2022, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മടിയന്‍മാരായ അധ്യാപകരെ കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പ്; പാഠഭാഗം തീര്‍ക്കാത്തവരുടെ പേരുകള്‍ ശേഖരിക്കുന്നു

 സംസ്ഥാനത്ത് പ്ലസ് ടു ക്ലാസുകളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.60 ശതമാനത്തില്‍ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ അനൗദ്യോഗിക വിവര ശേഖരണമാണ് നടക്കുക. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒരു റിജിയണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത അധ്യാപകരുടെ വിവരം തരണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മറ്റ് റിജിയണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍മാരും ഇതേ മാര്‍ഗം വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും പാഠഭാഗങ്ങള്‍ 60 ശതമാനത്തോളമേ പഠിപ്പിച്ചു തീര്‍ത്തിട്ടുള്ളൂ. എന്നാല്‍ വിവര ശേഖരണം നടത്തിയപ്പോള്‍ അധ്യാപകര്‍ നടപടി ഭയന്ന് 70 മുതല്‍ മേലോട്ടാണ് എഴുതിക്കൊടുത്തത്. ജൂൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നപ്പോള്‍ മുതല്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളും ചേര്‍ത്താണ് സര്‍ക്കാര്‍ പാഠംഭാഗം തീര്‍ത്തതിന്റെ കണക്കെടുക്കുന്നത്. പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിക്കാത്തത് വിമര്‍ശനം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ അനുമാനം. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത്

0 comments: