2022, ജനുവരി 16, ഞായറാഴ്‌ച

കോവിഡ് നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകം; കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

 


കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതചടങ്ങുകൾക്കും ബാധകമാക്കി. ടിപിആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്ക് മാത്രമായിരിക്കും അനുമതി.

സംസ്ഥാനത്തെ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈനായിട്ടാകും പ്രവർത്തിക്കുക. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറത്തിറക്കി. ഒഴിവാക്കാനാവാത്ത കേസുകളിൽ മാത്രം നേരിട്ടു വാദം കേൾക്കും. കോടതി മുറിയിൽ 15 പേർക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂ. കോടതികളിൽ പൊതുജനങ്ങളും ജീവനക്കാരും വരുന്നതും നിയന്ത്രിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെയാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സ്‌കൂളുകൾ ജനുവരി 21 മുതല്‍ വീണ്ടും അടച്ചിടാന്‍ തീരുമാനമെടുത്തിരുന്നു. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. കൂടാതെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി നടത്താനും സര്‍ക്കാര്‍ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്കു വര്‍ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനം ആയിരുന്നു.

ടിപിആര്‍ 20നു മുകളിലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തും. വിവാഹ, മരണാനന്തര ചടങ്ങുകളിലും 50 പേര്‍ക്കു മാത്രമേ അനുവാദമുണ്ടാകൂ. ടിപിആര്‍ 30നു മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല. മാളുകളില്‍ 25 ചതുരശ്ര അടിയ്ക്ക് ഒരാളെന്ന നിലയിൽ പ്രവേശനം നിയന്ത്രിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

0 comments: