2022, മേയ് 3, ചൊവ്വാഴ്ച

നീറ്റിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി; പരീക്ഷ മാറ്റിവയ്ക്കുമോ?

 

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് (NEET 2022) അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. മെയ് 6ന് ആയിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അപേക്ഷകര്‍ക്ക് മെയ് 15ന് രാത്രി 11:50 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള സമയപരിധി നീട്ടിയതിനാല്‍, പരീക്ഷ  മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പരീക്ഷാ തീയതി സംബന്ധിച്ച് എന്‍ടിഎ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തങ്ങള്‍ക്ക് മതിയായ സമയമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. നീറ്റ് ഓഗസ്റ്റില്‍ നടത്തണമെന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം.

നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന് നടക്കും. പരീക്ഷയില്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. ഓരോന്നിനും നാല് ഓപ്ഷനുകള്‍ ഉണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷയെ തരംതിരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അവ രണ്ട് വിഭാഗങ്ങളായി (എയും ബിയും) തിരിച്ചിരിക്കുന്നു. 200 മിനിറ്റ് (3 മണിക്കൂര്‍ 20 മിനിറ്റ്) ആയിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. ഉച്ചയ്ക്ക് 2 മുതല്‍ 05.20 വരെയാണ് പരീക്ഷ നടക്കുക. പുതുക്കിയ മാര്‍ക്കിംഗ് പദ്ധതി അനുസരിച്ച്, തെറ്റായ ഉത്തരത്തിന് രണ്ട് സെഷനുകളിലും ഒരു മാര്‍ക്ക് കുറയ്ക്കും.

കൂടാതെ, ബിഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി വനിതാ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനും നീറ്റ് സ്‌കോര്‍ ഉപയോഗിക്കും. ആറ് സായുധ സേനാ മെഡിക്കല്‍ സേവനങ്ങളും (എഎഫ്എംഎസ്) നീറ്റ് സ്‌കോറുകള്‍ സ്വീകരിക്കും. എഎഫ്എംസി പൂനെ, സിഎച്ച് കൊല്‍ക്കത്ത, ഐഎന്‍എച്ച്എസ് മുംബൈ, എഎച്ച് ന്യൂഡല്‍ഹി, സിഎച്ച് ലഖ്നൗ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങള്‍ വഴി മൊത്തം 220 സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ വര്‍ഷം കോവിഡ് 19  പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ 543 നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് 100 രൂപയും വിദേശികള്‍ക്ക് 1000 രൂപയും പരീക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എംബിബിഎസ് (MBBS), ബിഡിഎസ് (BDS), ആയുഷ് കോഴ്സുകള്‍, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി ലൈഫ് സയന്‍സസ്, വെറ്ററിനറി കോഴ്സുകള്‍ തുടങ്ങിയ ബിരുദ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് നീറ്റ്. ഇതുവരെ 11 ലക്ഷത്തിലധികം നീറ്റ് അപേക്ഷകള്‍ എന്‍ടിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2021ല്‍ ഏകദേശം 16 ലക്ഷം പേര്‍ മെഡിക്കല്‍ പ്രവേശനത്തിനു അപേക്ഷിച്ചിരുന്നു .

0 comments: