2022, മേയ് 9, തിങ്കളാഴ്‌ച

യു.കെ.യില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റി ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്

 


ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം, യു.കെ.യില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍, യു.കെ. സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ കാന്പയിന്‍, ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവ സംയുക്തമായി നല്‍കുന്ന ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

2022-'23 അധ്യയനവര്‍ഷത്തിലെ 2022 സെപ്റ്റംബര്‍ എന്‍ട്രിയില്‍, നിശ്ചിത വിഷയങ്ങളിലെ ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രോഗ്രാം, ഫുള്‍ ടൈം ഓണ്‍-കാമ്പസ്, പോസ്റ്റ് ഗ്രാജ്വേറ്റ് (ടോറ്റ്) തലത്തിലുള്ളതായിരിക്കണം. കോഴ്സിനു ബാധകമായ ഫീസ് ഭാഗികമായി ഒഴിവാക്കുന്ന രീതിയിലാകും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഒരുവര്‍ഷത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോഴ്സാണെങ്കില്‍, കോഴ്സിന്റെ ആദ്യവര്‍ഷ പഠനത്തിനുമാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ.

ഒരു വര്‍ഷത്തേക്ക്, 10,000 പൗണ്ട് (ഏകദേശം ഒമ്പതരലക്ഷം രൂപ) മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍ ഓഫ് നാച്വറല്‍ സയന്‍സസ്/സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ഇവയിലെ ഏതെങ്കിലും മാസ്റ്റേഴ്സ് പ്രോഗ്രാം പഠനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. സ്‌കൂള്‍ ഓഫ് ആര്‍ട്സ് ലാംഗ്വേജസ് ആന്‍ഡ് കള്‍ച്ചേഴ്സിലെയും സ്‌കൂള്‍ ഓഫ് ലോയിലെയും ഏതെങ്കിലും മാസ്റ്റേഴ്സ് കോഴ്സിലെ പഠനങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും.

അപേക്ഷാര്‍ഥി സ്‌കൂള്‍/കോളേജ്/ സര്‍വകലാശാലാ തലത്തില്‍ ഇന്ത്യയിലായിരിക്കണം പഠിച്ചത്. അക്കാദമിക് മികവും നിശ്ചിത മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനുള്ള യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് പഠിക്കാനുള്ള കണ്ടീഷണല്‍/അണ്‍ കണ്ടീഷണല്‍ ഓഫര്‍, 2022 ജൂണ്‍ ഒന്നിനകം ലഭിച്ചിരിക്കണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് വേണം. ഇംഗ്ലീഷ് ഭാഷാ മികവ് വേണം. സര്‍വകലാശാലയുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതയും തൃപ്തിപ്പെടുത്തണം. 

അപേക്ഷ ജൂണ്‍ ഒന്നുവരെ നല്‍കാം.അപേക്ഷാ ലിങ്ക് www.manchester.ac.uk യില്‍ ലഭിക്കും (സ്റ്റഡി > ഇന്റര്‍നാഷണല്‍ > ഫൈനാന്‍സ് ആന്‍ഡ് സ്‌കോളര്‍ഷിപ്സ് > ഫണ്ടിങ് സ്‌കോളര്‍ഷിപ്പ്സ് ആന്‍ഡ് ബര്‍സറീസ് ലിങ്കിലുള്ള വിജ്ഞാപനം വഴി).


0 comments: