്രുപൊതു സ്ഥാപനങ്ങളോ) ലൊക്കേഷന്‍ മാപ്പില്‍ കൂടി ഉള്‍പ്പെടുത്തി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാനാണ് ഉത്തരവ്.
ഒരു വ്യക്തി ഏതെങ്കിലും സ്ഥാപനത്തിന് അപേക്ഷ നല്‍കുമ്ബോള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്ന് നിര്‍ബന്ധമായി വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതു നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
0 comments: