ചെറിയ കുട്ടികളുടെ മനസ് ക്യാമറക്കണ്ണു പോലെയാണ് എന്നു പറയാം. കാണുന്നതെല്ലാം അത് ഒപ്പിയെടുക്കുന്നു. മുതിര്‍ന്നവര്‍ കാണുന്നതല്ല കുട്ടികളുടെ കാഴ്ച.ഓരോ ചെറിയ മാറ്റം പോലും അവരുടെ മനസ്സിനെ തൊടും. അതു കൊണ്ടു തന്നെ ചെറിയ കുട്ടികളോട് ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം.അവരുടെ പെരുമാറ്റം, വ്യക്തിത്വം ഒക്കെ രൂപപ്പെടുന്ന സമയമാണ്. നമ്മുടെ പെരുമാറ്റം അവരില്‍ ചെലുത്തുന്ന സ്വാധീനം നമ്മള്‍ വിചാരിക്കുന്നതിലും അധികമാണ്. മറ്റുള്ളവരുടെ മുന്‍പില്‍ വച്ചും അല്ലാതെയും കുട്ടികളെ കളിയാക്കുന്നതും അപമാനിക്കുന്നതുമെല്ലാം ചില രക്ഷിതാക്കളുടെ പതിവാണ്.
ഒരു കുട്ടിയോട് ചെയ്യാവുന്ന ഏറ്റവും മോശമായ കാര്യമാണിത്. കുഞ്ഞിന്റെ മനസ്സില്‍ ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടായി ഈ കളിയാക്കലുകളും അപമാനവും നിലനില്‍ക്കുമെന്ന് രക്ഷിതാവ് അറിയാതെ പോകുന്നു. കുട്ടിയുടെ സ്വഭാവം നന്നാക്കാനായി, മുന്‍പു നടന്ന കാര്യങ്ങള്‍ കുട്ടിയെ ലജ്ജിപ്പിക്കും വിധത്തില്‍ പറയുക, സ്വകാര്യമായി പറയേണ്ട കാര്യങ്ങള്‍ പരസ്യമായി മറ്റുള്ളവരുടെ മുന്‍പില്‍ വച്ചു പറയുക ഇതെല്ലാം കുട്ടിയെ അപമാനിക്കലാണ്. ഇത് കുട്ടിയുടെ മനോനിലയെയും പെരുമാറ്റത്തെയും വരെ ദോഷകരമായി ബാധിക്കും.
നിങ്ങള്‍ കുട്ടിയെ ലജ്ജിപ്പിക്കും വിധം പെരുമാറും മുന്‍പ് ഒരിക്കല്‍ കൂടി ചിന്തിക്കൂ. കാരണം നിങ്ങളുടെ കുട്ടിയെ നാണം കെടുത്തുന്നത് വഴി കുട്ടിയുടെ മനസ്സിനേല്‍ക്കുന്ന മുറിവ് ഉണക്കുക പ്രയാസമാണ്.
സ്വാഭിമാനം
മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് പരിഹസിക്കുന്നത് കുട്ടിയില്‍ അപകര്‍ഷതാ ബോധമുണ്ടാക്കും. ഇത് കുട്ടിയുടെ സ്വാഭിമാനം (self esteem) ഇല്ലാതാക്കും.
വൈകാരികമായ ആരോഗ്യം
കുട്ടിയുടെ സ്വഭാവം നിങ്ങള്‍ക്ക് അംഗീകരിക്കാനാവുന്നില്ല എങ്കില്‍ കുട്ടിയെ കളിയാക്കുന്നതല്ല പരിഹാരം. ഇത് കുട്ടിയില്‍ ഫ്രസ്ടേഷന്‍ ഉണ്ടാക്കുകയും കുട്ടിയുടെ വൈകാരികമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
വിശ്വാസം
വിശ്വാസത്തില്‍ അധിഷ്ഠിതമാണ് ഓരോ ബന്ധവും. എപ്പോഴും നിങ്ങളില്‍ കുട്ടിക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കണം. പരസ്യമായി അപമാനിച്ചാല്‍ അത് കുട്ടിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഇത് മൂലം നിങ്ങളില്‍ നിന്നും കുട്ടി കാര്യങ്ങള്‍ മറച്ചു വയ്ക്കാനും തുടങ്ങും.
വഴക്കാളി
ഒരാള്‍ ചെയ്യുന്നത് അതുപോലെ അനുകരിക്കുക കുട്ടികളുടെ ശീലമാണ്. നിങ്ങള്‍ മറ്റൊരാളോട് പെരുമാറുന്നത് എങ്ങനെയെന്ന് കുട്ടി കാണാനിടയായാല്‍ അത് കുട്ടിയുടെ ഉപബോധമനസ്സില്‍ പതിയും ഭാവിയില്‍ കുട്ടി ഒരു വഴക്കാളിയോ തെമ്മാടിത്തരം കാട്ടുന്ന ആളോ ആയി മാറും.. മറ്റുള്ളവരെ ഭരിക്കുന്ന, അടിച്ചമര്‍ത്തുന്ന ശീലം കുട്ടിയിലുണ്ടാകും.
പിടിവാശി
കുട്ടിയെ കളിയാക്കുകയും അപമാനിക്കുകയും വഴി തന്റെ സ്വഭാവം നന്നാവില്ല എന്ന തോന്നല്‍ കുട്ടിയില്‍ സ്വയം ഉണ്ടാവുകയും ഇത് കുട്ടിയെ പിടിവാശിക്കാരനാക്കുകയും ചെയ്യും. കുട്ടിയുടെ ഭാവിയെയും ഇത് ബാധിക്കും.
അതുകൊണ്ട് കുട്ടികളോട് ഇടപെടുമ്പോൾ രക്ഷിതാക്കള്‍ എപ്പോഴും ഏറെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ മുന്നില്‍ വച്ച് പരിഹസിക്കാതെ ആത്മാഭിമാനമുള്ള ആത്മവിശ്വാസമുള്ള കുട്ടിയായി വളര്‍ത്തുക.
0 comments: