2021, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

പ്ലസ് വൺ പ്രവേശനം:ഉപരിപഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും: മന്ത്രി വി. ശിവൻകുട്ടി

                                         


പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരം ലഭിക്കും. അധിക സീറ്റുകളുള്ള ജില്ലകളിൽ നിന്ന് കുറവ് സീറ്റുള്ള ജില്ലകളിലേക്ക് സീറ്റ് മാറ്റി നൽകും. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താനാണ് ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ച ഭക്ഷണമടക്കം സ്കൂളുകളിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഒഴിവാക്കും. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക.

നിർദേശങ്ങളിൽ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട്ട് തയാറാക്കാൻ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകി. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം ചേരും.

അതേസമയം, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിനായി നിർദേശം നല്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും സുപ്രിം കോടതി നിർദേശിച്ചു.തീരുമാനങ്ങളെടുക്കുമ്ബോൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്ബോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്ബോൾ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കോടതി കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് ചോദിച്ചു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിർദേശം. സ്കൂൾ തുറക്കുന്നതിൽ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.



0 comments: