2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചത് 2,18,418 വിദ്യാർഥികൾക്ക്;സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം.

                                            


സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളുടെ ക്ഷാമം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇക്കാര്യം പ്രതിപക്ഷം അടക്കം നിയമസഭയിൽ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ അപേക്ഷിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാകുന്ന വിധത്തിൽ സീറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. ഇതിനെ ഖണ്ഡിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 2,18,418 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ആകെ 4,65,219 പേർ അപേക്ഷിച്ചപ്പോഴാണ് 2,18,418 പേർക്ക് സീറ്റ് ലഭ്യമായത്. മെറിറ്റിൽ ഇനി ബാക്കിയുള്ളതാകട്ടെ 52,700 സീറ്റുകളും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എസ്എസ്എൽസി വിജയിച്ച കുട്ടികളുടെ എണ്ണത്തിലും മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായതാണ് സീറ്റ് പ്രതിസന്ധിക്ക് കാരണം.

മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും വീടിനടുത്തുള്ള സ്കൂളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മലബാർ ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്നത്. അതേസമയം വിദ്യാർത്ഥികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാതെ പ്രവേശനം നേടുന്നതിനാണ് ഏകജാലക സംവിധാനം സർക്കാർ കൊണ്ടുവന്നിരുന്നത്. എന്നാൽഏകജാലക പ്രവേശന സംവിധാനത്തിലും പ്രശ്നങ്ങൾ ഉണ്ടെന്ന ആക്ഷേപമുയർന്നു.

പ്ലസ് വൺ പ്രവേശനത്തിന്റെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകുന്നില്ലെന്നാണ് പരാതി. ബുധനാഴ്ച രാവിലെയോടെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രിയായിട്ടും വിവരങ്ങൾ വെബ്സൈറ്റിൽ കൃത്യമായി ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനെത്തുടർന്ന് വലിയ പ്രതിസന്ധിയാണ് വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്നത്.

വ്യാഴാഴ്ച പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി നേരിടുന്നത്. പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾക്കായി പ്രത്യേക ക്രമീകരണം സ്കൂളുകളിൽ ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പ്രവേശന നടപടികൾ നടത്താൻ പാടുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


0 comments: