2022, മേയ് 10, ചൊവ്വാഴ്ച

ചെറിയ തുകയിൽ ഇൻഷുറൻസും പെൻഷനും; 3 സർക്കാർ പദ്ധതികളിലെ പരിചയപ്പെടാം

 


പല കാരണങ്ങളാലും വരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ, അപകട സാധ്യതകള്‍, നഷ്ടങ്ങള്‍, തുടങ്ങിയവയെല്ലാം മുൻകൂട്ടി കണ്ട്  മനുഷ്യജീവിതത്തെ സുരക്ഷിതമാക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കിയ പദ്ധതികളാണിവ. ഏതൊരു പൗരനും വളരെ കുറഞ്ഞ ചെലവില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത ഈ പദ്ധതികൾ തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞു. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY) എന്നീ മൂന്നു പദ്ധതികളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ലേഖനത്തിൽ.

മേയ് 9, 2015 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ടതില്‍ വച്ചു ഏറ്റവും മികച്ച മൂന്നു സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചത്. നാളിന്നുവരെ പദ്ധതികള്‍ക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 60 വയസിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് APY. പ്രതിമാസം കുറഞ്ഞത് 42 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്. ഏഴു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതികളിലൂടെ ഒന്നു കണ്ണോടിക്കാം.

PMJJBY, PMSBY എന്നിവ കുറഞ്ഞ ചെലവിലുള്ള ലൈഫ്/ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്കുള്ള പ്രവേശനം നല്‍കുമ്പോള്‍, വാര്‍ദ്ധക്യത്തില്‍ സ്ഥിരമായി പെന്‍ഷന്‍ നേടാനുള്ള നിക്ഷേപ അവസരമാണ് APY നല്‍കുന്നത്.

സര്‍ക്കാര്‍ പിന്തുണയോടെ ദരിദ്രരായ ആളുകള്‍ക്ക് പോലും PMJJBY പദ്ധതിക്കു കീഴില്‍ ഒരു ദിവസം ഒരു രൂപയില്‍ താഴെ ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതേസമയം PMSBY പ്രതിമാസം ഒരു രൂപയില്‍ താഴെ ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു.

18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 60 വയസിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് APY. പ്രതിമാസം കുറഞ്ഞത് 42 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്.

അടല്‍ പെന്‍ഷന്‍ യോജന (APY)

അസംഘടിത മേഖലയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത നല്‍കുന്നതിനും ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സര്‍ക്കാര്‍ സംരംഭമാണ് APY. 

യോഗ്യത: 18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും അംഗമാകാം.

ആനുകൂല്യങ്ങള്‍: വരിക്കാരന്‍ നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കി, 60 വയസ് പ്രായമാകുമ്പോള്‍ മുതല്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ഉറപ്പ്. പ്രതിമാസ / ത്രൈമാസ / അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ സംഭാവനകള്‍ നല്‍കാം.

പിന്‍വലിക്കല്‍: ഗവണ്‍മെന്റ് സംഭാവനയും അതിന്റെ റിട്ടേണ്‍/ പലിശയും കിഴിച്ച് ചില നിബന്ധനകള്‍ക്ക് വിധേയമായി APY-യില്‍ നിന്ന് സ്വമേധയാ പുറത്തുകടക്കാന്‍ നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

2022 ഏപ്രില്‍ 27 വരെ പദ്ധതിക്കു കീഴില്‍ നാലു കോടിയിലധികം വരിക്കാരുണ്ട്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY)

ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമാണിത്. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ കവറേജ് വാഗ്ദാനം ചെയ്യുന്നു.

യോഗ്യത: സേവിങ്‌സ് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18- 50 വയസ് പ്രായമുള്ള വ്യക്തികള്‍ക്ക് സ്‌കീമിന് കീഴില്‍ എന്റോള്‍ ചെയ്യാം. 50 വയസിന് മുമ്പ് സ്‌കീമില്‍ ചേരണം. 55 വയസ് വരെ പരിരക്ഷ ലഭിക്കും.

ആനുകൂല്യങ്ങള്‍: പ്രതിവര്‍ഷം 330 രൂപ പ്രീമിയം. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപ ലൈഫ് കവര്‍.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

ഒരു വര്‍ഷത്തേക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ കവറേജ് വാഗ്ദാനം ചെയ്യുന്നു.

യോഗ്യത: സേവിങ്‌സ് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18- 70 വയസിനിടയിലുള്ള ഏതൊരു പൗരനും അംഗമാകാം.

ആനുകൂല്യങ്ങള്‍: അപകട മരണത്തിനും വൈകല്യത്തിനും രണ്ടു ലക്ഷം രൂപയുടെ (ഭാഗിക വൈകല്യമുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ) പരിരക്ഷ.


0 comments: