2022, ജൂലൈ 24, ഞായറാഴ്‌ച

പത്താണ്ടിന്റെ ഇടവേളക്കു ശേഷം പാഠപുസ്തകങ്ങളില്‍ അക്ഷരമാല

10 വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല തിരികെയെത്തുന്നു.ചീഫ് സെക്രട്ടറി അധ്യക്ഷനായ ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്ധസമിതി ശിപാര്‍ശ ചെയ്ത മാതൃകയില്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ കേരള പാഠാവലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രത്യേക പേജായി അക്ഷരമാല ഉള്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എസ്.സി.ഇ.ആര്‍.ടി രൂപകല്‍പന ചെയ്ത പാഠപുസ്തക പേജ്, അച്ചടി ചുമതലയുള്ള കെ.ബി.പി.എസിന് കൈമാറിയിട്ടുണ്ട്. അക്ഷരമാല ഉള്ളടക്കം ചെയ്ത രണ്ടാം ഭാഗം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസില്‍ പുരോഗമിക്കുകയാണ്. 2012 വരെയാണ് സ്കൂള്‍ പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തിയിരുന്നത്.

അക്ഷരമാല ഉണ്ടായിരുന്ന രണ്ടാം ക്ലാസിലെ കേരള പാഠാവലിയില്‍ 2013ല്‍ പാഠപുസ്തക പരിഷ്കരണം നടന്നപ്പോള്‍, ഇത് ഒഴിവാക്കുകയായിരുന്നു. അക്ഷരങ്ങളിലൂടെ വാക്കുകള്‍ പഠിപ്പിക്കുന്ന രീതിക്ക് പകരം ആശയങ്ങളില്‍ നിന്ന് അക്ഷരം പഠിക്കുക എന്ന പഠന സമ്ബ്രദായം നിലവില്‍ വന്നതോടെയാണ് അക്ഷരമാല പാഠപുസ്തകങ്ങളില്‍ നിന്ന് അപ്രത്യക്ഷമായത്.

സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിവയും സ്വരങ്ങളുടെ അവസാനം ബ്രാക്കറ്റില്‍ പേരുനല്‍കി അനുസ്വാരം, വിസര്‍ഗം എന്നിവയും സഹിതം അക്ഷരമാല ഉള്‍പ്പെടുത്താനായിരുന്നു ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്. ഇതേ രീതിയില്‍ തന്നെയാണ് അക്ഷരമാല ഉള്‍പ്പെടുത്തിയത്. സമിതി റിപ്പോര്‍ട്ട് അംഗീകരിച്ച്‌ കഴിഞ്ഞ മേയ് ഒമ്ബതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. പിന്നാലെയാണ് സമിതി ശിപാര്‍ശ ചെയ്ത മാതൃകയില്‍ അക്ഷരമാല ഉള്‍പ്പെടുത്തി പാഠപുസ്തക പേജ് രൂപകല്‍പന ചെയ്ത് അച്ചടിക്കായി കൈമാറിയത്. പുസ്തകങ്ങള്‍ ഒക്ടോബറോടെ കുട്ടികളുടെ കൈകളിലെത്തും.

0 comments: