2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ (CUET) 2024 അറിയേണ്ടതെല്ലാം, വിശദമായി

എന്താണ്  (CUET)  ?

രാജ്യത്തെ കേന്ദ്ര സർവകലാശാലകള്‍, മറ്റു സർവകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദതല പ്രോഗ്രാമുകളിലെ  പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ്  കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -  (സി.യു.ഇ.ടി.- യു.ജി.) 

എന്നാണ്  (CUET)  2024 പരീക്ഷ ?

പരീക്ഷ മേയ് 15-നും 31-നും ഇടയ്ക്ക് ദിവസവും രണ്ടോ മൂന്നോ ഷിഫ്റ്റിലായി നടത്തും.

പങ്കെടുക്കുന്ന കേന്ദ്ര സർവകലാശാലകള്‍

അലിഗഢ് മുസ്ലിം, അസം, ബാബാ സാഹെബ് ഭീം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാർ, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കർണാടക, കശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഡോ. ഹരിസിങ് ഗൗർ, ഗുരു ഗാസിദാസ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ജാമിയ മിലിയ ഇസ്ലാമിയ, ജവാഹർലാല്‍ നെഹ്റു, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി, മണിപ്പുർ, മൗലാനാ ആസാദ് നാഷണല്‍ ഉറുദു, മിസോറം, നാഗാലാൻഡ്, നോർത്ത് ഈസ്റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, ദിസ്പുർ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡല്‍ഹി, ഹൈദരാബാദ്, വിശ്വഭാരതി, സെൻട്രല്‍ സാൻസ്ക്രിറ്റ്, മഹാത്മാഗാന്ധി സെൻട്രല്‍, നാഷണല്‍ സാൻസ്ക്രിറ്റ്, ശ്രീ ലാല്‍ ബഹാദുർ ശാസ്ത്രി നാഷണല്‍ സാൻസ്ക്രിറ്റ്.

പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ സ്റ്റേറ്റ്, കല്പിത, സ്വകാര്യ സർവകലാശാലകള്‍, സ്ഥാപനങ്ങള്‍, ഓർഗനൈസേഷനുകള്‍, സ്വയംഭരണ കോളേജുകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. ഈ പരീക്ഷയുടെ സ്കോർ ഉപയോഗിക്കുന്ന മറ്റു സർവകലാശാലകളിലെ/ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ താത്പര്യമുള്ളവരും സി.യു.ഇ.ടി.-യു.ജി. അഭിമുഖീകരിക്കണം.

സർവകലാശാലകളുടെ/ സ്ഥാപനങ്ങളുടെ പട്ടിക exams.nta.ac.in/CUET-UG/ ല്‍ ലഭ്യമാക്കും. നിലവിലെ പട്ടിക പൂർണമാകണമെന്നില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. പ്രവേശന വ്യവസ്ഥകള്‍ക്ക് ഈ വെബ്സൈറ്റ് നോക്കണം. കൂടാതെ അതതു സർവകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന, ഇൻഫർമേഷൻ ബുള്ളറ്റിനും/പ്രോെസ്പക്ടസും പരിശോധിക്കേണ്ടതാണ്. ഓരോ സർവകലാശാലയിലും/സ്ഥാപനത്തിലുമുള്ള പ്രോഗ്രാമുകളുടെ പട്ടിക, സി.യു.ഇ.ടി. യു.ജി. വെബ് സൈറ്റിലും അതത് സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാക്കും.

യോഗ്യത

പരീക്ഷയ്ക്ക് പ്രായപരിധി ഇല്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം. ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ 2024-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വർഷം, ബന്ധപ്പെട്ട സർവകലാശാലാ വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും. ഓരോ സർവകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശന, അർഹതാ വ്യവസ്ഥകള്‍ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കും മുമ്പ്  ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച്‌ വ്യവസ്ഥകള്‍ മനസ്സിലാക്കണം.

പരീക്ഷാരീതി

ഹൈബ്രിഡ് രീതിയില്‍ - പെൻ ആൻഡ് പേപ്പർ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയില്‍ നടത്തും. രജിസ്ട്രേഷൻ പൂർത്തിയായശേഷം, അപേക്ഷകരുടെ എണ്ണം പരിഗണിച്ച്‌ ഏതുരീതിയില്‍ പരീക്ഷ നടത്തണമെന്ന് തീരുമാനിക്കും. ഓരോ വിഷയത്തിലെയും ടെസ്റ്റ് ഒരു ഷിഫ്റ്റില്‍ നടത്താൻ ശ്രമിക്കും. എന്നാല്‍, ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാർക്ക് നോർമലൈസേഷൻ നടത്തി എൻ.ടി.എ. സ്കോർ നിർണയിക്കും. അതിന്റെ വിശദാംശങ്ങള്‍ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

പരീക്ഷയിലെ വിഷയങ്ങള്‍

മൂന്നു ഭാഗങ്ങളിലായി മൊത്തം 61 വിഷയങ്ങളാണുള്ളത്. 33 ഭാഷകള്‍, 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ടെസ്റ്റ്. എല്ലാറ്റിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യപ്പേപ്പർ ലഭ്യമാക്കും. അപേക്ഷ നല്‍കുമ്ബോള്‍ ഏത് ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്ലറ്റ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളില്‍ ഇംഗ്ലീഷ്, മലയാളം ചോദ്യപ്പേപ്പറുകള്‍ ലഭിക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ, വയനാട്. അപേക്ഷിക്കുമ്പോൾ  നാല് കേന്ദ്രങ്ങള്‍ മുൻഗണന നിശ്ചയിച്ച്‌ തിരഞ്ഞെടുക്കണം. സ്ഥിരം മേല്‍വിലാസം അല്ലെങ്കില്‍ നിലവിലെ മേല്‍വിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ. വിദേശത്ത് 26 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

വിഷയങ്ങള്‍/ടെസ്റ്റുകള്‍

മൂന്നു ഭാഗങ്ങളും വിഷയങ്ങളും

1. 33 ഭാഷകള്‍: ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്. ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷ തിരഞ്ഞെടുക്കാം.ഇതിലെ ചോദ്യങ്ങള്‍, റീഡിങ് കോംപ്രിഹൻഷൻ (വ്യത്യസ്തമായ ഖണ്ഡികകള്‍ അടിസ്ഥാനമാക്കി - ഫാക്ച്വല്‍, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റ്യൂഡ് ആൻഡ് വൊക്കാബുലറി എന്നിവ വിലയിരുത്തും.

2.27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങള്‍: അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രിക്കള്‍ച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ ബയോളജിക്കല്‍ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയണ്‍മെൻറല്‍ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓണ്‍ട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/ വിഷ്വല്‍ ആർട്സ് (സ്കള്‍പ്ചർ/പെയിൻറിങ്)/കൊമേഴ്സ്യല്‍ ആർട്ട്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇന്ത്യ, ലീഗല്‍ സ്റ്റഡീസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കല്‍ എജുക്കേഷൻ/നാഷണല്‍ കേഡറ്റ് കോപ്സ് (എൻ.സി.സി.)/യോഗ, ഫിസിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്.ചോദ്യങ്ങള്‍ ക്ലാസ് 12 സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സർവകലാശാലകള്‍/കോഴ്സുകള്‍ അനുസരിച്ച്‌ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം.

3• ജനറല്‍ ടെസ്റ്റ്: ജനറല്‍ നോളജ്, കറൻറ് അഫയേഴ്സ്, ജനറല്‍ മെൻറല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (ബേസിക് മാത്തമാറ്റിക്കല്‍ തത്ത്വങ്ങള്‍ - അരിത് മറ്റിക്/ഓള്‍ജിബ്ര/ജ്യോമട്രി/മെൻസുറേഷൻ/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷൻസ്), ലോജിക്കല്‍ ആൻഡ് അനലറ്റിക്കല്‍ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വൊക്കേഷണല്‍/ ഓപ്പണ്‍ എലിജിബിലിറ്റി/ക്രോസ് സ്ട്രീം/ ബാധകമായ മറ്റുള്ളവയ്ക്ക് ഈ ടെസ്റ്റ് അഭിമുഖീകരിക്കാം. പ്രവേശനത്തിന് സർവകലാശാല/സ്ഥാപനം ജനറല്‍ ടെസ്റ്റ് സ്കോർ ഉപയോഗിക്കുന്ന പക്ഷം ഈ ടെസ്റ്റ് അഭിമുഖീകരിക്കണം.

പരമാവധി ആറ് ടെസ്റ്റുകള്‍

ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ടെസ്റ്റ് എന്നിവ ഉള്‍െപ്പടെ പരമാവധി ആറ് വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം. ഇതില്‍ ജനറല്‍ ടെസ്റ്റ് ഉള്‍പ്പെടെ നാലോ അഞ്ചോ ഡൊമൈൻ വിഷയങ്ങളും ഒന്നോ രണ്ടോ ഭാഷകളും ആകാം. ഒരു ഭാഷയെങ്കിലും തിരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനം/കോഴ്സ് എന്നിവയ്ക്കു ബാധകമായ വിഷയത്തിന്/ വിഷയങ്ങളുടെ ടെസ്റ്റ് അഭിമുഖീകരിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ സിയു.ഇ.ടി. യു.ജി. വെബ്സൈറ്റില്‍ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.

ഉദാ: കേരള കേന്ദ്ര സർവകലാശാലയിലെ ബി.എ. ഇൻറർനാഷണല്‍ റിലേഷൻസ് പ്രോഗ്രാമില്‍ താത്പര്യമുള്ളവർ ഭാഷാ ഭാഗത്തുനിന്നും ഇംഗ്ലീഷും ഡൊമൈൻ വിഷയങ്ങളില്‍നിന്നും പൊളിറ്റിക്കല്‍ സയൻസും കൂടാതെ ജനറല്‍ ടെസ്റ്റും അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമായ ബി.എസ്സി. ബി.എഡ്. പ്രവേശനത്തില്‍ താത്പര്യമുള്ളവർ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജനറല്‍ ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ബി.കോം. ബി.എഡ്. പ്രോഗ്രാമില്‍ താത്പര്യമുള്ളവർ ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജനറല്‍ ടെസ്റ്റ് എന്നിവയാണ് അഭിമുഖീകരിക്കേണ്ടത്.

ചോദ്യങ്ങള്‍

ജനറല്‍ ടെസ്റ്റില്‍ മൊത്തം 60 ചോദ്യങ്ങളില്‍നിന്ന് 50 എണ്ണത്തിന് ഉത്തരം നല്‍കണം. മറ്റ് വിഷയങ്ങളില്‍ 50 ചോദ്യങ്ങള്‍ ഉള്ളതില്‍നിന്ന് 40 എണ്ണത്തിന് ഉത്തരം നല്‍കണം. ജനറല്‍ ടെസ്റ്റ്, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് എന്നീ പരീക്ഷകളുടെ ദൈർഘ്യം 60 മിനിറ്റും മറ്റുള്ളവയുടേത് 45 മിനിറ്റും ആയിരിക്കും.

അപേക്ഷ

exams.nta.ac.in/CUET-UG/ വഴി മാർച്ച്‌ 26-ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. മൂന്നുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫോം, ആപ്ലിക്കേഷൻ ഫോം, ഫീ പേമെന്റ്. അപേക്ഷാർഥിയെ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/ കോഴ്സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്‍കുമ്പോൾ  വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്‍കി, ഫീസ് വിജയകരമായി അടച്ച ശേഷം, കണ്‍ഫർമേഷൻ പേജിന്റെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കണം. കണ്‍ഫർമേഷൻ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

ഫീസ്

അപേക്ഷാ ഫീസ് സംബന്ധിച്ച വിവരം ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ഉണ്ട്. അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, കാറ്റഗറി എന്നിവ അനുസരിച്ച്‌ ഇത് മാറും. മൂന്നു വിഷയങ്ങള്‍/ടെസ്റ്റുകള്‍ വരെ തിരഞ്ഞെടുക്കുന്ന ജനറല്‍ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. ഒ.ബി.സി.(എൻ.സി.എല്‍.)/ ഇ.ഡബ്ല്യു.എസ്. - 900 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ - 800 രൂപ. ഓരോ അധിക വിഷയത്തിനും ഈ വിഭാഗക്കാർ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും മൂന്നുവിഷയം വരെ 4500 രൂപയും ഓരോ അധിക വിഷയത്തിനും 1800 രൂപ വീതവും ഫീസായി നല്‍കണം. ഫീസ് 26-ന് രാത്രി 11.50 വരെ ക്രഡിറ്റ്/ഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യു.പി. ഐ. വഴി അടയ്ക്കാം.

അപേക്ഷയിലെ പിശകുകള്‍ തിരുത്താൻ 28 മുതല്‍ 29-ന് രാത്രി 11.50 വരെ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ 30 മുതല്‍ ലഭ്യമാക്കും. അഡ്മിറ്റ് കാർഡ് മേയ് രണ്ടാം വാരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞ്, റെസ്പോണ്‍സസ്, ഉത്തര സൂചിക എന്നിവ വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. ഫലപ്രഖ്യാപനം ജൂണ്‍ 30-ന്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ച്‌ പരീക്ഷയുടെ സമയക്രമത്തിലെ ചില തീയതികള്‍ മാറിയേക്കാം.

എങ്ങനെ അപേക്ഷിക്കാം? 

  • CUET പരീക്ഷ 2024-ൻ്റെ അപേക്ഷ നൽകാനായി വിദ്യാർത്ഥികൾ cuet.samarth.ac.in എന്ന സൈറ്റിൽ പോകണം 
  • എന്നിട്ട് രജിസ്റ്റർ എന്ന ബട്ടണിൽ  ക്ലിക്ക് ചെയ്യുക
  • നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കണം.
  • ഡിക്ലറേഷൻ ബട്ടൺ ക്ലിക്ക് ചെയ്യണം.
  • അതിനുശേഷം  ഡാറ്റ പൂരിപ്പിക്കേണ്ടതുണ്ട്
  • വിദ്യാർത്ഥികൾ അവരുടെ നിലവിലെ വിലാസവും അവരുടെ മൊബൈൽ നമ്പറും നൽകുക 
  • അടുത്ത ഘട്ടത്തിൽ  permanent address ചേർക്കേണ്ടതുണ്ട്
  • ഒരു പ്രത്യേക symbol , ഒരു capital letter , ഒരു small  letter , ഒരു number  എന്നിവ ഉൾപ്പെടുന്ന ഒരു 8-13 വാക്കുള്ള പാസ്‌വേഡ് ഉണ്ടാക്കുക 
  • രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക 
  • ലോഗിൻid  നമ്പർ ലഭിക്കും 
  • തുടർന്ന് പാസ്‌വേഡ്, ലോഗിൻid എന്നിവ ഉപയോഗിച്ച്  enter ചെയ്യുക 
  • വിശദംശങ്ങൾ പൂരിപ്പിക്കുക 
  • അവിടെ നൽകിയ ഫോർമാറ്റിനും വലുപ്പത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെയും ഒപ്പിൻ്റെയും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസിനായി പണമടയ്ക്കുക, ഒടുവിൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • print എടുത്തു സൂക്ഷിച്ചു വക്കുക 

0 comments: