കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഹൈദരാബാദ്, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡിവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ് (എൻ.ഐ.ആർ.ഡി.പി.ആർ.) വിവിധ റെഗുലർ ഫുള്‍ ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെയും വിദൂരപഠന പി.ജി.ഡിപ്ലോമ/ഡിപ്ലോമ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള രണ്ടുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ്-റൂറല്‍ മാനേജ്മെൻറ് (പി.ജി.ഡി.എം.-ആർ.എം.), ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റൂറല്‍ ഡിവലപ്മെൻറ് മാനേജ്മെൻറ് (പി.ജി.ഡി.ആർ.ഡി.എം.) എന്നീ പ്രോഗ്രാമുകളിലേക്ക്, 50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) ഏതെങ്കിലും വിഷയത്തില്‍ ബാച്ച്‌ലർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
രണ്ടുവർഷ റൂറല്‍ മാനേജ്മെൻറ് പ്രോഗ്രാം അപേക്ഷകർക്ക്, സി.എ.ടി./എക്സ്.എ.ടി./എം.എ.ടി./സി.എം.എ.ടി./ എ.ടി.എം.എ./ജി.എം.എ.ടി. എന്നിവയിലൊന്നിലെ സാധുവായ സ്കോർ വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തില്‍ പഠിക്കുന്നവർക്ക്, യോഗ്യതാവ്യവസ്ഥകള്‍ക്കാവശ്യമായ നിബന്ധനകളെല്ലാം ജൂണ്‍ 15-നകം പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി അപേക്ഷിക്കാം.
രണ്ടിലും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണല്‍ ഇൻറർവ്യൂ എന്നിവ ഉണ്ടാകും.ഓരോ പ്രോഗ്രാമിന്റെയും അപേക്ഷ www.nirdpr.org.in/ വഴി നല്‍കാം. അവസാന തീയതി: ഏപ്രില്‍ 21.കോഴ്സ് ഫീസ് പ്രതിവർഷം 2,20,500 രൂപ.
വിദൂരപഠനം - ഡിപ്ലോമ
സെൻറർ ഫോർ പി.ജി. സ്റ്റഡീസ് ആൻഡ് ഡിസ്റ്റൻസ് എജുക്കേഷൻ പി.ജി. ഡിപ്ലോമ/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍: (18 മാസം) (i) സസ്റ്റെയിനബിള്‍ റൂറല്‍ ഡിവലപ്മെൻറ് (ഫീസ്: 16,500 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗം-14,850) (ii) ട്രൈബല്‍ ഡിവലപ്മെൻറ് മാനേജ്മെൻറ് (16,500 രൂപ, 14,800 രൂപ) (iii) ജിയോ സ്പേഷ്യല്‍ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ റൂറല്‍ ഡിവലപ്മെൻറ് (19,800 രൂപ, 16,500 രൂപ).
ഡിപ്ലോമ പ്രോഗ്രാം (ഒരുവർഷം): പഞ്ചായത്തീരാജ് ഗവേണൻസ് ആൻഡ് റൂറല്‍ ഡിവലപ്മെൻറ് (12,000 രൂപ, 9000 രൂപ).ഏതെങ്കിലും വിഷയത്തില്‍ യു.ജി.സി. അംഗീകൃത സർവകലാശാലയില്‍നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.അപേക്ഷ www.nirdpr.org.in/ വഴി മാർച്ച് 15 വരെ നല്‍കാം.
0 comments: