2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

ദിവസവും പാരസറ്റമോള്‍ കഴിക്കുന്നത് ബിപി കൂട്ടും; ഹൃദയാഘാതത്തിനും സാധ്യത കൂടുതല്‍: പഠനം

 ചെറിയൊരു പനി വന്നാല്‍ പാരസറ്റമോള്‍ (paracetamol ) കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച്‌ ഈ കോവിഡ് കാലത്ത്.അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നതു പോലെ പാരസറ്റമോള്‍ അധികമായാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ദിവസേന പാരസറ്റമോള്‍ കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. സ്ട്രോക്ക്, ഹൃദയാഘാത സാധ്യതയുള്ള രോഗികള്‍ക്ക് പാരസറ്റമോള്‍ നിര്‍ദേശിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 110 രോഗികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു ദിവസം നാല് നേരം ഒരു ഗ്രാം പാരസറ്റമോള്‍ വീതം നല്‍കിയായിരുന്നു പഠനം. നാല് ദിവസത്തിനുള്ളില്‍, പാരസെറ്റമോള്‍ ഉപയോഗിച്ച ഗ്രൂപ്പില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിച്ചു, ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.യുകെയില്‍ പത്തില്‍ ഒരാള്‍ക്ക് വീതം ദിവസവും പാരസറ്റമോള്‍ നിര്‍ദേശിക്കുന്നുണ്ട്. ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാല്‍ മൂന്ന് മുതിര്‍ന്ന ആളുകളില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നതാണ്.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഇബുപ്രോഫെന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ രോഗികളെ ഉപദേശിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പാരസെറ്റമോള്‍ സുരക്ഷിതമായ ബദലാണെന്ന് തങ്ങള്‍ കരുതിയിരുന്നതായി എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ തെറാപ്പിറ്റിക്സ് ആന്‍ഡ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി ചെയര്‍ പ്രൊഫസര്‍ ഡേവിഡ് വെബ്ബ് പറയുന്നു. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗികളില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.പാരസറ്റമോള്‍ കഴിക്കുന്ന രോഗികള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രത്യേകം മരുന്ന് കഴിക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

0 comments: