2021, ഡിസംബർ 9, വ്യാഴാഴ്‌ച

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾവഴിയുള്ള ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും നാളെമുതൽ

    
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾവഴിയുള്ള ഓൺലൈൻ വിൽപ്പനയ്ക്കുംഹോം ഡെലിവറിക്കും ശനിയാഴ്ച തുടക്കമാകും. ഓൺലൈൻ വിൽപ്പനയുടെസംസ്ഥാന ഉദ്ഘാടനം ശനി പകൽ 12ന് തൃശൂർ അയ്യന്തോൾ സിവിൽ സ്‌റ്റേഷനുസമീപമുള്ള പ്ലാനിങ്‌ ഹാളിൽ റവന്യുമന്ത്രി കെ രാജൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. മേയർ എം കെ വർഗീസ് ആദ്യ ഓർഡർ സ്വീകരിക്കും.

തൃശൂരിലെ മൂന്ന് വിൽപ്പനശാലകളിലാണ് ആദ്യഘട്ടം ഹോം ഡെലിവറി ആരംഭിക്കുക. രണ്ടാംഘട്ടം ജനുവരി ഒന്നിന്‌ എല്ലാ കോർപറേഷനുകളിലും മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാലാംഘട്ടം മാർച്ച് 31ന് എല്ലാ സൂപ്പർ മാർക്കറ്റുകളിലും ആരംഭിക്കും. ഉൽപ്പന്നങ്ങൾ സപ്ലൈകേരള എന്ന മൊബൈൽ ആപ്പിലൂടെ ഓർഡർ ചെയ്യാം. ശനിമുതൽ ആപ്‌ പ്ലേസ്റ്റോറിൽ ലഭ്യമാകും. ആദ്യ മൂന്നുഘട്ടങ്ങളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഒഴികെയുള്ള നിത്യോപയോഗസാധനങ്ങൾ ഓർഡർ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കും. മിൽമ, ഹോർട്ടികോർപ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉൽപ്പന്നങ്ങളും സപ്ലൈകോ ഓൺലൈനിലൂടെ വിതരണം ചെയ്യാൻ പദ്ധതിയുണ്ട്.

ഈ സാമ്പത്തികവർഷം അവസാനംവരെ ഓൺലൈനിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക്‌ ബില്ലിൽ അഞ്ചുശതമാനം ഇളവ് നൽകും. 1000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചുശതമാനം കിഴിവും ഒരുകിലോ ചക്കി ഫ്രഷ് ഹോൾവീറ്റ് ആട്ടയും നൽകും. 2000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചുശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില, 5000 രൂപയ്ക്കുമുകളിലെ ബില്ലിന് അഞ്ചുശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരുലിറ്റർ പൗച്ച് എന്നിവ നൽകും. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറിയും ഉണ്ടാകും. നാലു കിലോമീറ്റർ പരിധിയിൽ അഞ്ചുകിലോ ഓർഡർ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. അധികം ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണനിരക്ക് കൂടും.

0 comments: