കെ ഫോണില്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത് 40,000 ഇന്റര്‍നെറ്റ് കണക്‌ഷന്‍.26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബിപിഎല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നത്. വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്ന് കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
ബിഎസ്‌എന്‍എല്ലാണ് ബാന്‍ഡ് വിഡ്‌ത് നല്‍കുക. കെ ഫോണ്‍ നേരിട്ട് സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉടന്‍ ലഭ്യമാകും. കെ ഫോണിന്റെ നടത്തിപ്പ് സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ അഞ്ചംഗസമിതിയെ നിയോഗിച്ചു. ചിഫ് സെക്രട്ടറി ഡോ. വി പി ജോയ് ആണ് സമിതി അധ്യക്ഷന്‍. ധന അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ കെ സിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ് എംഡി ഡോ. സന്തോഷ് ബാബു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ അംഗങ്ങളാണ്.
പദ്ധതിയുടെ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കുക, കെ ഫോണിനെ വരുമാനദായകമാക്കാന്‍ ചാനല്‍ ഓപ്പറേറ്റര്‍മാരുടെ തെരഞ്ഞെടുപ്പിനായി ബിഡ് വാഗ്‌ദാനങ്ങള്‍ ക്ഷണിക്കുന്നതിന് യോഗ്യതകള്‍ നിശ്ചയിക്കല്‍ എന്നിവ സമിതി പരിഗണിക്കും. അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കാനാവശ്യമായ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പ്രൊവൈഡര്‍ ഒന്ന് ലൈസന്‍സ് കഴിഞ്ഞ ദിവസം കെ ഫോണിന് ലഭ്യമായിരുന്നു. 20 ലക്ഷം ബിപിഎല്‍ കുടുംബത്തിന് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്.
0 comments: