2022, മേയ് 26, വ്യാഴാഴ്‌ച

പ്ലസ്ടുവിനു ശേഷം പാരാമെഡിക്കൽ കോഴ്‌സുകൾ

ആരോഗ്യ പരിപാലനരംഗത്തു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം പ്രാധാന്യമേറിയ ചുമതലയും ഉത്തരവാദിത്വവുമാണു പാരാമെഡിക്കല്‍ ടെക്നീഷ്യന്മാര്‍ക്കുള്ളത്. ഫിസിയോതെറാപ്പി, ഓഡിയോളജി, പ്രോസ്തറ്റിക് എന്‍ജിനീയറിംഗ്, സ്പീച്ച് തെറാപ്പി, ഒപ് താല്‍മിക് ടെക്നോളജി, മെഡിക്കല്‍ ലാബ് ടെക്നോളജി തുടങ്ങി നിരവധി ശാഖകളിലാണു പാരാമെഡിക്കല്‍ മേഖല വ്യാപിച്ചുകിടക്കുന്നത്. ആശുപത്രികളിലും റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലും ഡയഗ്നോസ്റ്റിക് സെന്‍ററുകളിലും മറ്റുമാണു തൊഴിലസവരങ്ങള്‍; വിദേശങ്ങളിലും മികച്ച സാദ്ധ്യതകളുണ്ട്.

പാരാമെഡിക്കല്‍ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമാ കോഴ്സുകളും ധാരാളമായുണ്ട്. ഈ കോഴ്സുകള്‍ പാസ്സായവരെയും അവരുടെ കരിയര്‍ അവസ്ഥകളെയുംവച്ച് ഈ മേഖലയെ വിലയിരുത്തുന്നത് തെറ്റാകും. കാരണം, ബാച്ചിലര്‍ ഡിഗ്രിതലത്തിലെ പഠനവും മേല്പറഞ്ഞ കോഴ്സുകളും തമ്മില്‍ പഠനത്തിന്‍റെ ഉള്ളടക്കത്തിലും കരിയര്‍ സാദ്ധ്യതകളിലും ഏറെ അന്തരമുണ്ട്. ഉയര്‍ന്ന കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഡിഗ്രി തലത്തില്‍ തന്നെ വിദ്യാഭ്യാസം നേടണമെന്നു സാരം. വിവിധ പാരാമെഡിക്കല്‍ മേഖലകളെക്കുറിച്ചു പൊതുവായി മനസ്സിലാക്കാം.

ഫിസിയോ തെറാപ്പി

വ്യായാമങ്ങള്‍, ഇലക്ട്രോ തെറാപ്പി, ഭാരങ്ങള്‍, പേശികളുടെ ചലനം, അള്‍ട്രാവയലറ്റ് രശ്മികള്‍, മസാജിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണു ഫിസിയോ തെറാപ്പി. ശരീരഭാഗങ്ങളുടെയും പേശികളുടെയും ചലനത്തിനു വൈകല്യം സംഭവിച്ചവര്‍ക്കും ശരീരം തളര്‍ന്നു പോയവര്‍ക്കും മറ്റും ഏറെ പ്രാധാന്യമുള്ള ചികിത്സയാണിത്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കാറുണ്ട്. സ്വകാര്യ പ്രാക്ടീസിംഗ് നടത്തുന്നവരും ഈ രംഗത്തു കുറവല്ല.

ബിപിടി അഥവാ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയാണ് ഈ മേഖലയിലെ അടിസ്ഥാന ബിരുദം. ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങളോടെ പ്ലസ് ടു പാസ്സായവര്‍ക്കു പ്രവേശനത്തിനു യോഗ്യതയുണ്ട്.

സംസ്ഥാനത്തിനു പുറത്തു ധാരാളം സ്വകാര്യ കോളജുകള്‍ ബിപിടി കോഴ്സ് നടത്തുന്നുണ്ട്. കഴിവതും ആശുപത്രികളോടനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ പഠനത്തിനു തെരഞ്ഞെടുക്കുന്നതു നന്നായിരിക്കും. എംപിടി (മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി)യാണു ബിരുദാനന്തരബിരുദം. ഫിസിയോ തെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്കു വളരെയേറെ സാദ്ധ്യതകളാണ് ഈ മേഖലയിലുള്ളത്.

ഒക്യുപ്പേഷണല്‍ തെറാപ്പി 

ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവരെ ട്രെയിനിംഗിലൂടെയും   ചികിത്സയിലൂടെയും സാധാരണ ജീവിതത്തിലെത്തിക്കുവാന്‍ സഹായിക്കുന്ന ശാഖയാണിത്.

ഓരോ രോഗിക്കും അയാളുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍ക്കനുസൃതമായ ചികിത്സാസാമുറകള്‍ രൂപപ്പെടുത്തിയാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓര്‍ത്തോപീഡിക്ലി ഹാന്‍ഡിക്യാപ്ഡ്, കല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിംഗ് ആന്‍റ് റിസര്‍ച്ച് എന്നീ സ്ഥാപനങ്ങള്‍ ഫിസിയോ തെറാപ്പിയിലും ഒക്യുപ്പേഷണല്‍ തെറാപ്പിയിലും പ്രൊഫഷണല്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പൊതുപ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന്‍. യോഗ്യത പ്ലസ് ടു (50 ശതമാനം ഫിസിക്സ്, കെമിസ്ട്രി, ബയോളജി).

പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിത് എന്‍ജിനീയറിംഗ്; 

എന്‍ജിനീയറിംഗിന്‍റെയും മെഡിസിന്‍റെയും സംയോജനമാണ് ഈ ശാഖയെന്നു പറയാം. സാങ്കേതിക അറിവുകളും വൈദഗ്ദ്ധ്യവും ശുശ്രൂഷാരംഗത്തു പ്രയോഗിക്കുകയാണിവിടെ.കൃത്രിമ അവയവങ്ങളുടെയും മറ്റു സഹായ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും നിര്‍മാണവും ഉപയോഗവുമാണ് ഈ ശാഖയുടെ പ്രായോഗികതലത്തിലുള്ളത്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസ്സായവര്‍ക്ക് ഈ രംഗത്ത് ഡിപ്ലോമകോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സിലും ന്യൂഡല്‍ഹിയിലെ സഫ് ദര്‍ജഗ് ആശുപത്രിയും ദില്ലിയിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കലി ഹാന്‍ഡിക്യാപ്ഡും മറ്റും കോഴ്സുകള്‍ നടത്തുന്നുണ്ട്.

ഓഡിയോളജി ആന്‍റ് സ്പീച്ച് തെറാപ്പി

കേള്‍വിക്കും സംസാരത്തിനും വൈകല്യമുള്ളവരെ പരിശീലനത്തിലൂടെ സാധാരണ ജീവിതത്തിലേക്കെത്തിക്കുവാനുള്ള ശ്രമമാണ് ഈ മേഖലയില്‍. ശസ്ത്രക്രിയയും മരുന്നുംകൊണ്ടുള്ള ചികിത്സകള്‍ക്ക് അനുബന്ധമായോ അല്ലാതെയോ സ്പീച്ച് തെറാപ്പിസ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നു വര്‍ഷത്തെ ബാച്ചിലര്‍ ഡിഗ്രി കോഴ്സാണ് ഈ രംഗത്തുള്ളത്. ആറു മാസത്തെ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പുമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50% മാര്‍ക്കോടെ പ്ലസ് ടു ആണു യോഗ്യത.

ഒപ്താല്‍മിക് ടെക്നോളജി/ ഒപ്റ്റോമെട്രി

നേത്രരോഗചികിത്സയുടെ സഹായകശാഖയാണിതെന്നു പറയാം. എന്നാല്‍ ചികിത്സ ഈ മേഖലയുടെ പരിധിയില്‍ വരുന്നില്ല. ഓപ്റ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റുകള്‍, ലെന്‍സുകള്‍, കണ്ണടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക/ശാസ്ത്രീയ വശങ്ങള്‍ക്കാണു പ്രാമുഖ്യം.ഒപ്താല്‍മിക്ക് ടെക്നോളജിയില്‍ ബിഎസ്സി ഡിഗ്രി കോഴ്സുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു കഴിഞ്ഞവര്‍ക്കും പ്രവേശനം ലഭിക്കും.ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് ഏറ്റവും പ്രമുഖ സ്ഥാപനം.

മെഡിക്കല്‍ ലാബ് ടെക്നോളജി

രോഗനിര്‍ണയവും രോഗാവസ്ഥയെക്കുറിച്ചുള്ള ശരിയായ അറിവും ചികിത്സാരംഗത്ത് ഏറെ പ്രാധാന്യമുള്ളതാണല്ലോ. അതുതന്നെയാണു മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജിയുടെ പ്രാമുഖ്യവും. മികച്ച ലാബോറട്ടറി ടെക്നീഷ്യന്മാരുടെ പ്രവര്‍ത്തനം ഒരു പതോളിജിസ്റ്റിന്‍റെയോ റേഡിയോളജിസ്റ്റിന്‍റെയോ മേല്‍നോട്ടത്തിലാകും.ബിഎസ്സി (എംഎല്‍ടി) യാണു ഡിഗ്രിതല പഠനം. മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

0 comments: