2022, മേയ് 3, ചൊവ്വാഴ്ച

ടെക്സ്റ്റൈൽ ബിസിനസ് മാനേജ്‌മന്റ് പഠിക്കാം : അപേക്ഷ 16 വരെ

 


കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപന‌മായ കോയമ്പത്തൂരിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ മാനേജ്‌മെന്റിൽ പ്രവേശനത്തിന് അപേക്ഷിക്കാം. വ്യവസായശാലകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നു യോഗ്യത നേടുന്നവർക്ക് മികച്ച ജോലി സാധ്യതയുണ്ട്. Sardar Vallabhbhai Patel International School of Textiles & Management, Avinashi Road, Peelamedu, Coimbatore - 641 004; ഫോൺ: 98438 14145; admission@svpitm.ac.in

കോഴ്സുകൾ 

എ) സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ്

1) ബിഎസ്‌സി ടെക്സ്റ്റൈൽസ്, 3 വർഷം, 88 സീറ്റ്. സയൻസ് കൈവഴിയിലോ ടെക്സ്റ്റൈൽ അടങ്ങിയ വൊക്കേഷനൽ കൈവഴിയിലൊ 50% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.

2) ബിഎസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്, 3 വർഷം, 44 സീറ്റ്. പ്രവേശനയോഗ്യത ആദ്യ കോഴ്സിലേതു തന്നെ.

3) ബിബിഎ – ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്, 3 വർഷം, 44 സീറ്റ്. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയങ്ങളടങ്ങിയ പ്ലസ്ടു വേണം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.

(ബി) സ്കൂൾ ഓഫ് മാനേജ്മെന്റ്

4 ) എംബിഎ (ടെക്സ്റ്റൈൽ / അപ്പാരൽ / റീട്ടെയ്ൽ / ടെക്നിക്കൽ ടെക്സ്റ്റൈൽസ്), 2 വർഷം. 4 കോഴ്സുകൾക്കും 44 സീറ്റ് വീതം. ആഗോളതലത്തിൽ മാനേജ്മെന്റ് കൃത്യങ്ങൾ സമർഥമായി നിർവഹിക്കാനാവശ്യമായ ശേഷികൾ പകരുന്ന പ്രോഗ്രാമുകൾ. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ സർവകലാശാലാ ബിരുദം വേണം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.


പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഈമാസം 16 വരെ. അപേക്ഷാഫീ 500 രൂപ ഓൺലൈനായി അടയ്ക്കാം. വേണമെങ്കിൽ ഒന്നിലേറെ കോഴ്സുകൾക്ക് ഒരുമിച്ചു പണമടച്ച് അപേക്ഷിക്കാം. 

പട്ടിക, ഭിന്നശേഷി വിഭാഗക്കാർ അപേക്ഷാഫീസടയ്ക്കേണ്ട. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരുമണിക്കൂർ ഓൺലൈൻ  ടെസ്റ്റുകൾ 19ന്. ബാച്‌ലർ, മാസ്റ്റർ പ്രോഗ്രാമുകൾക്കു വെവ്വേറെ ടെസ്റ്റുകൾ. രണ്ടിലും 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. പരീക്ഷാ വിഷയങ്ങൾ സൈറ്റിലുണ്ട്.

എംബിഎയിലെ 60%, ബിഎസ്‌സി/ബിബിഎ എന്നിവയിലെ 50% സീറ്റുകളിലേക്കു മാത്രമാണ് സ്ഥാപനം നടത്തുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ സിലക്‌ഷൻ ബാക്കി സീറ്റുകൾ സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴിയാണ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഫീസ് നിരക്കുകൾ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

ഹ്രസ്വകാല കോഴ്സുകൾ 

ബിരുദധാരികൾക്കു പ്രവേശനമുള്ള 30 മണിക്കൂർ മെഡിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ് / നോൺ–വോവൺ ടെക്സ്റ്റൈൽ മാനേജ്‌മെന്റ് / ‘ബ്ലോക് ചെയിൻ ടെക്നോളജി ഇൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി’ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്. 30 മണിക്കൂർ ടെക്സ്റ്റൈൽ ഡിസൈൻ കോഴ്സിന് പ്ലസ്ടു ജയിച്ചിരുന്നാൽ മതി. ഓരോന്നിനും ഫീസ് 10,000 രൂപ. വിവരങ്ങൾക്ക് ഫോൺ: 88704 79675


0 comments: