2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

സ്കൂള്‍ തുറക്കുന്നതിന് ഒരുമാസം മുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കാനുള്ള നടപടി സ്വീകരിക്കും - മന്ത്രി വി. ശിവന്‍കുട്ടി

 

കഴിഞ്ഞ വര്‍ഷം ചെയ്തത് പോലെ തന്നെ ഈ വര്‍ഷവും സ്കൂള്‍ തുറക്കുന്നതിന് ഒരു മാസം മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ 68 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സംവിധാനമുണ്ടാകും. ഏഴരക്കൊല്ലം 5000 കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ളത്. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന 68 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും 33 പുതിയ കെട്ടിടങ്ങള്‍ക്കുമായി ആകെ 201 കോടി രൂപയാണ് ചിലവഴിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുന്നത് എന്നത് സര്‍ക്കാരിന്റെ പ്രഥമ കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വയനാട് ജില്ലയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സ്കൂളില്‍ ലിഫ്റ്റോടുകൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഗവണ്‍മെന്റ് സ്കൂളുകളില്‍ ലിഫ്റ്റ് സൗകര്യമുള്ള ആദ്യത്തെ സ്കൂളാണ് ഇത്. അക്കാദമിക മികവ് വര്‍ധിപ്പിക്കാന്‍ പാഠ്യപരിഷ്കരണമടക്കമുള്ള പദ്ധതികള്‍ നടന്നുവരികയാണ്. വിദ്യാര്‍ത്ഥികളുടെ ഇന്റര്‍നെറ്റ് പ്രാപ്യതയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നമ്മുടെ കേരളമെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തുകയാണ്. പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷത. എല്ലാ നിലയിലും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.

0 comments: