2024, മാർച്ച് 1, വെള്ളിയാഴ്‌ച

അടുത്ത 50 വര്‍ഷം കൊമേഴ്സ് പ്രൊഫഷലുകളുടേത്; പ്രാരംഭ ശമ്പളം 60,000 എന്നിട്ടും കൊമേഴ്സെടുക്കാൻ മടി

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യവും അതോടൊപ്പം കുതിച്ചുമുന്നേറുന്ന സമ്പദ് വ്യവസ്ഥയും നിരവധി തൊഴിലവസരങ്ങളാണ് കൊമേഴ്സ് രംഗത്ത് സൃഷ്ടിക്കുന്നത്.പുതിയ നിക്ഷേപങ്ങളും സംരംഭങ്ങളുമെല്ലാം കൊമേഴ്സ് പ്രൊഫഷണലുകളുടെ സാധ്യതകള്‍ അനുദിനം വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ, അടുത്ത മുപ്പത് മുതല്‍ അൻപത് വർഷത്തേക്ക് സാമ്പത്തിക മേഖലയുടെ വളർച്ചയില്‍ കൊമേഴ്സ് പ്രൊഫഷണലുകളുടെ സേവനം ഒഴിച്ചുകൂടാനാകത്തതാണ്. നിർമ്മിത ബുദ്ധിയുടെയും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുടെയും സ്വാധീനം ഉണ്ടെങ്കിലും നിരവധി സാമ്പത്തിക പ്രൊഫഷണലുകള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് കരുത്തുപകരാൻ അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ എത്ര വിദ്യാർത്ഥികളാണ് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരുന്നത്? ജീവിത വിജയത്തിലേക്ക് അനായാസം വഴിതെളിക്കുന്ന കൊമേഴ്സ് മേഖല എത്ര പേരാണ് തിരഞ്ഞെടുക്കുന്നത്?

മാറുന്ന കാലഘട്ടത്തില്‍ കൊമേഴ്സ്

ഒരു കരിയർ അല്ലെങ്കില്‍ കോഴ്സ് തിരഞ്ഞെടുക്കുമ്ബോള്‍ അതിനോടുള്ള താത്പര്യത്തോടൊപ്പം തന്നെ പ്രധാനമാണ് അത് വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ക്കും തുറന്നിടുന്ന സാധ്യതകള്‍ക്കും. ഇതിലൂടെ തന്നെ മികച്ച തൊഴിലവസരങ്ങളും ഉയർന്ന ശമ്ബളവും മെച്ചപ്പെട്ട ജീവിതവും ലഭിക്കാനാവും. നിലവിലെ സാഹചര്യത്തില്‍ കൊമേഴ്സ് കോഴ്സുകള്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നാണ്. കോഴ്സ് പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാർത്ഥിക്ക് കേരളത്തില്‍ മാത്രം 60,000 മുതല്‍ 70,000 രൂപ വരെയാണ് പ്രാരംഭ ശമ്പളമായി ലഭിക്കുന്നത്. കേരളത്തിന് പുറത്ത് ശമ്പള സ്കെയിലില്‍ വർധനവ് ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.

താരതമ്യേന കുറഞ്ഞ ചെലവിലും ചെറിയ കാലയളവിലും പഠനം പൂർത്തിയാക്കാൻ സാധിക്കുന്ന കൊമേഴ്സ് കോഴ്സുകള്‍ രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോള തലത്തില്‍ തന്നെ കൊമേഴ്സ് രംഗത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. കൊമേഴ്സ് ബിരുദധാരികളുടെ എണ്ണം കൂടുതലാണെങ്കിലും കൊമേഴ്സ് രംഗത്തും സാമ്പത്തിക മേഖലയിലും പ്രവർത്തിക്കാൻ പ്രൊഫഷണലുകള്‍ ഇല്ലായെന്നത് ഉയർന്നു വരുന്ന ആശങ്കയാണ്.

കൊമേഴ്സ് കോഴ്സുകള്‍

കൊമേഴ്സ് രംഗത്തെതന്നെ വ്യത്യസ്ത മേഖലകളില്‍ അറിവും പരിശീലനവും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത കോഴ്സുകള്‍ നിലവിലുണ്ട്. ഒരു വർഷം മുതല്‍ നാല് വർഷം വരെ നീളുന്ന കോഴ്സുകളാണ് കൊമേഴ്സ് മേഖലയില്‍ ഇപ്പോഴുള്ളത്. കമ്പനികളും തൊഴിലുടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുപോലെ അംഗീകരിക്കുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുള്ള നിരവധി ദേശീയ അന്തർദേശീയ കോഴ്സുകള്‍ ലഭ്യമാണ്.

പ്ലസ് ടു യോഗ്യത മാത്രംവെച്ച്‌ മറ്റ് പ്രത്യേക യോഗ്യതാ പരീക്ഷകള്‍ അഭിമുഖീകരിക്കാതെ തന്നെ അഡ്മിഷനെടുക്കാൻ സാധിക്കുന്ന കോഴ്സുകളാണ് ഇതില്‍ ബഹുഭൂരിപക്ഷവും. സിഎ, എസിസിഎ, സിഎംഎ ഇന്ത്യ, സിഎംഎ യുഎസ്, സിഎസ് തുടങ്ങിയ കോഴ്സുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കുന്നതും തൊഴിലവസരങ്ങളുള്ളതും.

എന്തുകൊണ്ട് കൊമേഴ്സ് മാറ്റി നിർത്തപ്പെടുന്നു?

കൊമേഴ്സ് കോഴ്സുകളെക്കുറിച്ചുള്ള കൃത്യമായ അവബോധം ലഭിക്കാത്തതാണ് വിദ്യാർത്ഥികളെ ഈ മേഖലയിലേക്ക് എത്തുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ട് തന്നെ തങ്ങളുടെ മുന്നിലുള്ള ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവർക്ക് സാധിക്കുന്നില്ല. ഇതിനെ സാധൂകരിക്കുന്നതാണ് 2023ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് (എഎസ്‌ഇആർ). പ്ലസ് ടുവിന് ശേഷം 9.4% വിദ്യാർത്ഥികള്‍ മാത്രമാണ് കോമേഴ്സ് കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത് എന്നാണ് ഈ സർവ്വേ വ്യക്തമാക്കുന്നത് . അതേസമയം, സാമൂഹികമായ വ്യത്യസ്ത കാരണങ്ങളാല്‍ മുഖ്യധാര തൊഴില്‍ രംഗങ്ങളില്‍ നിന്ന് കൊമേഴ്സിനെ മാറ്റിനിർത്തുന്നതും വിദ്യാർത്ഥികള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയൻസ് വിഷയങ്ങള്‍ക്കും സ്ട്രീമുകള്‍ക്കും നല്‍കുന്ന അമിത പ്രാധാന്യമാണ് ഇതിനുള്ള കാരണം. മെഡിസിൻ, എഞ്ചിനീയറിംഗ്, സർക്കാർ സർവീസ് തുടങ്ങിയ ജോലികള്‍ മറ്റ് തൊഴിലുകളെ അപേക്ഷിച്ച്‌ കൂടുതല്‍ സ്ഥിരതയും സമൂഹത്തില്‍ ഉന്നത പദവിയും പ്രദാനം ചെയ്യുമെന്ന ഒരു ധാരണയും ആളുകള്‍ക്കിടയിലുണ്ട്.

കൊമേഴ്സ് വിഷയങ്ങള്‍ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും കൊമേഴ്സ് ജോലികളില്‍ സമ്മർദ്ദം കൂടുതലാണെന്നുമുള്ള മിഥ്യാധാരണയും വിദ്യാർത്ഥികളെ ഈ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിന്ന് മാറ്റിനിർത്തുന്നു. എന്നാല്‍ പ്ലസ് ടുവിന് കൊമേഴ്സ് മാത്രമല്ല സയൻസും ഹ്യമാനിറ്റീസും പഠിച്ച വിദ്യാർത്ഥികള്‍ക്കും അതിന് ശേഷം കൊമേഴ്സ് കോഴ്സുകള്‍ പഠിക്കാനും മികച്ച ജോലി കണ്ടെത്താനും സാധിക്കും. ഉദാഹരണത്തിന്, കുറച്ചു മാസങ്ങള്‍ക്ക് മുമ്ബ് ഐഐസി ലക്ഷ്യയിലെ 600ഓളം വിദ്യാർത്ഥികള്‍ക്കിടയില്‍ നടത്തിയ സർവേയില്‍ 22.9% പേർ സയൻസ് വിഷയങ്ങള്‍ പഠിച്ചവരാണ്. മികച്ച കൊമേഴ്സ് കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ഒരു സമയത്ത് കുറവായിരുന്നതും കൊമേഴ്സിലേക്ക് വിദ്യാർത്ഥികളെത്തുന്നതിന് തടസമായിരുന്നു.

കൊമേഴ്സ്: സാധ്യതകളും അവസരങ്ങളും

വാണിജ്യ, ധനകാര്യ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നതാണ് ബിരുദതലത്തില്‍ കൊമേഴ്സ് കോഴ്സുകളുടെ ആവശ്യകതയിലുണ്ടായ ശ്രദ്ധേയമായ കുതിച്ചുചാട്ടം. നേരത്തെ സൂചിപ്പിച്ച പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവ് വ്യക്തമാണ്. ഇത്തരത്തില്‍ കൊമേഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികള്‍ക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്നു. കേരളവും കൊമേഴ്സ് വിദ്യാർത്ഥികളുടെ ഇഷ്ട ഇടമാണ്. ഇവർക്കായി ദേശീയ അന്തർദേശീയ കോഴ്സുകളുടെ വിപുലമായ ശ്രേണിയും ലഭ്യമാണ്.

ധനകാര്യം, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, തുടങ്ങി അനുബന്ധ വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കരിയറിന് മൂല്യവത്തായ അടിത്തറയായി കൊമേഴ്സ് വിദ്യാഭ്യാസത്തെ അംഗീകരിക്കുന്നത് അടിവരയിടുകയാണ് ഈ പ്രവണത. സമ്പദ് വ്യവസ്ഥയില്‍ വർദ്ധിച്ചുവരുന്ന ആവശ്യകതയും ആഗോള വിപണികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഈ മുന്നേറ്റത്തിന് കരുത്തുപകരുന്നു. ഇത് മനസിലാക്കി, ഈ മേഖലകളില്‍ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച്‌ സ്വയം സജ്ജമാകുന്നതിന് കൊമേഴ്സ് കോഴ്സുകള്‍ വിദ്യാർത്ഥികളെ സഹായിക്കുന്നു.

0 comments: