2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു സെപ്റ്റംബര്‍ 5ന്

 


രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍.അതായത്, പദ്ധതിയുടെ 12-ാം ഗഡു ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു സൂചന. എന്നാല്‍, ഇപ്പോള്‍ കര്‍ഷകരുടെ ആ കാത്തിരിപ്പ് അവസാനിച്ചിരിയ്ക്കുകയാണ്. അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിക്കുന്ന തിയതി സംബന്ധിച്ച നിര്‍ണ്ണായക അറിയിപ്പ് പുറത്തുവന്നിരിയ്ക്കുകയാണ്.   

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിച്ച ഇ-കെവൈസിയുടെ സമയപരിധിയും കഴിഞ്ഞു. ഓഗസ്റ്റ് 31 വരെയായിരുന്നു  ഇ-കെവൈസി ചെയ്യാനുള്ള സമയം.  എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോഴും ഇ-കെവൈസി പൂര്‍ത്തിയാക്കിയിട്ടില്ല .കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന അറിയിപ്പ് അനുസരിച്ച്    ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു  ലഭിക്കില്ല.

സെപ്റ്റംബർ 5നകം പണം ലഭിക്കും! 

സെപ്റ്റംബർ 5നകം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന്  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. അരുൺ കുമാർ മേത്ത പറഞ്ഞു. ഇ-കെവൈസി പൂര്‍ത്തിയാക്കിയ  കര്‍ഷകര്‍ക്ക് മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം  വ്യക്തമാക്കി.  അതേസമയം, പണം നേടിയെടുത്ത അർഹതയില്ലാത്ത ഗുണഭോക്താക്കൾക്കളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പണം തിരിച്ചു പിടിയ്ക്കുകയാണ്.2021 ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ 11.19 കോടി കർഷകർക്ക് ഒമ്പതാം ഗഡു ലഭിച്ചു. ഇതിനുശേഷം 11.15 കോടി കർഷകർക്ക് 2021 ഡിസംബറിനും 2022 മാർച്ചിനും ഇടയിൽ പത്താം ഗഡു ലഭിച്ചു. പതിനൊന്നാം ഗഡുവിൽ ഗുണഭോക്താക്കളുടെ എണ്ണം 10.92 കോടിയായി കുറഞ്ഞിരുന്നു. 

0 comments: