കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനം ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍ പറഞ്ഞു .
പാവപ്പെട്ട കുട്ടികള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ പറയുന്ന പണത്തിന് പഠിക്കേണ്ട സാഹചര്യത്തിലാണ് .
കേരളം ഇപ്പോള്‍ നേരിടുന്നത് 1998 ലെതിന് സമാനമായ പ്ലസ് വണ്‍ അഴിമതിയാണ് . മെറിറ്റിനെ അട്ടിമറിച്ചുകൊണ്ടുള്ള പ്ലസ് വണ്‍ പ്രവേശനമാണ് കേരളത്തില്‍ നടക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി . ഇത്തവണ ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ലാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച മുഴുവന്‍ വിഷയത്തിനും എ-പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടി കൂടി .
ഇതിന് കാരണം ഗ്രേഡ് നിര്‍ണയത്തിലെ അശാസ്ത്രീയതയാണ് . കേരളത്തില്‍ സയന്‍സ് ഗ്രൂപ്പുകള്‍ക്കായി അപേക്ഷിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തോളമാണ്. സര്‍ക്കാര്‍ സീറ്റുകള്‍ വളരെ കുറവാണ് . മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പഠിക്കും എവിടെ പഠിക്കുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകണം . ഇഷ്ടവിഷയം കിട്ടാത്ത സാഹചര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് സംസ്ഥാനത്തെ പ്രതിഭാധനരായ വിദ്യാർത്ഥികൾ . ഇത് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ഗുരുതരമായി ബാധിക്കും.
ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് നേട്ടമുണ്ടാക്കലാണ് . മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുറവായതിനാല്‍ ഈ വര്‍ഷത്തോടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സീറ്റുകള്‍ 1, 16,000 മാത്രമാണ്. അപേക്ഷകരുടെ എണ്ണം പരിശോധിച്ച് അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കണം. സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു .
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഉള്‍പ്പെടെ മറ്റു പല സംസ്ഥാനങ്ങളും എസ്.എസ്.എല്‍.സി.പരീക്ഷ കോവിഡ് കാലത്ത് ഒഴിവാക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിന് നിരന്തര മൂല്ല്യ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കുകയാണ് അവര്‍ ചെയ്തത്. തങ്ങളുടെ ഭരണകാലത്ത് വലിയ വിജയശതമാനവും കൂടുതല്‍ എ പ്ലസ് വിജയവുമുണ്ടായി എന്ന് വരുത്താന്‍ സ്വീകരിക്കുന്ന അപക്വമായ നടപടികള്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമന്ത്രി വെറും ഡമ്മിയാണെന്നും മുഖ്യമന്ത്രിയാണ് കാര്യങ്ങള്‍ എല്ലാ ചെയ്യുന്നതെന്നും സുധീര്‍ വ്യക്തമാക്കി .
0 comments: