2022, ജനുവരി 16, ഞായറാഴ്‌ച

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് രോഗബാധയ്ക്ക് അതിതീവ്ര വ്യാപന സാധ്യത; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

 


മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് രോഗബാധയ്ക്ക് അതിതീവ്ര വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്താണു രോഗവ്യാപനം കൂടുതലായുള്ളതെന്ന് മന്ത്രി പറഞ്ഞു.. വിവിധ ജില്ലകളിലായി 78 ക്ലസ്റ്ററുകൾ സജീവമാണ്. ഇതിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ ആണെന്ന് വീണാ ജോർജ് വ്യക്തമാക്കി.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലും സ്‌കൂളുകൾ ഉടൻ അടയ്ക്കില്ല. ജനുവരി 21 ന് സ്‌കൂളുകൾ അടയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. വ്യാപനം അതിരൂക്ഷമായതിനാൽ സ്‌കൂളുകൾ അടയ്ക്കാത്തത് സ്ഥിതി വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം ഒമിക്രോണിൽ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് വരുന്നവർക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡൽറ്റ വകഭേദത്തിൽ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോൾ അത് ഉണ്ടാകുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തിൽ സ്വയം എത്തരുതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരിൽ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.


0 comments: