2022, ഏപ്രിൽ 30, ശനിയാഴ്‌ച

പ്ലസ് ടു വിനു ശേഷം എന്തെല്ലാം സാധ്യതകള്‍?

 

പ്ലസ് ടു  പരീക്ഷ കഴിഞ്ഞു .വിദ്യർത്ഥികളും  രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദ്യാര്‍ഥിയുടെ താല്‍പ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ ഉപരിപഠന മേഖലയാണ് തിരഞ്ഞെടുക്കേണ്ടത്.കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ വരാനുള്ള മാറ്റങ്ങളും വികസനവും സ്വപ്നം കാണണം. പ്ലസ് ടു വിന് ശേഷം പ്രൊഫഷണല്‍ കോഴ്‌സുകളേറെയുണ്ട്. സാധ്യതയുള്ള മറ്റു കോഴ്‌സുകളുമുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അഡ്മിഷന് പ്രവേശനപ്പരീക്ഷ എഴുതേണ്ടതുണ്ട്.

സയന്‍സ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ്, കാര്‍ഷിക കോഴ്‌സുകള്‍ക്ക് ചേരാന്‍ താല്‍പര്യപ്പെടാറുണ്ട്. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലൂടെ മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിയ്ക്കും. എന്‍ജിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് നിരവധി പ്രവേശന പരീക്ഷകളുണ്ട്. ജെ.ഇ.ഇ. ( മെയിന്‍ ), അഡ്വാന്‍സ്ഡ്, ബിറ്റ്‌സാറ്റ്, KEAM, അമൃത, വി.ഐ.ടി., എസ്.ആര്‍.എം., CUSAT, CAT തുടങ്ങിയവ ഇവയില്‍പ്പെടും. മെഡിക്കല്‍ പ്രവേശനത്തിനായി എയിംസ്, ജിപ്മര്‍ പ്രവേശന പരീക്ഷകളുണ്ട്. ദേശീയതലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കാര്‍ഷിക കോഴ്‌സുകളിലേക്കുള്ള ICARUG Agri പ്രവേശന പരീക്ഷ നടത്തുന്നു. 

നിയമപഠനത്തിനായി CLAT, സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇന്റഗ്രേറ്റഡ് LLB പ്രവേശന പരീക്ഷ, ഐ.ഐ.എം ഇന്‍ഡോറിന്റെ മാനേജ്‌മെന്റ് പ്രവേശന പരീക്ഷ, ഐ.ഐ.ടി. മദ്രാസിന്റെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് പരീക്ഷ, ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി കോഴ്‌സിനുള്ള NIFT, NID, UCEED തുടങ്ങി നിരവധി പരീക്ഷകള്‍ എഴുതാൻ ശ്രമിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥികളുണ്ട്. പ്രവേശന പരീക്ഷാ റാങ്കിനനുസരിച്ചാണ് അഡ്മിഷന്‍. ചില വിദ്യാര്‍ഥികള്‍ക്ക് എല്ലാ പരീക്ഷകളിലും മികച്ച റാങ്കുണ്ടാകും. ഇവര്‍ അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുക്കണം. മറ്റു ചിലര്‍ റാങ്കിംഗില്‍ പിറകിലായിരിക്കും. ഇവര്‍ സാധ്യതയുള്ള മറ്റു കോഴ്‌സുകള്‍ക്ക് അപേക്ഷിക്കണം. താല്‍പര്യമില്ലാത്ത കോഴ്‌സില്‍ പ്രവേശനം നേടി മറ്റുള്ളവരുടെ അവസരങ്ങള്‍ നിഷേധിക്കരുത്.

സയന്‍സില്‍ താല്‍പര്യമുള്ളവര്‍ക്ക് ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നൈസര്‍ എന്നിവ നല്ലതാണ്. ഇതിനായി അഭിരുചി പരീക്ഷകളുണ്ട്. സ്‌പേസ് സയന്‍സ് കോഴ്‌സുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് JEE/Main/Advanced റാങ്കിനനുസരിച്ച് IISAT ല്‍ പ്രവേശനം നേടാം. ഫുഡ് ടെക്‌നോളജിയില്‍ താല്‍പര്യമുള്ളവര്‍ക്ക് JEE മെയിന്‍ റാങ്കിനനുസരിച്ച് NIFTEM, Indian Institute of Food Technology, Tanjavur എന്നിവിടങ്ങളില്‍ അഡ്മിഷന് ശ്രമിക്കാം.

എന്‍ജിനീയറിംഗില്‍ താല്‍പര്യമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കണം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, സിവില്‍ തുടങ്ങിയ കോര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുത്ത് താല്‍പര്യമുള്ള മേഖലകളില്‍ ഉപരിപഠനം നടത്താം. ഓട്ടോമൊബൈല്‍, റോബോട്ടിക്‌സ്, ഓട്ടമേഷന്‍, എയ്‌റോനോട്ടിക്‌സ്, ബയോമെഡിക്കല്‍, വി.എല്‍.എസ്.ഐ. ഡിസൈന്‍, എംബഡഡ്് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, ടെക്‌നോളജി, സൗണ്ട് എന്‍ജിനീയറിംഗ്, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി, ഡിസൈന്‍ എന്‍ജിനീയറിംഗ് തുടങ്ങി നിരവധി എന്‍ജിനീയറിംഗ് ശാഖകളുണ്ട്.

പ്ലസ്ടു ഏതു ഗ്രൂപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കും ഡിസൈന്‍, ലോ, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, മീഡിയ, ജേര്‍ണലിസം, ഇംഗ്ലീഷ്, വിദേശ ഭാഷ പ്രോഗ്രാമുകള്‍ക്ക് ചേരാം. കോമേഴ്‌സ് ഗ്രൂപ്പെടുത്ത് അക്കൗണ്ടിംഗ്, ആക്ച്വറിയല്‍ സയന്‍സ്, ഫിനാന്‍ഷ്യല്‍, അനലിറ്റിക്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് ചേരാം. CPT എഴുതി CA പഠനം തുടങ്ങാം. CIMA, ACCA, CMA എന്നിവ മികച്ച പ്രോഗ്രാമുകളാണ.്

ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് ബി.എ. ഓണേഴ്‌സ്, വിദേശ ഭാഷ, മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം എന്നിവയിലെ കോഴ്‌സുകളാണ്. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിരവധി ബി.എസ്.സി., ബി.എ., ബി.കോം, ബി.ബി.എ. പ്രോഗ്രാമുകളുണ്ട്.

മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡാറ്റ സയന്‍സ് മികവുറ്റതാണ്. ബയോളജിയില്‍ താല്‍പര്യമുള്ളവര്‍ക്ക് അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഷിഷറീസ്, ഫോറസ്ട്രി, ആയുര്‍വ്വേദ, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി സുവോളജി, എന്‍വിയോണ്‍മെന്റല്‍ സ്റ്റഡീസ്, ഫുഡ് സയന്‍സ്, ബോട്ടണി, ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രോഗ്രാമിന് ചേരാം.

ഹ്യമാനിറ്റീസ് ഗ്രൂപ്പെടുത്തവര്‍ക്ക് ഇക്കണോമിക്‌സ്, സോഷ്യോളജി, സൈക്കോളജി, ഹിസ്റ്ററി , ഭാഷ, ആന്ത്രപ്പോളജി, പബ്ലിക് പോളിസി, ഡെവലപ്‌മെന്റല്‍ സയന്‍സ് കോഴ്‌സിനു ചേരാം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കുലിനറി ആര്‍ട്‌സ്, ഏവിയേഷന്‍, സപ്ലൈചെയിന്‍, അഗ്രിബിസിനസ്, ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സുകള്‍ക്ക് ഏത് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും ചേരാം. NCHM & CT യുടെ JEE പരീക്ഷ, മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ എന്നിവയിലൂടെ മികച്ച ഹോസ്പിറ്റാലിറ്റി കോഴ്‌സിന് ചേരാം.

അമൃത വി.ഐ.ടി.എസ്. ആര്‍.എം., തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലകളിലെ ബി.എസ്.സി. ആഗ്രിക്കള്‍ച്ചറല്‍ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. സിനിമാറ്റോഗ്രഫി കോഴ്‌സുകള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്.

പ്ലസ് ടു വിന് ശേഷം SAT, TOEFL/IELTS എഴുതി വിദേശത്ത് പഠിയ്ക്കാം. NEET റാങ്ക് വിലയിരുത്തി, ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്‌സിന് ചേരാം.

ബിരുദത്തിനപ്പുറം മികച്ച കോഴ്‌സുകളുണ്ടെന്ന് അറിയാനും താല്‍പര്യമുള്ള കോഴ്‌സുകളുടെ മുന്‍ഗണനാക്രമം തീരുമാനിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതാണ്.

0 comments: