2021, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

നവംബർ മുതൽ സ്കൂളിൽ വെള്ളം കുടിക്കാനും ബെല്ല് മുഴങ്ങും ,വെള്ളം കുടിക്കുന്ന ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം

                                           


കുട്ടികൾ ശരിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് വാട്ടർ ബെൽ മുഴങ്ങുന്നത്. ആവശ്യത്തിനു വെള്ളം കുടിക്കാത്തതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും ഒഴിവാക്കാനാണ് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിപ്പിക്കുന്നത്.

കുട്ടികൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചാലാട് സ്വദേശി ഡോ.സി.പി. ഫൈസൽ വിദ്യാഭ്യാസ വകുപ്പിനയച്ച കത്താണ് പദ്ധതിക്ക് ആധാരം. വൃക്കസംബന്ധമായ രോഗങ്ങളെയും അണുബാധയെയും അകറ്റിനിറുത്താൻ കുട്ടികൾ ധാരാളം വെള്ളം കുടിക്കണമെന്നാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കുട്ടികളുടെ ദന്തരോഗവിഭാഗം പ്രൊഫസറായ ഡോ.ഫൈസൽ കത്തിൽ വിശദീകരിച്ചത്.

സ്കൂൾ തുറക്കുമ്ബോൾ ജലമണി സമ്ബ്രദായം നടപ്പാക്കുമെന്നറിയിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ കത്ത് കഴിഞ്ഞ 13 ന് ഫൈസലിന് കിട്ടി. വീട്ടിലും സമയക്രമം പാലിച്ച് വെള്ളം കുടിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർണാടകയിലും ഒഡീഷയിലും ഇത് നടപ്പാക്കിയിട്ടുണ്ട്.

പകൽ 11, 2, 3.30 എന്നീ സമയങ്ങളിൽ മണി മുഴങ്ങുമ്ബോൾ കുട്ടികൾ 150 മില്ലിലിറ്ററിനും 250 മില്ലിലിറ്ററിനുമിടയിൽ വെള്ളം കുടിക്കണം. സ്കൂൾ അധികൃതർ ഇക്കാര്യം നിരീക്ഷിക്കണം.കുന്നരു എ.യു.പി സ്കൂളിലെ ഒന്നാം ക്ലാസിൽ ഓൺലൈനിലൂടെ ജലമണി പദ്ധതി നടപ്പിലാക്കി. രാവിലെ 8 മുതൽ 9 വരെയുള്ള ഒരു മണിക്കൂർ ക്ലാസ് ആരംഭിക്കുന്നത് ജലമണി പദ്ധതിയിലൂടെയാണ്. പ്രഭാത ഭക്ഷണത്തിന് മുൻപായി കുട്ടികൾ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്ന ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും വേണം. പിന്നീട് ഓരോ മണിക്കൂർ ഇടവിട്ടും വെള്ളം കുടിക്കണം. മറ്റ് ക്ലാസുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും.

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ കുട്ടികളിൽ പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. വൃക്കസംബന്ധമായ രോഗങ്ങളെയും അണുബാധയെയും അകറ്റിനിറുത്താൻ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.



0 comments: