2021, മേയ് 26, ബുധനാഴ്‌ച

പൊതു വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസിനുള്ള ഒരുക്കങ്ങൾ തുടങ്ങി; ക്ലാസുകൾ പുതിയ രീതിയിൽ

  


തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിനെ ആശ്രയിച്ചായിരുന്നു. എന്നാൽ ഈ പ്രാവശ്യം അതിൽനിന്നും വ്യത്യസ്തമായി സ്വന്തം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.മിക്ക സ്കൂളുകളിലും പിടിഎ യോഗങ്ങളും സ്റ്റാഫ് മീറ്റിംഗ് കളും ഓൺലൈനായി ചേരുന്ന തിരക്കിലാണ് ഇപ്പോൾ. ക്ലാസ്സുകൾ എങ്ങനെ വേണമെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ജൂൺ ഒന്നിനു തന്നെ അധ്യയനവർഷം ആരംഭിക്കും. ആദ്യത്തെ 20 ദിവസം മുതൽ പാഠ ഭാഗങ്ങളിലേക്ക്  കടക്കില്ല. കുട്ടികളെ പഠനത്തിലേക്ക് നയിക്കാനുള്ള മുന്നൊരുക്ക ക്ലാസ്സുകൾ ആണ് ഈ സമയത്ത് നടത്തുക. ഡയറ്റുകൾ ആണ് ഈ ക്ലാസ്സുകളുടെ മൊഡ്യൂളുകൾ തയ്യാറാക്കുക.ഒരു വർഷമായി പഠനത്തിൽ നിന്നും അകന്നു നിൽക്കുന്ന കുട്ടികളുടെ ശൈലി മാറ്റി എടുക്കുന്നതാണ് മുന്നൊരുക്ക ക്ലാസുകളുടെ ലക്ഷ്യം. ക്ലാസ്സ് ചുമതലയുള്ള അധ്യാപകർ കുട്ടികളെ ഫോൺ ചെയ്യണം എന്നുള്ള നിർദേശം മുൻപ് തന്നെ വന്നിരുന്നു. അതുപ്രകാരം ഉള്ള ഫോൺ വിളികൾ ആരംഭിച്ചുകഴിഞ്ഞു.
കുട്ടിക്ക് ക്ലാസ്സ് കയറ്റം കിട്ടിയ കാര്യം അറിയിക്കുകയും മാനസികമായി ഓൺലൈൻ ക്ലാസുകളോട് കുട്ടികളെ പ്രേരിപ്പിക്കുകയും  കുട്ടിയെ കുറിച്ചുള്ള വിശദമായ കുറിപ്പ് അധ്യാപകർ രജിസ്റ്ററിൽ സൂക്ഷിക്കുകയും വേണം. സമാഹരിച്ച റിപ്പോർട്ട് മെയ് 30 നകം ഡിഇഒ ക്ക് നൽകണം.

മുന്നൊരുക്ക ക്ലാസ്സുകൾക്ക് ശേഷം പാഠഭാഗങ്ങൾ കുട്ടികളെ പഠിപ്പിക്കണം. കൈറ്റ് തയ്യാറാക്കിയ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ഉണ്ടായിരിക്കും. ഓൺലൈൻ ക്ലാസ് എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എ ഇ ഒ/ഡി ഇ ഒ തലത്തിൽ നിന്നും നൽകും.

ഇക്കൊല്ലം പഠനരീതികൾക്ക്  മാറ്റം വേണമെന്ന മാതൃഭൂമിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു മാറ്റം നടത്തിയത്. വിദ്യാർഥികളുമായി അധ്യാപകർ അകന്നു പോകുന്നു എന്ന കുറവ് പരിഹരിക്കണമെന്ന് വ്യാപകമായി അഭിപ്രായമുയർന്നിരുന്നു.

0 comments: