2022, മേയ് 6, വെള്ളിയാഴ്‌ച

രക്തം വേണോ? പോലീസ് എത്തിച്ച്‌ തരും; പോള്‍ ആപ്പിലൂടെ

 


രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പോലീസ്.പോലീസിന്റെ പോള്‍ ആപ്പ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ല്‍ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാര്‍ക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തില്‍ നല്‍കിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തനം തുടങ്ങിയത്.

32885 രക്തദാതാക്കളാണ് പോള്‍ ബ്‌ളഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദാതാക്കള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്കും പ്‌ളേസ്റ്റാര്‍, ആപ്പ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഏറ്റവും അധികം രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേര്‍. കാസര്‍കോടും വയനാടും ഒഴികെയുള്ള ജില്ലകളില്‍ ആയിരത്തിലധികം പേര്‍ പോള്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പേരൂര്‍ക്കട എസ്. എ. പി ക്യാമ്ബിലെ പോള്‍ ബ്‌ളഡ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആവശ്യക്കാരിലേക്ക് സമയബന്ധിതമായി രക്തം എത്തിക്കാനാകും. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.

പോള്‍ ആപ്പില്‍ രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ പേര്, രക്ത ഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്ബര്‍, അവസാനമായി രക്തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. രക്തം ആവശ്യമായി വരുന്നവര്‍ രോഗിയുടെ പേര്, രക്ത ഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ അളവ്, രക്തദാനം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങള്‍, ജില്ല, ബന്ധപ്പെടേണ്ട നമ്ബര്‍ എന്നിവ നല്‍കണം.

പോള്‍ ബ്ലഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുമായി സംസ്ഥാന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. കേസുകളുടെ മുന്‍ഗണന അനുസരിച്ചു രക്തദാതാക്കളെ കണ്ടെത്തുക, രക്തദാതാക്കളുമായും ബ്ലഡ് ബാങ്കുകളുമായി നിരന്തര ആശയവിനിമയം നടത്തുക, ആപ്പ് മുഖേന വരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു എന്ന് ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ പോള്‍ ബ്ലഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയാണ്.

0 comments: