2022, ഓഗസ്റ്റ് 6, ശനിയാഴ്‌ച

എൽഐസി പോളിസി തുടരാൻ സാധിക്കാത്തവർക്ക് പോളിസി സറണ്ടർ ചെയ്യാം; തുക എത്ര ലഭിക്കുമെന്ന് നോക്കാം

 


വിവിധ തരത്തിലുള്ള പോളിസികൾ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍  ഓരോ കാലത്തും നമുക്കായി അവതരിപ്പിക്കുന്നുണ്ട്. നമുക്ക് ഇഷ്ട്ടപെട്ടതും അടയ്ക്കാൻ കഴിയുന്നതുമായ പോളിസികളാണ് എടുക്കുന്നതെങ്കിലും ചിലരെങ്കിലും ഏജന്റുമാരുടെ അഭ്യര്‍ഥനയ്ക്ക് അനുസരിച്ച് എടുത്തവയാകാം. അതായത് പോളിസിയുടെ ഗുണങ്ങളോ പ്രത്യേകതകളോ അറിയാതെയാകും പലരും പോളിസികളിലും ചേര്‍ന്നിട്ടുണ്ടാവുക. വലിയ തുകയുടെ മാസ അടവ് വരുന്നതും പിന്നീട് പലര്‍ക്കും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകും.

ഈ സാഹചര്യത്തില്‍ പോളിസി സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും. അങ്ങനെയുള്ളവർക്ക് ലൈഫ് ഇന്‍ഷൂറന്‍സ് പകുതിയില്‍ വെച്ച് പുറത്തു കടക്കാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ട്.  നിലവിലെ പോളിസിയില്‍ തൃപ്തരല്ലെങ്കില്‍ കാലാവധിക്ക് മുന്‍പ് പോളിസി സറണ്ടര്‍ ചെയ്യാം. പോളിസി സറണ്ടര്‍ ചെയ്താല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കവര്‍ അവസാനിക്കും. സറണ്ടര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയാണ് സറണ്ടര്‍ വാല്യു. അടച്ച പ്രീമിയവുമായി ബന്ധപ്പെടുത്തിയാണ് സറണ്ടർ വാല്യു കണക്കാക്കുന്നത്.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി പോളിസി അടച്ച ശേഷം മാത്രം പോളിസി പിന്‍വലിക്കുന്നതാണ് ഗുണകരം. ആദ്യ രണ്ട് വർഷങ്ങളിൽ പോളിസി പിന്‍വലിച്ചാല്‍ സറണ്ടർ വാല്യുവായി തുകയും ലഭിക്കുകയില്ല. മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ അതുവരെ അടച്ച പ്രീമിയം തുകയുടെ 30 ശതമാനം തിരികെ ലഭിക്കും.

ഇത് ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവാണ്. ആദ്യ വർഷം അടച്ച തുകയും അക്സിഡന്റ് റൈഡർ ബെനിഫിറ്റിനായി അടച്ച തുകയും പരിഗണിക്കില്ല. വൈകി സറണ്ടര്‍ ചെയ്യുന്നതിന് അനുസരിച്ച് ലഭിക്കുന്ന സറണ്ടർ വാല്യുവും ഉയരും.

ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവിനേക്കാള്‍ ഉയര്‍ന്ന തുകയാണ് സ്പെഷ്യൽ സറണ്ടർ വാല്യു. 3 വർഷത്തിൽ കൂടുതലും 4 വർഷത്തിൽ കുറവും കാലം പ്രീമിയങ്ങൾ അടച്ച് പോളിസി സറണ്ടർ ചെയ്യുമ്പോൾ അഷ്വേർഡ് തുകയുടെ 80% വരെ സ്‌പെഷ്യല്‍ സറണ്ടര്‍ വാല്യുവായി ലഭിക്കും.

4 വർഷത്തിൽ കൂടുതലും എന്നാൽ 5 വർഷത്തിൽ കുറവ് കാലവും പ്രീമിയം അടച്ച് സറണ്ടർ ചെയ്യുമ്പോൾ അഷ്വേഡ് തുകയുടെ 90 ശതമാനം വരെ ലഭിക്കും. 5 വർഷത്തിൽ കൂടുതൽ പ്രീമിയം അടയ്ക്കുകയാണെങ്കിൽ അഷ്വേർഡ് തുകയുടെ 100% വരെ നിങ്ങൾക്ക് ലഭിക്കും. ആയിരിക്കും.

പോളിസി സറണ്ടർ ചെയ്യുമ്പോൾ അടച്ച പ്രീമിയത്തിൽ നിന്ന് വളരെ കുറവ് തുക മാത്രമെ തിരികെ ലഭിക്കുകയുള്ളൂ. ഇതിന് പകരം പോളിസി സറണ്ടർ ചെയ്യാതെ പോളിസിയെ പെയ്ഡ് അപ്പ് പോളിസിയാക്കി മാറ്റാം. പോളിസി പ്രീമിയം അടയ്ക്കുന്നത് നിർത്തുകയാണ് ഇതിനായി വേണ്ടത്. ഇതു വഴി ലൈഫ് കവർ തുടർന്നും ലഭിക്കും

പെയ്ഡ് അപ്പ് പോളിസിയിൽ അഷ്വേർഡ് തുക കുറവായിരിക്കും. ഇതിനെ പെയ്ഡ് അപ്പ് വാല്യു എന്നാണ് പറയുന്നത്. പോളിസി കാലാവധി വരെ ലൈഫ് കവർ ലഭിക്കുകയും പോളിസി ഉടമയുടെ മരണമോ പോളിസി കാലാവധി എത്തുകയോ ചെയ്താൽ പെയ്ഡ് അപ്പ് വാല്യു ലഭിക്കും.

എങ്ങനെ സറണ്ടർ ചെയ്യാം?

പോളിസി ബോണ്ടുമായി എല്‍ഐസി ബ്രാഞ്ചിലെത്തി സറണ്ടര്‍ നടപടികൾ പൂർത്തിയാക്കാം. ബ്രാഞ്ചില്‍ നിന്ന് സറണ്ടര്‍ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം. പോളിസി സറണ്ടര്‍ ചെയ്യുന്നതിനായി ഫോട്ടോ, തിരിച്ചറിയാല്‍ കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡ്, പേര് അച്ചടിച്ച ക്യാന്‍സല്‍ഡ് ചെക്ക് എന്നിവ ഹാജരാക്കണം.

7-10 ദിവസത്തിനുള്ളില്‍ സറണ്ടർ വാല്യു അക്കൗണ്ടിലെത്തും. ഓഫീഷ്യല്‍ വെബ്‌സൈറ്റ് വഴി പോളിസിയുടെ നില പരിശോധിക്കാം. ഇതിനായി എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്രില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി പേര്, പോളിസി നമ്പര്‍, ജനന തീയതി എന്നിവ ആവശ്യമാണ്. 022 6827 6827 നമ്പര്‍ വഴി ഫോണ്‍ വഴിയും വിവരങ്ങളറിയാം

0 comments: