2021, ജൂൺ 23, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


  

പ്ലസ്‌വണ്‍ പരീക്ഷയില്‍ ഓപ്ഷന്‍ പരിമിതപ്പെടുത്തി ചോദ്യക്രമീകരണം; വിവേചനമെന്ന് ആക്ഷേപം

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയില്‍ ഓപ്ഷനുകള്‍ പരിമിതപ്പെടുത്തിക്കൊണ്ട് ചോദ്യക്രമീകരണം. പ്ലസ്ടു പരീക്ഷയിലുണ്ടായിരുന്നതുപോലെ ഇരട്ടിമാര്‍ക്കിനുള്ള ചോദ്യങ്ങള്‍ നല്‍കുകയും അതെല്ലാം മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്ന രീതി ഒഴിവാക്കിക്കൊണ്ടാണിത്.ഇതുവരെ നേരിട്ട് സ്‌കൂളിലെത്തുകയോ ഒരു ക്ലാസെങ്കിലും കിട്ടുകയോ ചെയ്യാത്തവരാണ് സെപ്റ്റംബറില്‍ പരീക്ഷ നേരിടേണ്ടത്. ഇവര്‍ക്ക് ഓപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നത് വിവേചനമാണെന്നാണ് ആക്ഷേപം.

പരീക്ഷ റദ്ദാക്കല്‍: സി.ബി.എസ്.ഇ., ഐ.എസ്.സി. തീരുമാനം സുപ്രീംകോടതി ശരിവെച്ചു

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി വിദ്യാര്‍ഥികളെ വിലയിരുത്താന്‍ ഫോര്‍മുല തയ്യാറാക്കിയ സി.ബി.എസ്.ഇ., ഐ.എസ്.സി. ബോര്‍ഡുകളുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ തീരുമാനം.20 ലക്ഷം വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് ഉന്നതതലത്തില്‍ എടുത്ത തീരുമാനമാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കുട്ടികൾക്കുണ്ടാകുന്ന സംശയ നിവാരണത്തിനും മാനസിക സമ്മർദ്ദങ്ങളൾക്കും പരിഹാരം കാണാൻ പ്രത്യേക കൗൺസിലിങ് സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സെഷനുകൾ നടത്തുക.

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റും

രാജ്യത്ത് ‘നീറ്റ് ‘പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും. ജെ.ഇ.ഇ. മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ ജൂലായ് അവസാനമോ ഓഗസ്റ്റ് മാസമോ നടത്തിയേക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.അതെ സമയo നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് വ്യാപന ഭീഷണി തുടരുന്നതിനാല്‍ ഓഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്തിയേക്കില്ല. രാജ്യവ്യാപകമായി ഒറ്റ ദിവസം എഴുത്തുപരീക്ഷ ആയി നീറ്റ് നടത്തുന്നതിനാല്‍ പ്രാദേശികമായ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍

എൻജിനീയറിങ് കോളജുകളിൽ പുതിയ കോഴ്സിന് എൻബിഎ മാനദണ്ഡങ്ങൾ നിർബന്ധം.

എൻജിനീയറിങ് കോളജുകളിൽ പുതിയ കോഴ്‌സ് അനുവദിക്കാൻ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ സാങ്കേതിക സർവകലാശാല (കെടിയു) തീരുമാനിച്ചു.നിലവിലുള്ള ഒരു കോഴ്‌സിനെങ്കിലും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ച കോളജുകൾക്കേ പുതിയ കോഴ്സിന്അപേക്ഷിക്കാനുള്ള എൻഒസി നൽകാവൂ എന്ന ശുപാർശ സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് വിളിക്കാം

പാലക്കാട്:   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും എംപ്ലോയ്‌മെന്റ് വകുപ്പിലെ പ്രഗല്‍ഭരുമായി നാളെ ( ജൂണ്‍ 23, ജൂണ്‍ 25 തിയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ 9495270331, 7012771047, 9495836817 എന്നീ നമ്പറുകളില്‍ വിളിച്ച് സംശയനിവാരണം നടത്താം.

ജൂണ്‍ 24 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന വെബിനാറിന് http://forms.gle/sqoB5UrZs8ogg9968 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. ഫോണ്‍: 0491 42505204, 04923 223297.

മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയൽ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2021 – 22 അധ്യയനവർഷം ഡിഗ്രി, പി.ജി, മെഡിക്കൽ, എൻജിനീയറിങ്, ഐ.ടി.ഐ. പോളിടെക്‌നിക്, ബി.എഡ്, ഡി.എഡ് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ജില്ലാ പട്ടികജാതി വികസന ഓഫീസ് /ഗ്രാമ പഞ്ചായത്ത് എന്നിവടങ്ങളിൽ നിന്ന് സ്‌കോളർഷിപ്പ് കൈപ്പറ്റുന്നവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ- 8547630127

പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്/ മൊബൈൽ ഫോൺ വിതരണം; 25 വരെ അപേക്ഷ നൽകാം

അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയൂർ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഊരുകളിൽ പ്ലസ്ടുവിന് മുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ജാതി, ജനന തിയ്യതി, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, പഞ്ചായത്ത് എന്നീ വിവരങ്ങൾ വെള്ളപേപ്പറിൽ എഴുതി സ്വയം സാക്ഷ്യപ്പെടുത്തി ജൂൺ 25 ന് വൈകീട്ട് അഞ്ചിനകം അഗളി, ഷോളയൂർ, പുതൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, അഗളി ഐ.ടി.ഡി.പി. ഓഫീസിലോ ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾ ഐ. ടി.ഡി.പി. അട്ടപ്പാടി ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർമാരിൽ നിന്നും ലഭിക്കും. ഫോൺ – ഐ.ടി.ഡി.പി. അട്ടപ്പാടി – 04924 254382, ടി.ഇ.ഒ. അഗളി – 9496070363, ടി.ഇ. ഒ. ഷോളയൂർ -9496070364, ടി.ജി. ഒ. പുതൂർ – 8301863310.

ഡി.സി.എ അഞ്ചാം ബാച്ച് പരീക്ഷ ജൂലൈ 12 മുതൽ

സ്‌കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ ജുലൈ 12ന് ആരംഭിക്കും. തിയറി പരീക്ഷ ജൂലൈ 12 മുതൽ 16 വരെ തിയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 19 മുതൽ 23 വരെയുള്ള തിയതികളിലും നടക്കും. വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ജൂലൈ ഒന്നു മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷ തിയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.scolekerala.org യിൽ ലഭിക്കും.


0 comments: