2022, ജൂൺ 29, ബുധനാഴ്‌ച

പ്ലസ്ടു കഴിഞ്ഞവർക്കായി വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യത ഏറെയുള്ള ന്യൂജൻ കോഴ്‌സുകൾ

 

പ്ലസ്ടു കഴിഞ്ഞാൽ എൻട്രൻസ് എഴുതി എൻജിനീയറിങിനും മെഡിസിനും മാത്രം പ്രവേശനത്തിനു ശ്രമിക്കുന്നതൊക്കെ പഴയ ട്രെൻഡ്രാണ്. ഇന്നത്തെ യുവത്വം പുതുമയാര്‍ന്ന കോഴ്സുകൾക്ക് പിന്നിലാണ്. പിന്നെ, ഇത് പഠിക്കാനായി കാനഡയിലോ അമേരിക്കയിലോ ഒന്നും പോകണമെന്നില്ല കേട്ടോ.ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ തന്നെ പഠിക്കാവുന്നതാണ്. പഠിച്ചിറങ്ങിയാൽ ശമ്പളവും കേമം.

ആസ്ട്രോ ബയോളജി



ഭൂമിക്കും അപ്പുറമുള്ള വിശാല നക്ഷത്രവ്യൂഹങ്ങളിൽ ജീവൻ്റെ സാന്നിധ്യം പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആസ്ട്രോ ബയോളജി. അന്യഗ്രഹ ജീവിതത്തിൻ്റെ ഉത്പത്തി, പരിണാമം, വിതരണം എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഇത്. മൂംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസര്‍ച്ച് സെൻ്ററിൽ ഇൻ്റര്‍നാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോബയോളജി കോഴ്സുണ്ട്. ആഭ്യന്തര, രാജ്യാന്തര വിദ്യാര്‍ഥികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഈ കോഴ്സ് നൽകുന്നത്. വിദ്യാര്‍ഥികളെ സംബന്ധിച്ച് മികച്ച കോഴ്സുകളിൽ ഒന്നാണ് ഇത്. പഠിച്ചിറങ്ങി കഴിയുമ്പോൾ ജോലിയും ഉറപ്പാണ്. ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം, പരിതഃസ്ഥിതിക ശാസ്ത്രം, ഗ്രഹശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം, എന്നീ ശാസ്ത്ര ശാഖകളുടെ സഹായത്താൽ ജ്യോതിർജീവശാസ്ത്രം മറ്റു ലോകങ്ങളിൽ ജീവൻ നിലനിൽക്കാൻ ഉള്ള സാധ്യതയെ കുറിച്ചും പഠിക്കുന്നുണ്ട്.

കാര്‍പെറ്റ് ടെക്നോളജി


കാര്‍പറ്റ് നിര്‍മാണ അനുബന്ധ മേഖലകളിൽ ഗവേഷണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍പറ്റ് ടെക്നോളജിക്ക് രൂപം നൽകിയിരുന്നു. റഗുലര്‍, വിദൂര, ഹ്രസ്വകാല കോഴ്സുകൾ ഇവിടെ നൽകുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഭദോഹിയിലുള്ള ക്യാമ്പസിൽ കാര്‍പറ്റ് ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജിയിൽ നാലുവര്‍ഷ റെഗുലര്‍ ബിടെക് കോഴ്സുകൾ നൽകുന്നുണ്ട്. ഇവിടെ റെഗുലര്‍, ഡിസ്റ്റൻസ്, ഷോര്‍ട്ട് ടേം, ഫോറിൻ ലാംഗ്വേജ് തുടങ്ങിയ കോഴ്സുകൾ ഈ ക്യാമ്പസിൽ ലഭ്യമാണ്. പ്ലസ്ടു കഴിയുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കോഴ്സുകളിൽ ഒന്നാണ് ഇത്. എൻജിനീയറിങിൽ തന്നെയുള്ള വ്യത്യസ്ഥമായ ഈ ശാഖ മികച്ച ശമ്പളവും ഓഫര്‍ ചെയ്യുന്നുണ്ട്.

റൂറൽ സ്റ്റഡീസ്


നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ സഹായിക്കുന്ന കോഴ്സാണ് ഇത്. ഭാവ്നഗര്‍ യൂണിവേഴ്സിറ്റി, ബിആര്‍എസ് കോളേജ് ഓഫ് റൂറൽ സ്റ്റഡീസ്, ദേവ് സംസ്കൃതി വിശ്വവിദ്യാലയ തുടങ്ങി ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ഉത്തരാഖണ്ഡ് മേഖലകളിലെ നിരവധി സര്‍വകലാശാലകളിലും സ്ഛാപനങ്ങളിലും റൂറൽ സ്റ്റഡീസ് കോഴ്സുകളുണ്ട്. ഇത്തരം കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറവായതുക്കൊണ്ടുതന്നെ ജോലി സാധ്യതയും ശമ്പളവും ഏറെയാണ്. ഇതുവഴി ഇന്ത്യയുടെ ആത്മാവിനെ അടുത്തറിഞ്ഞ് പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികൾക്ക് ലഭിക്കുന്നത്. മാത്രമല്ല, ഇന്ത്യയുടെ നിലനിൽപ്പിനെ അടുത്തറിയാനും ആഴത്തിൽ ചിന്തിക്കാനും ഈ കോഴ്സ് അവസരം ഒരുക്കുന്നുണ്ട്.

എത്തിക്കൽ ഹാക്കിങ്


ഒരു സംവിധാനത്തിൽ ഹാക്കര്‍ കണ്ടെത്താവുന്ന പഴുതുകൾ കണ്ടെത്താൻ സഹായിക്കുന്നവരാണ് എത്തിക്കൽ ഹാക്കര്‍മാര്‍. പ്രോഗ്രാമിങ്, സോഫ്ട്വെയര്‍ രംഗത്തെ ഇന്ത്യയുടെ അപ്രമാദിത്തം എത്തിക്കൽ ഹാക്കിങിൻ്റെ കേന്ദ്രമായി നമ്മുടെ രാജ്യത്തെ മാറ്റിയിട്ടുണ്ട്. കൊൽക്കത്തയിലെ ഇന്ത്യൻ സ്കൂൾ ഓഫ് എത്തിക്കൽ ഹാക്കിങ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഹ്രസ്വകാല കോഴ്സുകൾ വിഷയത്തിൽ നൽകുന്നുണ്ട്. ബാങ്കുകള്‍, മെയില്‍ അകൗണ്ടുകള്‍, ട്വിറ്റെർ, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഹാക്കിംഗ് ഒരു നിത്യ സംഭവമാണ്. അതേസമയം, സാദ്രശ്യം തോന്നുന്ന പേജുകള്‍ നിര്‍മ്മിച്ച് അത് അയച്ചുകൊടുത്ത് ഉപഭോക്താക്കളെ കെണിയിലാക്കുന്ന പരിപാടിയെ ഫിഷിങ് എന്നാണ് അറിയപ്പെടുന്നത്.

ഫിഷറീസ് സയൻസ്



വലിയൊരളവോളം കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ രാജ്യത്തെ ദൈനംദിന ഭക്ഷ്യ വിഭമാണ് മീൻ. ഈ മീനിൻ്റെ സംസ്കരണം, മത്സ്യ വിഭവ മാനേജ്മെൻ്റ്, ശാസ്ത്രീയമായ വളര്‍ത്തൽ, അക്വാകൾച്ചര്‍ തുടങ്ങിയ വിശാലമായ മേഖലകൾ ഉൾപ്പെടുന്നതാണ് ഫിഷറീസ് സയൻസ്. കേരളത്തിലെ കുഫോസ്, നാഗപട്ടണത്തുള്ള തമിഴ്നാട് ഫിഷറീസ് സര്‍വകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഫിഷറീസ് കോഴ്സുകൾ നൽകുന്നുണ്ട്. ഇിനു പുറമേ, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഫിഷറീസ് കോഴ്സുകൾ നൽകുന്നുണ്ട്. പരമ്പരാഗത കോഴ്സുകളിൽ നിന്നും മാറി വ്യത്യസ്ത തരം കോഴ്സുകൾ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോകാവുന്ന വളരെ മികച്ച ഒരു മേഖലയാണ് ഫിഷറീസ് സയൻസ്. സീഫുഡ് എന്നത് ലോകത്താകമാനം ആളുകൾ ഉപയോഗിക്കുന്ന ഒരു ഭക്ഷണം ആയതിനാൽ ഫിഷറി സയൻസിൻ്റെ സാധ്യതകൾ വളരെ വലുതാണ്. മാത്രമല്ല ഇന്ത്യയിലും ഫിഷറീസ് സയൻസിൻ്റെ സാധ്യതകൾ വരുംകാലങ്ങളിൽ വർദ്ദിക്കുമെന്ന് കരിയർ കൗൺസിലർമാർ പറയുന്നു.

ജെറൻ്റോളജി



വാര്‍ദ്ധക്യത്തെ സമഗ്ര കോഴ്സാണ് ജെറൻ്റോളജി. എൻജിഒകൾ, ഓൾഡ് ഏജ് ഹോമുകൾ, ഹെൽത്ത് കെയര്‍ ഏജൻസികൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയിലാണ് ഇത് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കുന്നത്. കൽക്കത്ത മെട്രോ പൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെറൻ്റോളജി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം എക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്. വാർദ്ധക്യം അതനുഭവിക്കുന്നവർക്കും സമൂഹത്തിനും ഇന്ന് ഒരു ബാധ്യത തന്നെയാണ്. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്ന വൃദ്ധ സദനങ്ങളും അതിലെ അന്തേവാസികളുടെ അവസ്ഥയും. എവിടെയും വാർദ്ധക്യം ഒരു ബാധ്യതയായി തീരുകയും ജീവിത സായാഹ്നത്തിൽ എത്തിയവരിൽ പലരും സ്വന്തം കുടുംബത്തിൽ തന്നെ അവഗണിക്കപ്പെടുകയോ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഇവരെ സംരക്ഷിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.

മ്യൂസിയോളജി


മ്യൂസിയങ്ങളെ കുറിച്ചുള്ള പഠനമാണ് മ്യൂസിയോളജി. ചരിത്രത്തിലും കലകളിലുമൊക്കെ തത്പരരായവര്‍ക്ക് പിന്തുടരാവുന്ന മേഖലകൂടിയാണ് ഇത്. ന്യൂഡൽഹിയിലെ ദ് നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ മ്യൂസിയോളജിയിൽ എംഎ, എംഎസ്സി കോഴ്സുകൾ നടത്തുന്നുണ്ട്. അതായത്, ചരിത്രവും അതിൻ്റെ മൂല്യവും നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ മ്യൂസിയോളജി എന്ന കോഴ്സ് നിങ്ങൾക്ക് ചേരുന്ന പഠന വിഭാഗമാണ്. പേരുപോലെ തന്നെ മ്യുസിയവുമായി ബന്ധപ്പെട്ട കോഴ്സുകൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു മ്യൂസിയത്തിൽ നമ്മൾ കാണുന്ന ചരിത്രപരമായ വസ്തുക്കൾ സൂക്ഷിച്ച്, പരിപാലിച്ച് പ്രദർശന യോഗ്യമായ അവസ്ഥയിൽ നിലനിർത്തുന്നതൊക്കെയാണ് ഇതിൽ ഉൾപെടുന്നത്.

ഫോട്ടോണിക്സ്

ഫോട്ടോണുകളുടെ പ്രത്യേകതകൾ, അവയുടെ പ്രസാരണം തുടങ്ങിയവയെ കുറിച്ചെല്ലാം പഠിക്കുന്നതാണ് ഫോട്ടോണിക്സ്. ഇൻ്റര്‍നാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ്, കുസാറ്റ്, ഐഐടി ഡൽഹി, ഐഐടി ചെന്നൈ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഛാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്. മാത്രമല്ല, എയ്റോസ്പേസ് മേഖലയിലെ പല ജോലികൾക്കും വേണ്ട നൈപുണ്യം ഫോട്ടോണിക്സ് കോഴ്സ് വഴി ലഭിക്കും. റിമോട്ട് സെൻസിങ് ഉൾപ്പെടെയുള്ള മേഖലകളിൽ ഐഎസ്ആര്‍ഒ പോലെയുള്ള സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികളുടെ ഗവേഷണ വികസന വിഭാഗം എന്നിവിടങ്ങളുലും മികച്ച സാധ്യതകളുണ്ട്. പ്രകാശ സാങ്കേതികവിദ്യയ്ക്കു ദൈനംദിന ജീവിതത്തിൽ ഏറിവരുന്ന സ്വാധീനത്തിന്റെ ഉദാഹരണമാണിത്.

പബ്ലിക് ഹെൽത്ത് എൻ്റമോളജി

പ്രാണികൾക്കും അതു പോലുള്ള ജീവികൾക്കും മനുഷ്യരുടെ ആരോഗ്യത്തിലും സൗഖ്യത്തിലുമുള്ള സ്വാധീനമാണ് പബ്ലിക് ഹെൽത്ത് എൻ്റമോളജിയിൽ പഠിക്കുന്നത്. വിവിധ ജീവികളുടെ ജീവിത, സ്വഭാവ രീതികൾ വിലയിരുത്തി കൊണ്ട് അവയുണ്ടാക്കുന്ന രോഗങ്ങൾക്ക് ഈ പഠന ശാഖ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. അസം കാര്‍ഷിക സര്‍വകലാശാല, പോണ്ടിച്ചേരി സര്‍വകലാശാല, ഗുരു ഗോബിന്ദ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍, സാമൂഹിക സുരക്ഷാ –ആരോഗ്യ സംഘടനകള്‍, ദേശീയ അന്തര്‍ദേശീയ ഏജന്‍സികള്‍, ഹോസ്പിറ്റലുകള്‍ എന്നിവയിലാണ് പ്രധാനമായും തൊഴിലവസരങ്ങള്‍.

0 comments: