പരമ്പരാഗത പാചക ഇന്ധനങ്ങളായ വിറക്, കല്‍ക്കരി തുടങ്ങിയ പാചക ഇന്ധനങ്ങള്‍ എന്നിവയുടെ ഉപഭോഗം പൊതുവെ ഇന്ന് കുറഞ്ഞിരിക്കുന്നു. എൽപിജി സിലിണ്ടറിന് ഓഫറുകളും സബ്സിഡികളും നൽകിയതാണ് സാധാരണക്കാരനും കൂടുതലായി ഇത് ഉപയോഗിക്കുന്നതിന് സഹായകരമായത്.എന്നാൽ, വീട്ടാവശ്യത്തിനായി എൽപിജി സിലിണ്ടർ വാങ്ങുമ്പോൾ നിങ്ങൾ കബളിക്കപ്പെടാറുണ്ടോ? എങ്കിൽ എങ്ങനെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് മുക്തമാകാമെന്ന് നോക്കാം.
ഗാര്‍ഹികോപയോഗ പാചക വാതക സിലിണ്ടര്‍ മറ്റേത് സാധന സാമഗ്രികളെയും പോലെ തൂക്കം നോക്കി വാങ്ങാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. വീട്ടാവശ്യത്തിനുള്ള പാചക വാതകം സിലിണ്ടറില്‍ 14.2 കിലോയുണ്ടാകും. വാണിജ്യാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വാതകത്തിന് 19 കിലോ ഭാരവുമാണുള്ളത്. പാചക വാതകം ഉള്‍പ്പടെയുള്ള ഭാരം സിലിണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
സിലിണ്ടര്‍ വാങ്ങുന്നതിന് മുമ്പ് വിതരണ വാഹനത്തിലെ ത്രാസ് ഉപയോഗിച്ച് ഉപഭോക്താവിന് ഈ തൂക്കം ഉറപ്പ് വരുത്താം. തൂക്കത്തില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താവിന് അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പരാതി നല്‍കാം.
പാചക വാതക വിതരണത്തില്‍ കൃത്രിമത്വം കണ്ടെത്തിയാല്‍ 5000 രൂപയാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക് കൈമാറും. ഉപഭോക്താക്കള്‍ക്ക് നഷ്ട പരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാകും. പാചകവാതകത്തിന് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപയോഗ ക്രമീകരണവും ഭാരപരിശോധനയും ഉപഭോക്താക്കള്‍ ഉറപ്പാക്കണം.
പാചകാവശ്യങ്ങള്‍ക്ക് പരമാവധി പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധനം ലാഭിക്കാനാവും. ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റുകയും വേണം. ഉപയോഗ ശേഷം സിലിണ്ടര്‍ ഓഫ് ചെയ്യുന്നത് ഇന്ധന ചോര്‍ച്ച തടയുന്നതിനും സുരക്ഷയ്ക്കും സഹായകമാകും.
0 comments: