ദുബായ്: യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാൻ അവസരം. 9770 ദിർഹത്തോളമാണ് ശമ്പളം ലഭിക്കുക. 30 നഗരങ്ങളിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. അടുത്ത മാസം അവസാനം വരെ റിക്രൂട്ട്മെന്റ് നീണ്ട് നിൽക്കും. 6000ൽ അധികം കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് എയർലൈൻസിന്റെ പ്രവർത്തനം വിപുലപ്പെടുത്താനാണ് എമിറേറ്റ്സ് തയ്യാറെടുക്കുന്നത്. ഓസ്ട്രേലിയ, യൂറോപ്യൻ നഗരങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട്, കെയ്റോ, അൾജീരിയ, ടുണീഷ്യ , ബഹ്റൈൻ എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റിനായി എമിറേറ്റസ് എത്തും.
''എമിറേറ്റ്സ് ദുബായുടെ വളർച്ചയുടെ ഹൃദയഭാഗമാണെന്നും ആറായിരം ജീവനക്കാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നതിലൂടെ ദുബായുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക തിരിച്ചുവരവും അവസരങ്ങളുടെ പുതിയ സൃഷ്ടിയുമാണ് ഉണ്ടാകുന്നത്. ഇത് മറ്റ് വ്യവസായങ്ങളെയും സംരംഭങ്ങളെയും സഹായിക്കും. പ്രധാനമായും ഉപഭോക്തൃ, യാത്രാ- വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് ഉണർവേകും.'' എമിറേറ്റ്സ് എയർലൈൻസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയഖ് അഹമ്മദ് ബിൻ സയിദ് അൽ മക്തും പറഞ്ഞു.
യോഗ്യത
- കസ്റ്റമർ സർവീസിലും ഹോസ്പിറ്റാലിറ്റിയിലും ഒരു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം.
- പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത.
- ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം എന്നത് നിർബന്ധമാണ്. മറ്റ് ഭാഷകൾ സംസാരിക്കാനുള്ള കഴിവ് അധിക യോഗ്യതയായി കണക്കാക്കും.
- ഉദ്യോഗാർത്ഥികൾക്ക് 160 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. നിൽക്കുമ്പോൾ 212 സെന്റീമീറ്റർ ഉയരത്തിൽ വരെ കൈകൾ ഉയർത്താന്‍ കഴിയണം. വിമാനങ്ങളിലെ എമർജൻസി ഉപകരണങ്ങള്‍ എടുത്ത് ഉപയോഗിക്കുന്നതിനായിട്ടാണ് ഈ നിബന്ധനയുള്ളത്.
- കൂടാതെ ക്യാബിൻ ക്രൂ യൂണിഫോം ധരിക്കുമ്പോൾ പുറത്തു കാണുന്ന രീതിയിലുള്ള ടാറ്റൂകൾ ശരീരത്തിൽ ഉണ്ടാകാൻ പാടില്ല.
- തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ദുബായിൽ ആയിരിക്കുമെന്നതിനാൽ അവർ യുഎഇ തൊഴിൽ വിസ കാര്യങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. ദേശീയതയ്ക്ക് അതീതമായി പോസിറ്റീവ് മനോഭാവം, ആത്മവിശ്വാസം, ഫ്ലെക്സിബിലിറ്റി, പക്വത, സൗഹൃദ മനോഭാവം, സഹായ സന്നദ്ധത, നിലവാരമുള്ള സേവനം നൽകാനുള്ള സന്നദ്ധത എന്നിവയും മികച്ച പ്രതിരോധ ശേഷി, തുടർച്ചയായി പ്രവര്‍ത്തന മികവ് പ്രകടിപ്പിക്കാനുള്ള ശേഷി, ദൃഢനിശ്ചയം എന്നിവയുള്ളവരെയാണ് തങ്ങൾ തിരയുന്നതെന്ന് എമിറേറ്റ്സ് പറയുന്നു.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച്, ഫോട്ടോയും ഇംഗ്ലീഷിലുള്ള ഏറ്റവും പുതിയ ബയോഡാറ്റയും സഹിതം അപേക്ഷിക്കണം. ഇതിന് ശേഷം ഒഎംആർ രീതിയിലുള്ള ഒണ്‍ലൈൻ പരീക്ഷ നടത്തും. ശേഷം ഓൺ ഡിമാൻഡ് വീഡിയോ ഇന്‍റർവ്യൂവും നടത്താനുള്ള നിര്‍ദ്ദേശം എമിറേറ്റ്സ് നൽകും. അതിൽ തിരഞ്ഞെടുക്കുന്നവരെ നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിക്കും. ഇതിനു ശേഷമാകും അവസാന നിയമന തീരുമാനമെത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എട്ട് ദിവസത്തെ ഇൻഡക്ഷൻ കോഴ്സ് ഉണ്ടായിരിക്കും. ശേഷം 13 ദിവസത്തെ സേഫ്റ്റി ആൻഡ് എമര്‍ജൻസി പരിശീലനവും അഞ്ച് ദിവസത്തെ മെഡിക്കൽ ട്രെയ്നിങ്ങും ഉണ്ടാകും.
ശമ്പളം
4,260 ദിര്‍ഹം അടിസ്ഥാന ശമ്പളവും മണിക്കൂറിൽ 61.25 ദിർഹം ഫ്ലൈയിങ് പേയും (ഒരു മാസം ശരാശരി 80 മുതൽ 100 മണിക്കൂർ വരെ) ലഭിക്കും. ശമ്പള തുക ഏതാണ്ട് 9770 ദിർഹമായിരിക്കും ലഭിക്കുക. കൂടാതെ യാത്രാ കൺസിഷൻ, സൗജന്യ യാത്ര, ദുബായിൽ താമസ സൗകര്യം എന്നിവ ലഭിക്കും. ജീവനക്കാർക്ക് വർഷത്തിൽ 30 ദിവസത്തെ അവധിയും സ്വദേശത്തേക്ക് സൗജന്യ യാത്രാ ടിക്കറ്റും ലഭിക്കും.
0 comments: