2022, ജൂൺ 18, ശനിയാഴ്‌ച

നഴ്സിങ് പ്രവേശനം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം

 ഇക്കുറി ബി.എസ്‌സി. നഴ്സിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30-ന് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം പ്രവേശന സമയം ഡിസംബര്‍ വരെ നീട്ടിനല്‍കിയിരുന്നു. ഹയര്‍സെക്കന്‍ഡറി ഫലം 21-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനുശേഷം പ്രവേശനവിജ്ഞാപനം പുറത്തിറക്കാനാണ് മാനേജ്മെന്റുകള്‍ ആലോചിച്ചിട്ടുള്ളത്.

സര്‍ക്കാരുമായി സീറ്റ് പങ്കുവെക്കുന്നതു സംബന്ധിച്ച് മാനേജ്മെന്റ് അസോസിയേഷനുകള്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ചനടത്തും. ഇക്കുറി 35 ശതമാനം ഫീസ് വര്‍ധന അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 63,500 രൂപ ട്യൂഷന്‍ ഫീസ് അടക്കം 80,500 രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഫീസ്. അടുത്തയാഴ്ചയോടെ ഫീസ് നിര്‍ണയസമിതി പുതിയ ഫീസ് ഘടനയില്‍ തീരുമാനമെടുത്തേക്കും.

മെറിറ്റ് പട്ടികയുടെയോ പ്രവേശനപരീക്ഷയുടെയോ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്നാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ പുതിയ നിര്‍ദേശം. ബി.എസ്‌സി. നഴ്സിങ് പ്രവേശനം ഇക്കുറിയും പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 6500-ഓളം സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

0 comments: