2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

കർഷകർക്ക് സന്തോഷ വാർത്ത പിഎം കിസ്സാൻ തുക ഇരട്ടിയാക്കുന്നു!

                                          


കേന്ദ്ര സർക്കാർ കർഷകർക്ക് പി.എം. കിസാൻ യോജന വഴി നൽകുന്ന ധനസഹായം ഉടനെ ഉയർത്തുമെന്നു റിപ്പോർട്ട്.  വർഷത്തിൽ 6000 രൂപയാണ് 2000 രൂപയുടെ മൂന്നു ഗഡുക്കളായി   പദ്ധതിയിൽ അംഗമായ കർഷകർക്കു ലഭിക്കുന്നത്. ഇത് 12000 രൂപയായി ഉയർത്തിയേക്കുമെന്നാണു സൂചന. അതായത് 4000 രൂപയുടെ മൂന്നു ഗഡുക്കളാകും ലഭിക്കുക.കൃഷിയെ പ്രോൽസാഹിപ്പിക്കുകയാണ്  സർക്കാർ ഈ ധനസഹായത്തിലൂടെ. ഈ മാസം 30 വരെ  അംഗമാകാത്തവർക്ക് അംഗമാകാൻ അവസരമുണ്ട്. രാജ്യത്ത് 12.14 കോടി കുടുംബങ്ങൾക്ക് നിലവിൽ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.

എങ്ങനെ പദ്ധതിയിൽ അംഗമാകാം

പി.എം. കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ്(https://pmkisan.gov.in/) സന്ദർശിക്കുക. ഇതിൽനിന്ന് 'ഫാർമേഴ് കോർണർ' തെരഞ്ഞെടുക്കുക. വരുന്ന പേജിൽ 'ന്യൂ ഫാർമർ രജിസ്ട്രേഷൻ' ക്ലിക്ക് ചെയ്യുക. തുറന്ന വരുന്ന ജാലകത്തിൽ ആധാർ നമ്പർ നൽകുക. വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം ക്യപ്ച നൽകി അടുത്ത പേജിലേക്ക് പോകാം. തുറന്നു വരുന്ന ജാലകത്തിൽ അടിസ്ഥാന വിവരങ്ങളാണു നൽകേണ്ടത്. ഇതോടൊപ്പം ബാങ്ക് വിവരങ്ങളും കൃഷി സംബന്ധിച്ച് വിവരങ്ങളും നൽകണം. എല്ലാ വിവരങ്ങളും ഉറപ്പുവരുത്തിയശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

പി.എം. കിസാൻ യോജന

2018 ഡിസംബർ ഒന്നിനാണ് രാജ്യത്തെ കർഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പദ്ധതി അവതരിപ്പിച്ചത്. 100 ശതമാനം വിഹിതവും കേന്ദ്ര സർക്കാർ തന്നെയാണു നൽകുന്നത്. നിലവിൽ 2000 രൂപയുടെ മൂന്നു ഗഡുക്കളായി 6000 രൂപയാണ് നൽകുന്നത്. ചെറുകിട കർഷകർ മുതൽ അഞ്ച് ഏക്കർ വരെ കൃഷി ഭൂമിയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ഒരു കുടുംബത്തിലെ ഒരു വ്യക്തിക്കു മാത്രമേ പദ്ധതിയിൽ അംഗമാകാനാകു. പദ്ധതി നിബന്ധകൾ അനുസരിച്ച് സംസ്ഥാന സർക്കാരുകളാകും ഗുണഭോക്താക്കളെ കണ്ടെത്തുക. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും.

രണ്ടു ശതമാനം പലിശയിൽ വായ്പ

കിസാൻ ക്രെഡിറ്റ് യോജനയുടെ പ്രധാന ആകർഷണമാണ് കിസാൻ ക്രെഡിറ്റ് കാർഡ്. ഇത്തരം ഉപയോക്താക്കൾക്കു രാജ്യത്തെ വിവിധ പൊതുമേഖലാ സ്വകാര്യമേഖലാ ബാങ്കുകൾ നിരവധി വായ്പകളാണ് മുന്നോട്ടുവയ്ക്കുന്നത്. എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക് എന്നിവരാണ് കിസാൻ ക്രെഡിറ്റ് കാർഡിൽ വായ്പ നൽകുന്ന മേഖലയിലെ പ്രമുഖർ. ഈടില്ലാതെ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. മൂന്നു മുതൽ അഞ്ചുലക്ഷം വരെയുള്ള ഹ്രസ്വകാല വായ്പകൾക്കു നാലു ശതമാനമാണ് പലിശ. കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി രണ്ടു ശതമാനം വാർഷിക പലിശയിൽ വരെ ബാങ്കുകൾ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ കൂടാതെ തിരിച്ചടവുകൾ കൃത്യമായ കർഷകർക്ക് പലിശനിരക്കിലും ഗഡുക്കളിലും ബാങ്കുകൾ ഇളവുകൾ അനുവദിക്കും.

0 comments: